എന്റെ മകൻ അവന്റെ അച്ഛനരികിൽ സുരക്ഷിതന്‍; ആ മകന്റെ അമ്മ
എന്റെ കുഞ്ഞിനു വേണ്ടി എന്ന മട്ടിൽ അവനെ ഏറ്റെടുക്കണമെന്ന് പറയുന്നവർ അവനെ ആഘോഷിക്കുകയല്ലേ? അവനെ നൊന്തു പെറ്റ അമ്മയാണ് ഞാൻ. ആ ഞാൻ പറയുന്നു, എന്റെ മകൻ അവന്റെ അച്ഛനരികിൽ സുരക്ഷിതനാണ്. ലോകത്തിലെ ഏതൊരു കുഞ്ഞിനെക്കാളും സുരക്ഷിതൻ. അവിടെ നിങ്ങൾ കണ്ട ചിത്രമല്ല എന്റെ വീട്ടിലെ അവസ്ഥ. ഞങ്ങൾക്ക് മകനെ കൂടാതെ രണ്ടു പെൺമക്കൾ കൂടിയുണ്ട്. മൂത്തയാളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെയാൾ ബാങ്ക് ടെസ്റ്റിന് തയ്യാറെടുക്കുന്നു. മക്കൾ മൂവർക്കും അച്ഛനോട് വലിയ അടുപ്പമാണ്. ഞാൻ വീട്ടമ്മയാണ്. സമൂഹ മാധ്യമങ്ങളെക്കുറിച്ചൊക്കെ ഇതുവരെ കേട്ടുകേൾവി മാത്രമാണ് ഉണ്ടായിരുന്നത്. അതു ഞങ്ങളുടെ ജീവിതം മാറ്റി മറിച്ചു. ഞങ്ങളെ അറിയാവുന്ന അയൽക്കാരുടെ പിന്തുണയാണ് ഇപ്പോഴും ഞങ്ങൾ പിടിച്ചു നിൽക്കാൻ കാരണം. – ശ്രീകല പറയുന്നു.
‘അദ്ദേഹം പറഞ്ഞതു തന്നെയാണ് സത്യം. ഒരു നിമിഷത്തെ ദേഷ്യത്തിൽ അങ്ങനെ സംഭവിച്ചു പോയി. സംഭവിക്കാൻ പാടില്ലാത്തത്. അതിനർത്ഥം അദ്ദേഹം ക്രൂരനും ദുഷ്ടനുമെന്നല്ല. സ്വന്തമാണെന്ന തോന്നൽ ഉള്ളതു കൊണ്ടാകണം അങ്ങനെ ചെയ്തത്. അങ്ങനെ ചെയ്തു പോയതിന്റെ പേരിൽ ആ മനുഷ്യന്റെ മനസ് നീറുന്നത് ഞാൻ കാണുന്നുണ്ട്. ഇനിയും അദ്ദേഹത്തെ വിചാരണ ചെയ്യരുത്. ഞങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടരുത്. അച്ഛന്റെ വിഷമം മോനും നന്നായി മനസിലാക്കുന്നു. അപ്പാ അടിച്ചതു തനിക്കു കൊണ്ടില്ലെന്നും കയ്യിലിരുന്ന പരീക്ഷാ പേപ്പറുകളിലാണ് കൊണ്ടതെന്നുമെല്ലാം പറഞ്ഞ് അവനും ആശ്വസിപ്പിക്കുന്നുണ്ട്. അച്ഛൻ തല്ലിയതിൽ അല്ല, അതിന്റെ പേരിൽ അച്ഛനെ ആളുകൾ നാണം കെടുത്തുന്നതിലാണ് എന്റെ െകാച്ചിനിപ്പോൾ വേദന.