സ്നേഹത്തിന്റെ ആ പാദുകങ്ങൾ; നിക്കോളാസ്, നീ ആ കുഞ്ഞുങ്ങൾക്കു മാലാഖ!, Gotta have sole foundation, Nicholas Kids, Viral Video, Manorama Online

സ്നേഹത്തിന്റെ ആ പാദുകങ്ങൾ; നിക്കോളാസ്, നീ ആ കുഞ്ഞുങ്ങൾക്കു മാലാഖ!

ശ്രീപ്രസാദ്

വീടില്ലാത്തവർ താമസിക്കുന്ന ഷെൽട്ടറുകളിൽ സന്നദ്ധ പ്രവർത്തനമായിരുന്നു നിക്കോളസ് ലൊവിങ്ങറിന്റെ അമ്മയുടെ ജോലി. 5 വയസുള്ള നിക്കോളാസ് അതുവരെ ഷെൽറ്ററുകൾ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരിക്കൽ അമ്മ അവനെ അവിടെ കൊണ്ടുപോകാമെന്നു പറഞ്ഞു. അവന് ഏറെ സന്തോഷമായി. യുഎസിലെ റോഡ് ഐലൻഡിലുള്ള ഷെൽറ്ററുകളിൽ ഒട്ടേറെ പാവപ്പെട്ട കുട്ടികളും താമസിച്ചിരുന്നു. തന്റെ പുതിയ ലൈറ്റ് മിന്നിത്തെളിയുന്ന ഷൂ അവരെയൊക്കെ കാണിക്കാമല്ലോ എന്ന സന്തോഷത്തിലായിരുന്നു അവൻ. എന്നാൽ അമ്മ അവനെ വിലക്കി. നേരത്തിന് ആഹാരം പോലും കഴിക്കാൻ വകയില്ലാതെ ജീവിക്കുന്ന പാവപ്പെട്ട ആ കുട്ടികൾക്കു മുന്നിൽ ഇത്തരം ‘ആഡംബരം’ കാണിക്കരുതെന്നായിരുന്നു അമ്മയുടെ ഉപദേശം. ഒരു കുഞ്ഞു ഷൂ എങ്ങനെ ആഡംബരമാകും? അവനു സംശയമായി. അമ്മ പറഞ്ഞപോലെ അന്നു ഷൂ ഇല്ലാതെയാണ് അവൻ ഷെൽറ്ററുകളിൽ പോയത്.

നിറമുള്ളൊരു വസ്ത്രം പോലുമില്ലാതെ തന്റെ പ്രായത്തിലുള്ള നൂറുകണക്കിനു കുട്ടികൾ അവിടെ ജീവിക്കുന്നതു കണ്ട് കുഞ്ഞു നിക്കോളസിന്റെ കണ്ണുകൾ നനഞ്ഞു. അന്ന് അവനൊരു തീരുമാനമെടുത്തു. ഇവർക്ക് എങ്ങനെയെങ്കിലും കുറേ പാദരക്ഷകൾ നൽകണം. അങ്ങനെ ഓരോ പ്രായത്തിലും അവൻ ഉപയോഗിച്ച്, ഉപേക്ഷിച്ച പാദരക്ഷകൾ തുടച്ചു വൃത്തിയാക്കി ഷെൽറ്ററുകളിൽ എത്തിച്ചു. എന്നാൽ പഴയതു മാത്രം ഉപയോഗിക്കേണ്ടവരല്ലല്ലോ അവരെന്ന ചിന്ത നിക്കോളസിനെ അലട്ടിക്കൊണ്ടിരുന്നു.

അതിനു പരിഹാരമായി 2010 ൽ പന്ത്രണ്ടാമത്തെ വയസിൽ പുത്തൻ ഷൂകൾ പാവപ്പെട്ട കുട്ടികൾക്ക് എത്തിച്ചുനൽകാനുള്ള പദ്ധതിക്കു നിക്കോളസ് തുടക്കമിട്ടു. ഗോട്ടാ ഹാവ് സോൾ ഫൗണ്ടേഷൻ എന്നായിരുന്നു അതിന്റെ പേര്. മാതാപിതാക്കൾ എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. നിക്കോളസിന്റെ ഉദ്യമം അതിവേഗം വാർത്താ പ്രാധാന്യം നേടി.

രാജ്യത്താകമാനമുള്ള ഷൂ നിർമാതാക്കളും വ്യാപാരികളും സൗജന്യമായി നിക്കോളസിന്റെ ഫൗണ്ടേഷനു ഷൂകൾ എത്തിച്ചുനൽകി. ഇതുവരെ യുഎസിലെ 21 സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിനു വീടില്ലാത്ത കുട്ടികൾക്ക് ഫൗണ്ടേഷൻ പാദരക്ഷകൾ നൽകി. ആയിരത്തോളം സന്നദ്ധ പ്രവർത്തകരാണ് ഇതിനായി പ്രവർത്തിക്കുന്നത്.

കാലിന്റെ അളവു പാകമാകാത്ത കുട്ടികൾക്കു പ്രത്യേക പാദരക്ഷകളും നിർമിച്ച് എത്തിച്ചുനൽകുന്നുണ്ട്. ആഴ്ചയിൽ 15 മണിക്കൂറാണ് നിക്കോളസ് ഫൗണ്ടേഷനുവേണ്ടി പ്രവർത്തിച്ചിരുന്നത്. ഒപ്പം പഠനവും നടക്കണമല്ലോ. ഇതിനെല്ലാം അപ്പുറത്ത് നിക്കോളസ് ഒരു പ്രതിജ്ഞയും എടുത്തിട്ടുണ്ട്. ചെലവേറിയ പാദരക്ഷകൾ ഒരിക്കലും താൻ ഉപയോഗിക്കില്ല. ആഡംബരത്തിനല്ല, ആവശ്യത്തിനാണു ജീവിതത്തിൽ ഓരോന്നും വേണ്ടതെന്ന ബോധ്യമായിരുന്നു അതിനു പിന്നിൽ.