നൊന്തുപ്രസവിച്ചാൽ തല്ലാനുള്ള അവകാശമില്ല, നന്നായി വളർത്താൻ വഴികളേറെ, Social Media post, Dr CJ John, Child abuse, Manorama Online

നൊന്തുപ്രസവിച്ചാൽ തല്ലാനുള്ള അവകാശമില്ല, നന്നായി വളർത്താൻ വഴികളേറെ ‍

കുട്ടികളോടുള്ള ക്രൂരതകൾ ഇപ്പോൾ കൂടിക്കൊണ്ടിരിക്കുകയാണ്. അവരുടെ രക്ഷകരാകേണ്ട മാതാപിതാക്കൾ തന്നെയാണ് മിക്ക കേസുകളിലും പ്രതിസ്ഥാനത്തുള്ളത്, പ്രത്യേകിച്ച് അമ്മമാർ. മാതാപിതാക്കളുടെ കോപം കുട്ടികളിലുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ മുറിവുകൾ ഭീകരമാകുന്നതാണ് നാം സമീപകാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്. കുട്ടികൾ അമ്മമാരിലൂടെ ജനിച്ചുവെന്നതും അമ്മമാർ നൊന്തു പ്രസവിച്ചുവെന്നതും വാസ്തവം പക്ഷെ അതുകൊണ്ട് അവരെ തല്ലാനും, കൊല്ലാനും, വാക്കുകൾ കൊണ്ട് തളർത്താനുമുള്ള അവകാശം കിട്ടുന്നില്ലെന്ന് മനോരോഗ വിദഗ്ദനായ ഡോ. സി.ജെ. ജോൺ പറയുന്നു.

സംസ്ഥാനത്തെ 11,72,433 കുടുംബങ്ങളിൽ കുട്ടികൾക്കു സുരക്ഷയില്ലെന്നും അവർക്കു നേരെ വിവിധ അതിക്രമങ്ങൾക്കു സാധ്യതയുണ്ടെന്നും സാമൂഹികനീതി വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തിയിരിക്കുകയാണ്. കുട്ടികൾക്കു നേരെ അതിക്രമങ്ങൾക്കു സാധ്യതയുള്ള ഏറ്റവുമധികം കുടുംബങ്ങൾ തിരുവനന്തപുരത്താണ്. രണ്ടാം സ്ഥാനത്ത് എറണാകുളം. അംഗനവാടി ജീവനക്കാർ വീടുതോറും നടത്തുന്ന വാർഷിക സർവേയുടെ ഭാഗമായാണു വിവരങ്ങൾ ശേഖരിച്ചത്.

ഡോ. സി.ജെ. ജോണിന്റെ കുറിപ്പ് വായിക്കാം
അമ്മമാർ തല്ലിയാലും കുട്ടിയ്ക്ക് മുറിവുകൾ ഉണ്ടാകും. കോപം കൂടുമ്പോൾ തല്ലിന്റെ ആക്കം കൂടും. മാരകമാവുകയും ചെയ്യും. തല്ലുകൾ മനസ്സിലുണ്ടാക്കുന്ന മുറിവുകളെല്ലാം പിന്നീടുള്ള തലോടലുകളിൽ കരിയണമെന്നില്ല. അമ്മയുടെ അധിക്ഷേപ വാക്കുകൾ കൊണ്ടും കുട്ടിയുടെ സ്വയം മതിപ്പും ആത്മ വിശ്വാസവും തകരാം. ഒരു പക്ഷെ മറ്റുള്ളവർ ചെയ്യുമ്പോഴുണ്ടാകുന്നതിലും അധികമാകാം അത്. ഭൂരിപക്ഷവും മാതൃ സ്നേഹം മൂലമായിരിക്കാം ഇങ്ങനെയൊക്കെ ചെയ്യുന്നത്. വ്യക്തിത്വ വൈകല്യവും, മാനസികാരോഗ്യ പ്രശ്നങ്ങളും, മറ്റ് സാമൂഹിക ദുരവസ്ഥകളും പീഡനത്തിന്റെ കാഠിന്യത്തിൽ സ്വാധീനം ചെലുത്താം. ഓരോ അച്ചടക്ക നടപടികളും, ശിക്ഷകളും കുരുന്നു മനസ്സിനെ എങ്ങനെ ബാധിക്കുമെന്ന വിശകലന ബുദ്ധി പ്രകടിപ്പിക്കുന്നതും മാതൃത്വത്തിന്റെ മികവിന്റെ ലക്ഷണമാണ്. അതില്ലാതെ പോകുന്നവർക്ക് നിയന്ത്രണം വിട്ടു പോകും. കുട്ടികൾ അമ്മമാരിലൂടെ ജനിച്ചുവെന്നത് സത്യം. നൊന്തു പ്രസവിച്ചുവെന്നതും വാസ്തവം പക്ഷെ അതുകൊണ്ട് അവരെ തല്ലാനും, കൊല്ലാനും, വാക്കുകൾ കൊണ്ട് തളർത്താനുമുള്ള അവകാശം കിട്ടുന്നില്ല. നന്നായി വളർത്താൻ വേറെ എത്രയോ വഴികൾ.
(സി .ജെ .ജോൺ)