ഡ്രോണുപയോഗിച്ച് പറക്കുന്ന ബാഗ്; ഡിസൈൻ ചെയ്യാം ഭാവി!,  Hai kids, design the future, challenge, Manorama Online

ഡ്രോണുപയോഗിച്ച് പറക്കുന്ന ബാഗ്; ഡിസൈൻ ചെയ്യാം ഭാവി!

അഹമ്മദാബാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ പ്രോഡക്ട് ഡിസൈനിങ് വിദ്യാർഥി എവ്‍ലി‍ൻ എഡിസൻ കൂട്ടുകാർക്ക് നൽകുന്ന ചാലഞ്ച്!

കൂട്ടുകാരെ,നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ കുറെ വർഷങ്ങൾ കഴിഞ്ഞാൽ എങ്ങനെയുണ്ടാകുമെന്നു ആലോചിച്ചിട്ടുണ്ടോ?. അവയുടെ രൂപവും ഉപയോഗവുമൊക്കെ മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സാധാരണ ഉപയോഗിക്കുന്ന സ്കൂൾ ബാഗ്, ഷൂ, കയ്യിൽ കെട്ടുന്ന സ്മാർട് ബാൻഡ് എന്നിവയുടെ രൂപം 20 വർഷം കഴിഞ്ഞാൽ എങ്ങനെയാകും?. 20 വർഷത്തിനു ശേഷമുള്ള ഒരു സ്കൂൾ ബാഗിന്റെ ആശയമാണ് ഞാൻ ഇതോടൊപ്പം വരച്ചിരിക്കുന്നത്. ചെറിയൊരു ഡ്രോണുപയോഗിച്ച് പറക്കുന്ന ബാഗ് ആണിത്. ഈ ബാഗ് തോളിൽ തൂക്കണമെന്നു നിർബന്ധമില്ല. പറ‍ത്തിവിട്ടാൽ സ്കൂളിൽ എത്തിക്കോളും!

ബാഗിനുള്ളിൽനിന്നു പുറത്തേക്കു വരുന്ന ചിറകുകളുടെ കറക്കം കാരണമാണ് അതു പറക്കുന്നത്. നമ്മൾ നടക്കുമ്പോൾ ബാഗും നമ്മോടൊപ്പം പറന്നുവരും. എന്തൊരു സൗകര്യമാണെന്ന് ആലോചിച്ചു നോക്കൂ. ഇത് എന്റെ മനസ്സിൽ തോന്നിയ ആശയമാണ്. ഇതുപോലെ നിങ്ങൾക്കുമുണ്ടാകും ആശയങ്ങൾ. ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളും 20 വർഷം കഴിഞ്ഞാൽ എങ്ങനെയുണ്ടാകുമെന്ന് ഭാവന ചെയ്തു നോക്കാമോ? സാധനം എന്തുമാകാം, ടിവി, ഫോൺ, പേന, ചോറ്റുപാത്രം, വാച്ച് , ചെരുപ്പ് അങ്ങനെ എന്തും!

എത്ര വിചിത്രമായ ആശയമാണെങ്കിലും ധൈര്യമായി വരച്ചു നോക്കൂ. വരയ്ക്കാൻ അറിയില്ലെന്നു കരുതി മാറി നിൽക്കരുത്. വരയുടെ ഭംഗിയല്ല ആശയമാണ് പ്രധാനം. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും ഒരു കൈ നോക്കാം കേട്ടോ! വീട്ടിലുള്ള എല്ലാവരും കൂടി ആലോചിച്ചു വേണമെങ്കിലും വരയ്ക്കാം.