വാഹനം ഓടിക്കെ അച്ഛൻ മരിച്ചു; സ്റ്റിയറിങ് നിയന്ത്രിച്ച് മകൻ !
ആ നിമിഷം പുനീർത് വിവേകപൂർവം പ്രവർത്തിച്ചില്ലായിരുന്നില്ലെങ്കിൽ അവന്റെ ജീവനും അപകടത്തിലാകുമായിരുന്നു. ലോകം മുഴുവൻ ഇപ്പോൾ ഈ പത്തു വയസ്സുകാരനെ അഭിനന്ദിക്കുകയാണ്. വലിയ ഒരു ദുരന്തം ഒഴിവാക്കിയത് ഈ അഞ്ചാം ക്ലാസുകാരന്റെ മനസ്സാന്നിധ്യമാണ്. വാഹനമോടിക്കുന്നതിനടെ പിതാവ് ഹൃദയസ്തംഭനം മൂലം മരിച്ചപ്പോൾ സ്റ്റിയറിങ് നിയന്ത്രിച്ച് ആപത്തൊഴിവാക്കുകയായിരുന്നു അച്ഛന്റെ ശരീരത്തിനടുത്തിരുന്ന് കരയുന്ന പുനീർതിന്റെ ചിത്രം ആരുടെയും കണ്ണു നിറയ്ക്കും.
ഇക്കഴിഞ്ഞ മേയ് ഒന്ന് ലോകമെമ്പാടുമുള്ളവർ പതിവുപോലെ തൊഴിലാളി ദിനമായി കൊണ്ടാടിയപ്പോൾ കർണാടക സ്വദേശി ശിവകുമാര്‍ അന്നും ജോലിക്കു പോയി. ഗുഡ്സ് കാരിയര്‍ ഡ്രൈവറായിരുന്നു ശിവകുമാർ. കർണാടകയിലെ ബുലിയാരു എന്ന സ്ഥലത്തെ ഒരു കമ്പനിയിൽ നിർമിക്കുന്ന പ്രഷർ കുക്കറുകൾ വിതരണം ചെയ്യുന്ന ജോലിയാണ് ശിവകുമാറിന്. കമ്പനിയിൽനിന്ന് അന്നും പതിവുപോലെ ഇറങ്ങിയതാണ്. 97 കിലോമീറ്റർ ദൂരം സഞ്ചരിച്ചപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പെട്ടെന്ന് ബോധവും നഷ്ടമായി. സ്റ്റിയറിങ്ങിന്റെ നിയന്ത്രണം വീട്ടുപോയി. കൂടെയുണ്ടായിരുന്ന മകൻ പുനീർതിന്, അച്ഛന് എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. പക്ഷേ പെട്ടെന്നുതന്നെ അവൻ സ്റ്റിയറിങ് നിയന്ത്രിച്ച് വാഹനം റോഡരികിലേക്കടുപ്പിച്ചു നിർത്തി. പക്ഷേ അപ്പോഴേക്കും ശിവകുമാർ മരിച്ചിരുന്നു.
അവധി ദിവസമായതിനാല്‍ മകനെ കൂടെ ശിവകുമാർ ഒപ്പം കൂട്ടുകയായിരുന്നു. കൃത്യസമയത്ത് തന്റെ മനസ്സാന്നിധ്യം കാരണം അപകടം ഒഴിവാക്കിയ പുനീർതിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സാമൂഹിക മാധ്യമങ്ങൾ. പുനീര്‍ത്തിനെ ഹുലിയാറു പൊലീസ് എസ്ഐ അഭിനന്ദിച്ചു.