ചേർത്തു പിടിച്ച് അനുഗ്രഹിച്ചു, സ്നേഹത്തിന്റെ പ്രതീകമായി പാപ്പ; വിഡിയോ

ലോകത്തിന് കൗതുകമാവുകയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ വിഡിയോ. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലെത്തിയ ഒരു കുഞ്ഞാണ് ഇന്ന് ലോകത്തിന്‍റെ ഇഷ്ടം നേടുന്നത്. അമ്പരപ്പിക്കുന്ന പ്രവൃത്തിയിലൂടെ പലതവണ മാതൃകയായ മാർപ്പാപ്പ ഇത്തവണയും പതിവുതെറ്റിച്ചില്ല. സ്നേഹത്തിന്റെയും കരുതലിന്റെയും വേറിട്ട തലം കാഴ്ച വയ്ക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളോട് പ്രസംഗത്തിന് ശേഷം വേദിയിലെ കസേരയില്‍ ഇരിക്കവേയാണ് മാര്‍പാപ്പയുടെ മുന്നിലേക്ക് ഭിന്നശേഷിക്കാരനായ കുഞ്ഞ് ഓടിയെത്തിയത്. വേദിയിലേക്ക് എത്തിയ കുഞ്ഞ് ചിരിച്ചും ബഹളമുണ്ടാക്കിയും അവിടെയെല്ലാം ഓടിനടന്ന് കളിക്കാന്‍ തുടങ്ങി. വേദിയിലും സദസ്സിലും ഒരുപോലെ അമ്പരപ്പ്. ഇതുകണ്ട കുഞ്ഞിന്റെ അമ്മ വേദിയിലേക്ക് ഓടിയെത്തി. ആറുവയസ്സുകാരനായ തന്റെ മകന് സംസാരിക്കാനാകില്ലെന്നും പെരുമാറാന്‍ അല്‍പം വിഷമങ്ങളുണ്ടെന്നും അവര്‍ വിനയത്തോടെ മാര്‍പാപ്പയെ അറിയിച്ചു.

ഇൗ വികൃതി കുഞ്ഞ് തന്റെ നാട്ടുകാരനാണെന്ന് അറിഞ്ഞതോടെ മാർപ്പാപ്പയ്ക്കും ആവേശം. 'അര്‍ജന്റീനക്കാരനാണ്, അച്ചടക്കമുണ്ടാകില്ല...' എന്ന് തമാശ കലര്‍ത്തി തൊട്ടടുത്തുണ്ടായിരുന്ന ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വെയിനേട് പറഞ്ഞ് ചിരിച്ചു അദ്ദേഹം. കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് അനുഗ്രഹിച്ച ശേഷം യഥേഷ്ടം കളിക്കാന്‍ കുഞ്ഞിനെ അനുവദിക്കണമെന്ന് അമ്മയോട് പറഞ്ഞു. ചടങ്ങുകള്‍ തീരുന്നതുവരെ കുഞ്ഞിനെ ഇഷ്ടാനുസരണം കളിക്കാന്‍ അനുവദിച്ച പോപ്പ് തന്റെ പ്രസംഗത്തിലും കുഞ്ഞിനെ ഉള്‍പ്പെടുത്തി. സംസാരിക്കാനാകാത്ത കുഞ്ഞാണെങ്കിലും എങ്ങനെയാണ് ആശയവിനിമയം നടത്തേണ്ടതെന്ന് അറിയാമെന്ന് പോപ്പ് സൂചിപ്പിച്ചു. ഇൗ വിഡിയോ വൈറലാണ്.