ബാൻഡേജിൽ ‘നൈക്കി’യുടെ ചിഹ്നം വരച്ച് ഓടിയെത്തിയത് ഒന്നാമത്; പ്രചോദനം ഈ മിടുക്കി, Poornima Indrajith, post, Baby Vardhan, photo, Social Post, Viral, Kidsclub, Manorama Online

ബാൻഡേജിൽ ‘നൈക്കി’യുടെ ചിഹ്നം വരച്ച് ഓടിയെത്തിയത് ഒന്നാമത്; പ്രചോദനം ഈ മിടുക്കി

ഫിലിപ്പീൻസിൽ നിന്നുള്ള റിയ ബുല്ലോസ് എന്ന വിദ്യാർഥിനി ഇപ്പോൾ ആകെ ത്രില്ലിലാണ്. അടുത്തിടെ നടന്ന സ്കൂൾ മീറ്റിൽ മൂന്നിനങ്ങളിലാണ് ഈ മിടുക്കി സ്വർണം നേടിയത്. പക്ഷേ ഫിലിപ്പീൻസിലെ ഒരു സ്കൂൾ മീറ്റ് എങ്ങനെയാണ് ലോകം മുഴുവൻ വാർത്തയായത്? ഒരു ‘നൈക്കി’ ഷൂവാണ് പണിപറ്റിച്ചത്. ഡിസംബർ 9നു നടന്ന ഫിലിപ്പീന്‍സിലെ ഇലോയ്‌ലോ സ്കൂൾസ് സ്പോർട്സ് കൗണ്‍സിൽ മീറ്റിൽ റിയയും പങ്കെടുത്തിരുന്നു. ഒപ്പമോടുന്നവർക്കെല്ലാം കാലില്‍ ഉഗ്രൻ സ്പോർട്സ് ഷൂവുണ്ടായിരുന്നു. എന്നാൽ റിയയും രണ്ടു കൂട്ടുകാരികളും എന്തു ചെയ്തെന്നോ. പ്ലാസർ ബാൻഡേജെടുത്ത് കാലിൽ ഷൂ പോലെ ചുറ്റിക്കെട്ടി. എന്നിട്ട് അതിന്മേൽ നൈക്കി ഷൂവിന്റെ ചിഹ്നം വരച്ചു. നൈക്കിയെന്നു വശത്ത് എഴുതിയിടുകയും ചെയ്തു.

മത്സരം കഴിഞ്ഞപ്പോൾ ഈ പതിനൊന്നുകാരി മിടുക്കിക്ക് മൂന്നിനങ്ങളിൽ സ്വർണം– 400, 800, 1500 മീറ്റർ ഓട്ടത്തിലായിരുന്നു ഒന്നാം സമ്മാനം. ഏറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും തന്റെ വിദ്യാർഥിക്ക് ഒന്നാം സ്ഥാനമടിച്ചതിന്റെ സന്തോഷം പരിശീലകൻ പ്രെഡിറിക് വലൻസുവേല പ്രകടിപ്പിച്ചത് ഒരു ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു. റിയയുടെ ബാൻഡേജ് കൊണ്ടുള്ള ‘നൈക്കി’ ഷൂവിന്റെ ചിത്രവും അതോടൊപ്പമുണ്ടായിരുന്നു. വൈകാതെ തന്നെ പോസ്റ്റ് വൈറലായി. എല്ലാ കുട്ടികൾക്കും പ്രചോദനമാകുന്ന ചിത്രമെന്നു പറഞ്ഞ് ഒട്ടേറെ പേർ പോസ്റ്റ് ഷെയർ ചെയ്തു. റിയയ്ക്കു ഷൂ വാങ്ങിക്കൊടുക്കാൻ നൈക്കിയോട് അഭ്യർഥിച്ച് ക്യാംപെയ്ൻ വരെ പലരും ആരംഭിച്ചു. അതിനിടെ റിയയുടെ രണ്ടു കൂട്ടുകാരികളുടെ ബാൻഡേജ് ഷൂവിന്റെ ചിത്രങ്ങളും പുറത്തുവന്നു.

കുട്ടികൾ സമൂഹമാധ്യമത്തിലൂടെ പ്രശസ്തരായതോടെ ഷൂ വാഗ്ദാവുമായി ഒട്ടേറെ പേർ രംഗത്തു വരികയും ചെയ്തു. പോസ്റ്റ് കണ്ടതിനു പിന്നാലെ ആദ്യം മുന്നോട്ടു വന്നവരിലൊരാൾ ഫിലിപ്പീന്‍സിലെ പ്രശസ്ത ബാസ്കറ്റ് ബോൾ കോച്ച് ജെഫ് കാരിയാസോ ആയിരുന്നു. ടൈറ്റൻ 22 എന്ന പേരിൽ ഒരു സ്പോർട്സ് ഷോറൂമും ഉണ്ടായിരുന്നു അദ്ദേഹത്തിന്. റിയയുടെ കോച്ചിന്റെ സുഹൃത്ത് വഴി ഇദ്ദേഹം ആദ്യമേ തന്നെ ആവശ്യം വേണ്ട ഷൂവെല്ലാം എത്തിച്ചു കൊടുത്തു. അവിടെയും തീർന്നില്ല, പല പ്രാദേശിക സ്ഥാപനങ്ങളും റിയയ്ക്കും കൂട്ടുകാരിക്കൾക്കും ഷൂ മാത്രമല്ല സ്പോര്‍ട്സ് ബാഗും വസ്ത്രങ്ങളുമെല്ലാം എത്തിക്കുന്നത് തുടരുകയാണ്. മൈതാനത്ത് കൂടുതൽ കരുത്തോടെ തന്റെ വിദ്യാർഥികള്‍ക്ക് ഓടാൻ ഒരു ഫെയ്സ്ബുക് പോസ്റ്റ് സഹായിച്ചതിന്റെ സന്തോഷത്തിലാണിപ്പോൾ കോച്ച് പ്രെഡിറിക്.