‘കാശ് തരാവോ അമ്മീ... ദീപ ടീച്ചർ പോകാതിരിക്കാൻ പ്രാർത്ഥിക്കാനാണ്’; ഹൃദ്യം ഈ കുറിപ്പ്  ,  deepa teacher, student, emotional story, by Jitha Hemanth, viral photos, Social media  viral photos, Social media, viral, Manorama Online

‘കാശ് തരാവോ അമ്മീ... ദീപ ടീച്ചർ പോകാതിരിക്കാൻ പ്രാർത്ഥിക്കാനാണ്’; ഹൃദ്യം ഈ കുറിപ്പ്

‘കാശ് തരാവോ അമ്മീ... ദീപ മാം പോകാതിരിക്കാൻ കാണിക്കയിട്ടു പ്രാർത്ഥിക്കാനാണ്’... തന്റെ പ്രിയപ്പെട്ട അധ്യാപിക സ്കൂളിൽ നിന്നും പോകുന്നതറിഞ്ഞ് ഹരിദത്ത് എന്ന കുട്ടി അമ്മയോട് പറഞ്ഞതാണിത്. സ്കൂളില്‍ നിന്നും പിരിഞ്ഞുപോകുന്ന തന്റെ മലയാളം അധ്യാപികയ്ക്ക് നല്ലൊരു സമ്മാനവും നൽകാൻ ഈ പ്രിയ ശിഷ്യൻ മറന്നില്ല. ചില അധ്യാപകർ അങ്ങനെയാണ് തന്റെ അധ്യാപന രീതിയും സ്നേഹപൂർണമായ പെരുമാറ്റവും കൊണ്ട് കുട്ടികളുടെ മനസിൽ അവർ ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കും. ഹരിദത്തിന്റെ അമ്മയാണ് മകന്റെ സങ്കടത്തിന്റെ കഥ പറയുന്നത്. ആ അമ്മയുടെ വാക്കുകൾ 'ദീപ ടീച്ചറേ ...എത്ര ഭാഗ്യവതി ആണ് ടീച്ചർ..എന്റെ മോൻ ഉൾപ്പെടെ എത്രയോ കുട്ടികളുടെ മനസ്സിലാണ് ടീച്ചർ ഇങ്ങനെ സ്നേഹമായി നിറഞ്ഞു നിൽക്കുന്നത്.'

ഹരിദത്തിന്റെ അമ്മയുടെ കുറിപ്പ്
കുറച്ചു നാളുകൾക്കു മുൻപ് എന്റെ മോൻ എന്നോടവശ്യപ്പെട്ട കാര്യമാ.... ..ദീപ ടീച്ചർ..മോന്റെ മലയാളം ടീച്ചർ ആണ്...ടീച്ചറോട് വല്യ ഇഷ്ടമാണ്...അതാണീ ആവശ്യവും പ്രാർഥനയും...

അങ്ങനെ ഞങ്ങള് രണ്ടു പേരും മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു...ഒന്നു രണ്ടു ആഴ്ചക്കു മുന്നേ ഒരു ദിവസം എന്നോട് വന്നു പറഞ്ഞു...ദീപ മാം പോകുവാ അമ്മീ...നമ്മുടെ പ്രാർഥന ഒക്കെ വെറുതെ ആയല്ലോന്നു... ശരിക്കും സങ്കടം ആരുന്നു..മോന്....അന്നെന്നോട് പറഞ്ഞു എനിക്ക് ദീപ മാമിനെ പടം വരച്ചു കൊടുക്കണം എന്നു...ആയിക്കോട്ടെ...exam കഴിഞ്ഞാൽ വരച്ചു കൊടുത്തോ...ന്നും പറഞ്ഞു..മലയാളം exam കഴിഞ്ഞു വന്നിരുന്നു..ഒറ്റയിരുപ്പിൽ വരച്ചു തീർത്തു..പത്തു മിനിറ്റ് കൊണ്ട് കാർഡും റെഡി...സാധാരണ അങ്ങനെ കുത്തിയിരുന്നു ഒന്നും ചെയ്യുന്ന ആളല്ല അവൻ..അവന്റെ ഇരുപ്പും ചെയ്തും കണ്ടപ്പോൾ എനിക്ക് മനസ്സിലായി ദീപ ടീച്ചർ അവനു എത്രത്തോളം പ്രിയങ്കരി ആണെന്ന്...


അഞ്ചാം ക്ലാസ് വരെ ഹിന്ദി ഹമാര രാഷ്ട്രഭാഷ ആരുന്നു....ആറിൽ എത്തിയപ്പോളാണ് നമുക്ക് പറ്റിയത് മാതൃഭാഷ ആണെന്ന് തോന്നൽ ശക്തമായത്...അങ്ങനെ ചില്ലക്ഷരങ്ങളോടും കൂട്ടക്ഷരങ്ങളോടും യാതൊരു സൗഹൃദവും ഇല്ലാതെ സ്വരക്ഷരങ്ങളും വ്യഞ്ചനാക്ഷരങ്ങളും മാത്രം കൈമുതലാക്കിയ എന്റെ മോനെ ഞാൻ ദീപ ടീച്ചറിനെ ഏൽപ്പിക്കുന്നത്..അവിടുന്നിങ്ങോട്ടു ഇന്ന് വരെ...മലയാളത്തിന് ഫുൾ മാർക്കുമായി എന്റെ മോൻ നിക്കുമ്പോൾ.... ഇതിന്റെയെല്ലാം ക്രെഡിറ്റ് വേറെ ആർക്കു കൊടുക്കാനാണ്??? എപ്പോൾ പഠിക്കാൻ പറഞ്ഞാലും മലയാളം പഠിക്കാൻ വല്യ ഇഷ്ടം...ആദ്യം എടുക്കുന്നതും മലയാളം ബുക് ആണ്..ഓരോ വാക്കും വായിക്കുന്നതിനു ഇടയിൽ ഓരോ കഥ എന്നോട് പറയും...ദീപ ടീച്ചർ ക്ലാസ്സിൽ പറഞ്ഞു കൊടുത്തതാണ് പോലും...അല്ലേലും കഥകൾ പണ്ടേ അവനു ഇഷ്ടമാ...
അങ്ങനെ പടം വരേം കഴിഞ്ഞു...കാർഡും റെഡി ആക്കി..ഇനീപ്പോ ടീച്ചർക്ക് കൊടുത്താൽ മതി...ഇതെല്ലാം കണ്ടു അല്പസ്വല്പം കുശുമ്പ് പിടിച്ചിരിക്കുവാരുന്നു ഞാൻ...(ഞാനും ഒരു ടീച്ചർ ആണേ...)എനിക്ക് എന്നാണാവോ ഇങ്ങനെയൊന്നു കിട്ടുക എന്നു ചിന്തിച്ചു അന്തം വിട്ടിരുന്ന എന്നോട്..

അമ്മീ...എപ്പോളും ചിരിച്ചു നല്ല സ്നേഹത്തോടെ കുട്ടികളെ പഠിപ്പിക്കണം എപ്പോളും. ...അമ്മിക്കും കിട്ടും..ന്നു..എന്റെ മനസ്സ് വായിച്ചപോലെ മോന്റെ മറുപടി...കിട്ടും...കിട്ടുമായിരിക്കും..എപ്പോൾ എങ്കിലും... ല്ലേ... അവാർഡുകളോ..പ്രശംസാപത്രങ്ങളോ മൊമെന്റോകളോ ഒന്നുമല്ല ഒരു അധ്യാപകനെ /അധ്യാപികയെ മികച്ചതാക്കുന്നത്..അവര് പഠിപ്പിച്ച കുട്ടികളുടെ മനസ്സിൽ സ്നേഹത്തോടെ ഇങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ ആണ്..ബ്ലൂമിന്റെ taxonomy അരച്ചുകലക്കി കുടിച്ചത് കൊണ്ടോ...ഗംഭീര powerpoint പ്രെസെന്റഷൻസ് നടത്തിയത് കൊണ്ടോ..ഒന്നും ആരും മികച്ച അധ്യാപകരാവാൻ പോകുന്നില്ല...അതിനു വേണ്ടത് സ്നേഹം മാത്രമാണ്. ....ഒരു കുട്ടിയെ അവനായി കണ്ടു അറിഞ്ഞു സ്നേഹിക്കണം.. ...ദീപ ടീച്ചറേ ...എത്ര ഭാഗ്യവതി ആണ് ടീച്ചർ...എന്റെ മോൻ ഉൾപ്പെടെ എത്രയോ കുട്ടികളുടെ മനസ്സിലാണ് ടീച്ചർ ഇങ്ങനെ സ്നേഹമായി നിറഞ്ഞു നിൽക്കുന്നത്...