'എന്റെ അമ്മ ജീവിച്ചിരുന്നുവെങ്കിൽ എന്നെ ആരും വേദനിപ്പിക്കില്ലാരുന്നു'
‘എന്റെ അമ്മ ജീവിച്ചിരുന്നെങ്കിൽ എന്നെ ഇങ്ങനെ ആരും അടിക്കില്ലായിരുന്നു. അമ്മയില്ലെങ്കിൽ ആരും നിങ്ങളെ സംരക്ഷിക്കില്ല, നിങ്ങളുടെ അച്ഛൻ പോലും’ - ദുലാൽ ഇത് പറയുമ്പോൾ നെഞ്ചുപൊടിയുന്ന വേദനയോടെയേ ഇത് വായിക്കാനാകൂ. അമ്മയുടെ മരണവും രണ്ടാനമ്മയുടെ വരവും അതോടെ അച്ഛനിലുണ്ടാകുന്ന മാറ്റവുമൊക്കെ ഈ കുഞ്ഞുജീവിതം മാറ്റിമറിക്കുകയാണ്. ജിഎംബി ആകാശ് എന്ന ബംഗ്ലദേശി ഫൊട്ടോഗ്രഫർ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ദുലാൽ എന്ന പത്തു വയസ്സുകാരന്റെ ദുരിത ജീവിതം ആരുടെയും കണ്ണു നിറയ്ക്കും.
ദുലാലിന്റെ വാക്കുകൾ
‘എന്റെ അമ്മ ജീവിച്ചിരുന്നെങ്കിൽ എന്നെ ഇങ്ങനെ ആരും അടിക്കില്ലായിരുന്നു. എന്നെ വേദനിപ്പിക്കാൻ അമ്മ ഒരിക്കലും അനുവദിക്കില്ലായിരുന്നു. ഈ സ്റ്റേഷന്റെ വരാന്തയിൽ ഉറങ്ങാൻ എന്നെ വിടില്ലായിരുന്നു. പക്ഷേ എന്റെ അമ്മ ജീവിച്ചിരിപ്പില്ല, കാൻസർ വന്നാണ് അമ്മ മരിച്ചത്. അമ്മ മരിച്ച് പത്തു ദിവസങ്ങൾക്കകം അച്ഛൻ എനിക്ക് പുതിയ ഒരമ്മയെ കൊണ്ടുവന്നു. പക്ഷേ അവർ എന്നെ ഒരിക്കലും സ്നേഹിച്ചില്ല. ഒരു കാരണവുമില്ലാതെ അവർ എന്നെ അടിച്ചിരുന്നു.
ഈ അമ്മ വന്ന ശേഷം അച്ഛൻ ഒരുപാടു മാറി, ഒരു അപരിചിതനെപ്പോലെയായി. ഒരു കാരണവുമില്ലാതെ പുതിയ അമ്മ എന്നെ അടിക്കുന്നു എന്ന് പറഞ്ഞാൽ അച്ഛൻ ഒരിക്കലുമതു വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അത്താഴത്തിന് അല്പം ചൂടു ചോറ് ചോദിച്ചതിന് അവർ എന്റെ കാലിൽ തിളച്ചവെള്ളം കോരിയൊഴിച്ചു. എന്റെ പൊള്ളിക്കുതിർന്ന കാലു കണ്ടിട്ടും അച്ഛൻ അവരോട് ഒന്നും പറഞ്ഞില്ല.
അങ്ങനെ ഒരു ദിവസം വീടു വിട്ട് ഒരു ട്രെയിനിൽ കയറി ഞാനിവിടെയെത്തി. ഞാനിപ്പോൾ ഒരു പോർട്ടറായി ജോലി ചെയ്യുകയാണ്. ഇന്ന് ഞാനെടുത്ത ചുമട് ഒത്തിരി ഭാരമുള്ളതായിരുന്നു അതെന്റെ തലയിൽനിന്നു താഴെപ്പോയി. ഞാനത് മനപ്പൂർവം താഴെയിട്ടതല്ലായിരുന്നു. എനിക്കു ബാലൻസ് ചെയ്യാൻ പറ്റാഞ്ഞിട്ടായിരുന്നു. എന്നിട്ടും അയാളെന്നെ ഒത്തിരി തല്ലി.
അവിെട ഒത്തിരി ആളുകളുണ്ടായിരുന്നു, എന്നിട്ടും ആരും അയാളെ തടഞ്ഞില്ല. ആരും അയാളോട് ഒരു വാക്കുപോലും ചോദിച്ചില്ല. ഞാനൊരു തെരുവുബാലനാണല്ലോ? എന്നെ സംരക്ഷിക്കാൻ അമ്മയില്ലല്ലോ. അമ്മയില്ലെങ്കിൽ ആരും നിങ്ങളെ സംരക്ഷിക്കില്ല, നിങ്ങളുടെ അച്ഛൻ പോലും’.
ജിഎംബി ആകാശ് ഈ ബാലനെ കൂട്ടിക്കൊണ്ട് പോയി ആഹാരവും ആവശ്യവസ്തുക്കളുമൊക്കെ വാങ്ങിക്കൊടുത്തിരുന്നു. പിന്നീട് അവനു വേണ്ടുന്ന സഹായം ചെയ്യുമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂെട അറിയിച്ചിരുന്നു.