കുട്ടി ആദ്യമായി സ്കൂളിൽ പോവുകയാണോ? കാണണം ഈ വിഡിയോ!
ആദ്യമായി സ്കൂളിൽ പോകുന്നത് കുട്ടിക്കും മാതാപിതാക്കൾക്കും ഏറെ ആശങ്ക ജനകമായ കാര്യമാണ്. മറ്റു കുട്ടികളുമായി അവർ യോജിച്ചു പോകുമോ? പഠനത്തിൽ അവർക്ക് താല്പര്യം ഉണ്ടാകുമോ എന്നിങ്ങനെ നൂറു കൂട്ടം ആധികൾ. കുട്ടികൾക്കും പുതിയ സ്കൂൾ ഉത്കണ്ഠയ്ക്ക് കാരണമാണ്. ആദ്യമായി സ്കൂളിൽ പോകുന്ന തന്റെ മകൾക്ക് ആത്മവിശ്വാസത്തിന്റെ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്ന ഒരു അച്ഛന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. അഞ്ച് വയസ്സുകാരി ആലിയയെ സ്‌കൂളിലെ ആദ്യ ദിനങ്ങൾക്കായി ഒരുക്കുന്ന അച്ഛന്റെ വാക്കുകൾ മുതിർന്നവർക്കു പോലും പ്രചോദനകരമാണ്.
ഒരു കണ്ണാടിയുടെ മുൻപിൽ നിർത്തി ആലിയയോട് അച്ഛൻ പറയുന്നു. നോക്കു, നിന്റെ കണ്ണുകളിലേക്ക് നോക്കൂ. തുടർന്ന് അച്ഛൻ പറയുന്നത് ആലിയ ഏറ്റുപറയുന്നു.
ഞാൻ ശക്തയാണ്….
ഞാൻ സ്മാർട് ആണ്
ഞാൻ കഠിനാദ്ധ്വാനം ചെയ്യും
ഞാൻ സുന്ദരിയാണ്
ഞാൻ ബഹുമാനത്തിന് അർഹയാണ്
ഞാൻ ആരെക്കാളും മികച്ചവൾ അല്ലെന്നു പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ഒന്നിലും അഹങ്കരിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം മകളെ ബോധ്യപ്പെടുത്തുന്നു.
വീഴ്ചകളിൽ പരാജയപ്പെടരുതെന്ന വലിയ പാഠവും അദ്ദേഹം മകൾക്കു പറഞ്ഞു കൊടുക്കുന്നു. നീ വീണാൽ എന്തു ചെയ്യും- അച്ഛൻ ചോദിക്കുന്നു.
ഒരു നിമിഷം പോലും വൈകാതെ ആലിയ പറയുന്നു. ഞാൻ എഴുന്നേൽക്കും.
ഈ വീഡിയോ കണ്ടു നോക്കൂ... കുട്ടികളിൽ മാത്രമല്ല, നിരാശയുടെ നിഴലിൽ കഴിയുന്ന ആരിലും ഇത് ആത്മവിശ്വാസം നിറയ്ക്കും.