ജഴ്സി എത്തിച്ച് ഉണ്ണി മുകുന്ദൻ, ഏഴ് ഫുട്ബോൾ; കുട്ടിക്കൂട്ടം ‘ഹിറ്റ്’
ഫുട്ബോൾ വാങ്ങാൻ പണം കണ്ടെത്താൻ മീറ്റിങ് കൂടിയ കുട്ടിക്കൂട്ടത്തിന്റെ വിഡിയോ തരംഗമായതോടെ കുട്ടികൾക്ക് സമ്മാനങ്ങളുമായി നിരവധിപ്പേരെത്തി. മലപ്പുറം നിലമ്പൂർ മമ്പാട് പുളിക്കലോടിയിലെ ഫുട്ബോൾ പ്രേമികളായ ഒരു കൂട്ടം കുട്ടികളാണ് ഒറ്റ ദിവസം കൊണ്ട് താരങ്ങളായത്. ലോകമെങ്ങുമുള്ള മലയാളികളുടെ ഗൃഹാതുരത്വത്തെ ഉണർത്തി വിഡിയോ സോഷ്യൽലോകത്ത് തകർത്തോടുകയാണിപ്പോഴും.
നിരവഴി ആളുകളാണ് കുട്ടികൾക്ക് ഫുട്ബോള്‍ വാങ്ങാനുള്ള സഹായവുമായെത്തിയത്. ഇന്നലെ വൈകിട്ടു വരെ കിട്ടിയത് ഏഴ് ഫുട്ബോളുകളാണ്. വിഡിയോ കണ്ട നടൻ ഉണ്ണി മുകുന്ദനാകട്ടെ കുട്ടികൾക്കുള്ള 15 ജഴ്സികളാണ് എത്തിച്ചത്. സ്പാനിഷ് പരിശീലകൻ ടിനോയുടെ നേതൃത്വത്തിലെത്തിയ മലപ്പുറം വേക്ക് അപ് അക്കാദമി കുട്ടികൾക്കു ഫുട്ബോളുകൾ സമ്മാനിച്ചു. കുട്ടികളിൽ 2 പേരെ അക്കാദമിയിൽ പരിശീലനത്തിനു ക്ഷണിച്ചിട്ടുമുണ്ട്.
സാമൂഹ്യപ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് ഈ വൈറല്‍ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഓരോ സമ്മാനങ്ങൾ വാങ്ങുമ്പോളും കുട്ടികളുടെ മുഖത്തുവിരിയുന്ന ആ സന്തോഷം ഒന്നു കാണേണ്ടതുതന്നെയാണ്. കുട്ടികൾക്ക് ഫുട്ബോളും ജഴ്സിയുമൊക്കെ സമ്മാനമായി കിട്ടുന്ന വിഡിയോയും സുശാന്ത് പങ്കുവച്ചിട്ടുണ്ട്.
Summary - Football meeting, Susanth Nilamboor, Social media