7 മണിക്ക് ജോലിക്ക് കയറും, വിശപ്പിന് ബ്രഡ് ; കരളലിയിക്കും ഈ കുഞ്ഞുങ്ങളുടെ കഥ

രാവില ഏഴുമണിക്ക്് ജോലിയ്ക്ക് കയറിയതാണ് ഇവർ. തുടർച്ചയായ ജോലിമൂലം രാവും പകലും തമ്മിലുള്ള വ്യത്യാസം പോലും പലപ്പോഴും മനസ്സിലാകില്ല. മങ്ങിയ മഞ്ഞവെളിച്ചത്തിൽപ്പോലും ഇവർക്കു ജോലിചെയ്യാനാകും. പറഞ്ഞുവരുന്നത് കേട്ട് മുതിർന്ന ഏതോ ജോലിക്കാരെക്കുറിച്ചാണിതെന്നാവും കരുതുക അല്ലേ? എന്നാൽ രണ്ട് കുഞ്ഞുകുട്ടികളുടെ ജീവിതമാണിത്. ബംഗ്ലാദേശിലെ ചേരികളില മിക്ക ബാല്യവുമിങ്ങനെയൊക്കെയാണ്. ബാലവേലയുടെ ദുരിതവും ദോഷങ്ങളുമൊക്കെ നമുക്ക് പരിചിതമാണ്. ഈ കുഞ്ഞുമക്കളുടെ ബാല്യം ഫാക്ടറികളുടെ ഇരുട്ടിനുള്ളിലാണ്. ഈ കുരുന്നുകൾ ഒരു നേരം വയറുനിറയെ ആഹാരം കഴിക്കുന്നതിനായി പകലന്തിയോളം ഫാക്ടറികളിൽ പണിയെടുക്കുകയാണ്.

അടോർ, ഷോഹഗ് എന്നീ കുരുന്നുകളുടെ ജീവിതം ജിഎംബി ആകാശ് എന്ന ബംഗ്ലദേശി ഫൊട്ടോഗ്രഫർ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുകയായിരുന്നു. അഴുക്കും ചെളിയും പുരണ്ട ആ കുഞ്ഞുകൈകളിൽ ഒരു കക്ഷണം റൊട്ടിയുമായി നിൽക്കുന്ന ഈ കുരുന്നുകളുടെ ചിത്രം തകർന്ന ഹൃദയത്തോടെയല്ലാതെ കാണാനാകില്ല. വിഭവ സമൃദ്ധമായ ഭക്ഷണം കിട്ടിയാലും തങ്ങൾക്കിഷ്ടപ്പെട്ട പിസ്സയ്ക്കും ഐസ്ക്രീമിനും ചോക്ലെറ്റുകൾക്കുമായി വാശിപിടിക്കുന്ന ഒരോ കുട്ടികൾക്കും പറഞ്ഞുകൊടുക്കാം ഈ കുരുന്നുകളുടെ ജീവിതം.

അടോറും ഷോഹഗും പറയുന്നു...

"ഞങ്ങൾ രാവിലെ 7 മണിക്ക് ജോലിക്ക് വന്നതാണ്. തുടർച്ചയായ ജോലിമൂലം പുറത്ത് നേരം ഇരുട്ടുന്നതൊന്നും ഞങ്ങൾ അറിയാറേയില്ല. നല്ല ഇരുട്ടത്തും മഞ്ഞ ബൾബിന്റെ അരണ്ട വെട്ടത്തിലും ഞങ്ങൾ ജോലിചെയ്യും. സൂര്യപ്രകാശം ഞങ്ങളുെട ഫാക്ടറിയ്ക്കകത്ത് എത്തില്ല. കറണ്ട് പോകുമ്പോ ചിലപ്പോ ഞങ്ങൾ പുറത്തിറങ്ങും. പക്ഷേ ഇപ്പോൾ കളിക്കാനൊന്നും ഞങ്ങൾക്ക് വല്ല്യ ഇഷ്ടമൊന്നുമല്ല, ഞങ്ങൾക്ക് നല്ല ക്ഷീണമാണ്. സത്യം പറഞ്ഞാൽ ഒരു മൂന്നു മണിയാകുമ്പോൾ നന്നായി വിശക്കും. പക്ഷേ നല്ല വിലയായതുകൊണ്ട് ചോറ് വാങ്ങാറില്ല. ഒരുമാസം വെറും 1000 ടാക്കായാണ് വരുമാനം, അതുകൊണ്ടെങ്ങനെയാണ് ചോറ് വാങ്ങുന്നത്?. ഇവിടുന്നു കിട്ടുന്ന ബ്രഡ് കഴിക്കും, വിശന്നാൽ എന്തിനും നല്ല സ്വാദാണ്. അതു കഴിച്ചാലും വയറു ശരിക്കു നിറയാറൊന്നുമില്ല. പക്ഷേ രാത്രി ജോലികഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അമ്മ നല്ല ചൂടു ചോറും ഉരുളക്കിഴങ്ങ് ഉടച്ചതും തരും. പാവപ്പെട്ടവർ ഒരു നേരം ആഹാരം കഴിക്കുന്നതാണ് നല്ലത്. ഒരു കക്ഷണം ബ്രഡ് കഴിച്ചു നോക്കൂ ഇതത്ര മോശമൊന്നുമല്ല."