>പത്തു വയസ്സുകാരി സൈക്കിൾ താണ്ടിയത് 100 കിലോമീറ്റർ; അറിയാം ഈ കൊച്ചു മിടുക്കിയെ, Devamitra, Cyclist, Roller Skating, Manorama Online

പത്തു വയസ്സുകാരി സൈക്കിളിൽ താണ്ടിയത് 100 കിലോമീറ്റർ; അറിയാം ഈ കൊച്ചു മിടുക്കിയെ

നിധി

വെറും ആറു മാസം മുൻപാണ് ദേവമിത്ര സൈക്കിളിനോട് കൂട്ടുകൂടാൻ തുടങ്ങിയത്. എന്നാൽ ഈ പത്ത് വയസ്സുകാരിയ്ക്ക് സൈക്ലിങ് ഇപ്പോൾ ഹരമാണ്. ഈ പ്രായത്തിലുള്ള കുട്ടികൾ സൈക്കിളിൽ എവിയെയൊക്കെ പോകുമായിരിക്കും? സ്കൂളിലും ട്യൂഷനും കൂടിവന്നാൽ അടുത്തുള്ള കടയിൽ വരെ പോകുമായിരിക്കും അല്ലേ? കൊച്ചുകുട്ടികളെ മെയിൽ റോഡിലൂടെ സൈക്കിളിൽ യാത്ര ചെയ്യാൻ അനുവദിക്കാൻ മാതാപിതാക്കളും ഒന്നു മടിക്കും. എന്നാൽ ദേവമിത്ര എന്ന ഈ കൊച്ചു മിടുക്കി ഇവിടെ വ്യത്യസ്തയാകുകയാണ്.

സൈക്കിൾ‌ ചവിട്ടി ശ്രദ്ധനേടുകയാണ് കോട്ടയം പുതുപ്പള്ളിയിൽ നിന്നുള്ള ദേവമിത്ര. ഒറ്റ ദിവസം കൊണ്ട് കോട്ടയത്തുനിന്നും ചങ്ങനാശ്ശേരി വഴി ആലപ്പുഴയിലെത്തി കുമരകം വഴി തിരിച്ച് കോട്ടയത്ത് തിരികെയെത്തി ദേവമിത്ര. കഴിഞ്ഞ പതിനേഴാം തിയതിയാണ് ഈ മിടുക്കി 100 കിലോമീറ്റർ സൈക്കിൾ യാത്ര പൂർത്തിയാക്കിയത്. രാവിലെ 4.30 ന് കോട്ടയത്തെ ദേവലോകത്തു നിന്നും ആരംഭിച്ച സൈക്ലിങ് 12.30ന് പൂർത്തിയായി. അച്ഛൻ പ്രമോദിനൊപ്പമാണ് ദേവമിത്ര ഈ സൈക്കിൾ യഞ്ജം പൂർത്തിയാക്കിയത്.
കോട്ടയത്തു നിന്നും ചങ്ങനാശ്ശേരി വഴി കുട്ടനാടിന്റെ ഭംഗി ആസ്വദിച്ച് നേരെ ആലപ്പുഴ ബീച്ചിലെത്തി. അവിടെ നിന്നും മുഹമ്മ, തണ്ണീർമുക്കം– കുമരകം വഴി തിരികെ കോട്ടയത്തെത്തിയപ്പോൾ 100 കിലോമീറ്റർ ആണ് ഈ കൊച്ചുമിടുക്കി ഒറ്റ ദിവസം കൊണ്ട് സൈക്കിളിൽ പൂർത്തിയാക്കിയത്.

അച്ഛൻ പ്രമോദും ഒരു നല്ല സൈക്ലിസ്റ്റാണ്. വർഷങ്ങളായി സൈക്ലിങ് ഒരു ശീലമാക്കിയ അച്ഛനിൽ നിന്നാണ് ദേവമിത്രയ്ക്കും ഈ ഇഷ്ടം പകർന്നു കിട്ടിയിരിക്കുന്നത്. ഏറ്റവും നല്ലൊരു വ്യായാമ മാർഗമാണ് ഇതെന്ന് ഈ അച്ഛനും മകളും ഒരുപോലെ പറയുന്നു. പ്രായഭേദമെന്യേ പരിശീലിക്കാവുന്ന ഒന്നാണിതെന്ന് ദേവമിത്ര തെളിയിച്ചിരിക്കുകയാണ്.
കോട്ടയം ലൂർദ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ദേവമിത്ര. സൈക്ലിങ് കൂടാതെ നല്ലൊരു റോളർസ്കേറ്റർ കൂടെയാണ് ഈ മിടുക്കി. ഏഴാം വയസ്സിൽ തുടങ്ങിയ റോളർസ്കേറ്റിങ് ഇഷ്ടം ഇപ്പോഴും കൂട്ടിനുണ്ട്. കോട്ടയം സ്വദേശികളായ പ്രമോദ് മടപ്പള്ളി തറയിലിന്റേയും സൗമ്യമോളുടേയും മകളാണ് ദേവമിത്ര. എൽ കെ ജി വിദ്യാർഥിനിയായ വേദമിത്രയാണ് അനിയത്തി.

Summary: Devamitra, Cyclist, Roller Skating