പ്രളയം മുതൽ മുത്തച്ഛന്റെ ആഗ്രഹം വരെ പശ്ചാത്തലമാക്കിയ ജൻമദിന ആഘോഷം, greges cheeran, birthday celebration Social media, Kidsclub, Manorama Online

പ്രളയം മുതൽ മുത്തച്ഛന്റെ ആഗ്രഹം വരെ പശ്ചാത്തലമാക്കിയ ജൻമദിന ആഘോഷം

സിബി നിലമ്പൂർ

മക്കളുടെ ആദ്യ ജൻമദിനം ഒരിക്കലും മറക്കാത്തതാക്കണം എന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാകില്ല. പ്രത്യേകിച്ചും ആദ്യത്തെ കൺമണിയാകുമ്പോൾ. ജീവിതത്തിന്റെ ആദ്യ വർഷം കടന്നു പോയ മാസങ്ങളിലൂടെ ഒരു യാത്രയൊരുക്കിയാണ് കുന്നംകുളം സ്വദേശി ലിജോ ചീരൻ തന്റെ മകൻ ഗ്രിഗെസ് എൽ. ചീരന്റെ ആദ്യ ജൻമദിനം ആഘോഷമാക്കിയിരിക്കുന്നത്. ജനിച്ച മാസം മുതൽ ഇങ്ങോട്ടെടുത്ത എല്ലാ മാസത്തെയും മകന്റെ ചിത്രങ്ങൾക്കു പശ്ചാത്തലമായാണ് എല്ലാ മാസത്തേയും ഒരു പ്രധാന സംഭവം അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം കേക്കായി ഒരു ബീറ്റിൽ കാറും സീക്കൻസ് ചിത്രങ്ങളിലൂടെ ഒരു ചിത്രകഥയും ഒരുക്കി ജൻമദിനം സംഭവബഹുലമാക്കി ലിജോയും ഡോ. സൂസനും.
ഗ്രിഗസ് ജനിച്ച പുതുവർഷത്തിന്റെ ആഹ്ലാദം മുതൽ ഫെബ്രുവരിയുടെ പ്രണയവും ഓഗസ്റ്റിന്റെ പ്രളയവും വരെ വിഷയമാകുന്നു. പ്രളയമോ എന്നു പറഞ്ഞു നെറ്റി ചുളിക്കാൻ വരട്ടെ, നാളെ അവൻ വളർന്നു വലിയ കുട്ടിയാകുമ്പുമ്പോൾ തന്റെ ആദ്യ വർഷം നാടു കടന്നു പോയ സന്തോഷങ്ങൾക്കൊപ്പം പിന്നിട്ട സങ്കടങ്ങളും അവൻ തിരിച്ചറിയണമെന്ന് ലിജോ പറയുന്നു.


പിറന്നാൾ കേക്ക്
പിറന്നാളിനൊരു കേക്ക് വാങ്ങാൻ തീരുമാനിച്ചപ്പോൾ അത് കാറിന്റെ രൂപത്തിലുള്ളതാവട്ടെ എന്നു നിർദേശിച്ചത് ഗ്രിഗസിന്റെ അമ്മ ഡോ. സൂസൻ കുര്യൻ ആണ്. കൊച്ചിന്റെ അപ്പന് കാറിനോടുള്ള ഭ്രാന്തമായ ആവേശം മകനിലും ചെറുപ്പം മുതൽ പ്രകടമാണ്. സാധാരണ ആൺകുട്ടികളിൽ വാഹനങ്ങളോടുള്ള അമിത താൽപര്യം കാണുമെങ്കിലും അപ്പന്റെ ആവേശത്തോടു കിടപിടിക്കുന്ന താൽപര്യമാണ് മകനെന്ന് ഡോ. സൂസൻ പറയുന്നു.


ബീറ്റിൽ കേക്കായ കഥ
ഒരിക്കൽ റോഡിലൂടെ ഫോക്സ്‍വാഗൻ ബീറ്റിൽ പോകുന്നതു കണ്ടപ്പോൾ ലിജോയുടെ പിതാവ് ജോസ് ചീരൻ പറഞ്ഞു, ‘ചെറിയ കാറാണെങ്കിലും നല്ല ഭംഗിയുണ്ട്. ഇതുപോലെ ഒന്നു വാങ്ങുന്നതാ നീളമുള്ള കാറിനെക്കാൾ നല്ലത്’ എന്ന്. കാറിന്റെ വിലയറിയാതെ വർണിച്ചതായതുകൊണ്ട് ഇതൊന്നങ്ങു വാങ്ങിയാലോ എന്നായി മകൻ ലിജൊ. ഒപ്പം വിലകൂടി പറഞ്ഞപ്പോൾ പ്രത്യേകിച്ചു മറുപടിയുണ്ടായില്ല. 1996 മുതൽ കാറ് ഉപയോഗിക്കുന്നയാളാണ് അദ്ദേഹം. അന്ന് മാരുതി 800 ആയിരുന്നെങ്കിൽ പിന്നെ അത് സ്വിഫ്ടായി. ഇപ്പോൾ വീട്ടിലൊരു ഹോണ്ടാസിറ്റിയുണ്ട്. അന്ന് അപ്പന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായില്ലെങ്കിലും മകനുള്ള കേക്ക് ബീറ്റിലാക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. ആൺകുട്ടി ആയതിനാൽ ഒരു നീല ബീറ്റിൽ തന്നെ ഓർഡർ ചെയ്തു.


ബേക്കറിയിൽ കാറ് ഓർഡർ ചെയ്താൽ ഓട്ടോറിക്ഷയെങ്കിലും കിട്ടണേ എന്നു പ്രാർഥിച്ചാണ് അഡ്വാൻസ് കൊടുത്തത്. നീല നിറമുള്ള ഫോക്സ്‌വാഗൺ ബീറ്റൽ കാർ ചിത്രം ഇൻറർനെറ്റിൽ നിന്നു കണ്ടുപിടിച്ച് ബേക്കറിക്കാരെ ഏൽപിച്ചു. പിറന്നാൾ ദിനത്തിൽ കേക്ക് ഓർഡർ ചെയ്ത ബേക്കറിയിൽ ഒരു വലിയ പെട്ടിയിൽ തയാറാക്കി വച്ചിരിക്കുന്ന നീല കാർ കാണിച്ചു തന്നപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. അപ്പോഴാണ് ശ്വാസം നേരേ വീണത് എന്നു പറഞ്ഞാൽ മതി. കുന്നംകുളം അൽറീം ബേക്കറിയായിരുന്നു മനോഹരമായ ആ കാർ സൃഷ്ടിക്കു പിന്നിൽ. ഗർഭകാലത്തു പീസ തിന്നാൻ സാധിക്കാത്തതുകൊണ്ട് ഭാര്യയുടെ ആഗ്രഹത്തിനു ഒരു പീസ ഹട്ടിൽ കയറിയപ്പോഴുള്ള മകന്റെ ഭാവങ്ങൾക്ക് സംഭാഷണം നൽകി ലിജൊ തന്നെയാണ് ചിത്രകഥ ഒരുക്കിയിരിക്കുന്നത്.