'ഞാൻ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ അവൻ മരിക്കില്ലായിരുന്നു'; അച്ഛന്റെ കുറിപ്പ്
ജോലിത്തരക്കുമൂലം മകനെ ശ്രദ്ധിക്കാൻ സാധിക്കാതെ അവനെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വന്ന ഒരച്ഛന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ജോലിത്തിരക്കുമൂലം മക്കളെ താലോലിക്കാനും ശ്രദ്ധിക്കാനും സമയം തികയാത്ത എല്ലാ മാതാപിതാക്കൾക്കുമുള്ള മുന്നറിയിപ്പാണിത്. ബിസിനസുകാരനായ സ്റ്റോർമെന്റിന്റെ ഈ അനുഭവം ഓരാൾക്കും ഉണ്ടാകാതിരിക്കട്ടെ.
ബിസിനസ് തിരക്കുമൂലം അവധിയേ എടുക്കാറില്ലായിരുന്നു സ്റ്റോർമെന്റ്. ജോലിയും ജീവിതവും കൂടെ ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയായിരുന്നു. എട്ടു വയസ്സുകാരായ ഇരട്ട കുട്ടികളായിരുന്നു സ്റ്റോർമെന്റിനും ഭാര്യ ഡോ. ജെസിക്കയ്ക്കും. ഒരു ദിവസം രാവിലെ ജെസിക്ക കാണുന്നത് ഇരട്ടകളിലൊരാളായ വില്ലി ബെഡിൽ മരിച്ചു കിടക്കുന്നതാണ്. ചെറുപ്രായത്തിലേ തന്നെയുണ്ടായ ചുഴലിരോഗത്താലാണ് കുഞ്ഞിന് മരണം സംഭവിച്ചത്. അന്ന് പുലർച്ചെ ജോലിക്കു പോകുമുമ്പ് മകന്റെ കിടക്കയിൽ ചെന്ന് ഒന്ന് നോക്കിയിരുന്നെങ്കിൽ അവനെ ഒന്ന് പുണർന്നിരുന്നെങ്കിൽ ഇന്നും മകൻ ജീവിച്ചിരുന്നേനെയെന്ന് ആ അച്ഛൻ വേദനയോടെ കുറിക്കുന്നു.
സമയമില്ല എന്ന കാരണത്താൽ ഒരിക്കലും മക്കളെ അവഗണിക്കറുത്. മക്കളെ ഒന്നു കെട്ടിപ്പിടിക്കാം, അധികനേരം ജോലിചെയ്യുന്നത് ഒഴിവാക്കൂ എന്നാണ് അദ്ദേഹം സ്വന്തം അനുഭവത്തിൽ നിന്നും മറ്റ് രക്ഷിതാക്കളോട് പറയുന്നത്. സമയമില്ല എന്ന കാരണം പറഞ്ഞ് നിങ്ങൾ അവരെ അവഗണിച്ചാൽ പീന്നീട് ഒരുപാട് വേദനിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
വില്ലിയുടെ മരണശേഷം അമ്മ ജെസിക്ക സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെയാണ്. 'മക്കളുമൊത്ത് പറ്റാവുന്നത്ര സമയം ചെഴവഴിക്കുക, അവരെ നഷ്ടപ്പെട്ടതിന് ശേഷം വെറും ചിത്രങ്ങളും അവരുടെ സാധനങ്ങളും മാത്രമേ അവശേഷിക്കൂ, പിന്നീട് അവർക്കൊപ്പം പങ്കിടാൻ നിങ്ങൾക്കു സമയം ലഭിക്കില്ല. ആ സമയം വിലപ്പെട്ടതാണ് പാഴാക്കി കളയരുതേ. അവർക്ക് അയക്കാത്ത കത്തുകളോർത്ത് നിങ്ങൾ ഭാവിയിൽ ദുഃഖിക്കേണ്ടി വരരുത്. ലഭിക്കുന്ന അവധിയെല്ലാം അവർക്കൊപ്പം ആഘോഷിക്കുക.'