‘വിശന്നപ്പോഴോ ആളുകൾ അടിക്കുമ്പോഴോ കരഞ്ഞിട്ടില്ല, പക്ഷേ അമ്മയെ ഓർത്ത് എന്നും കരയും’. Masum, Touching, Mother Manorama Online

‘വിശന്നപ്പോഴോ ആളുകൾ അടിക്കുമ്പോഴോ കരഞ്ഞിട്ടില്ല, പക്ഷേ അമ്മയെ ഓർത്ത് എന്നും കരയും’

അനാഥത്വവും വിശപ്പും ഒറ്റപ്പെടലും പേറുന്ന ധാരാളം കുരുന്നുകളുണ്ട് നമുക്കുചുറ്റും. എന്താണ് മരണമെന്നു പോലുമറിയാത്ത അത്തരമൊരു കുരുന്നിന്റെ ജീവിതമാണിത്. അമ്മയ്ക്കൊപ്പം ഒട്ടിയ വയറുമായി അച്ഛനെ അന്വേഷിച്ചിറങ്ങിയ മാസും. തന്‍റെ അമ്മ മരിച്ചുപോയത് അവൻ അറിഞ്ഞില്ല, ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയതാണെന്നാണ് മാസും എന്ന ബാലന്‍ കരുതിയത്. വിശപ്പും രോഗവും തളർത്തിയ അമ്മയുടെ മരണം പോലും മനസ്സിലാകാത്ത പ്രായമാണ് അവന്. വിശപ്പടക്കാൻ വീടുകൾതോറും കയറിയിറങ്ങേണ്ടി വന്ന കുഞ്ഞു മാസുമിന്റെ കഥ ആരുടേയും കരളലിയിക്കും. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഈ ബാലന്റെ ജീവിതം ബംഗ്ലാദേശി ഫൊട്ടോഗ്രാഫറായ ജി.എം.ബി. ആകാശാണ് പങ്കുവച്ചത്.

മാസും പറയുന്നതിങ്ങനെ...

'വിശന്ന വയറുമായിനിൽക്കുന്ന എന്നോട് ഭക്ഷണത്തിനായി ഒരോ വീട്ടുപടിക്കലും ചെല്ലാൻ അമ്മ പറയുമായിരുന്നു. നാലു വർഷം മുന്‍പ് അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചുപോയി. അസുഖം കാരണം അമ്മയ്ക്ക് എവിടെയും ജോലിക്കു പോകാൻ കഴിയുമായിരുന്നില്ല. ദിവസവും പലതവണ വേദനമൂലം ഇരുകൈകൊണ്ടും വയർ അമർത്തിപ്പിടിക്കുന്ന, വേദന നിറഞ്ഞ അമ്മയുടെ മുഖം ഞാൻ കാണാറുണ്ട്. അപ്പോഴൊക്കെ അമ്മയെ ഇറുകെ ചേർത്തു നിർത്താനല്ലാതെ എനിക്കൊന്നുമാകില്ലായിരുന്നു. ഒരു ദിവസം രാവിലെ അമ്മ എന്നോട് ചോദിച്ചു എനിക്കൊപ്പം കുറച്ചുദൂരം നടക്കാമോയെന്ന്? അമ്മ പോകുന്ന എവിടേയ്ക്കും വരാമെന്ന് ഞാൻ പറഞ്ഞു.

ഏകദേശം 60 കിലോമീറ്റർ, മൂന്ന് ദിവസം ഞങ്ങൾ അച്ഛനേയും ആഹാരവും അന്വേഷിച്ച് നടന്നു. അമ്മ ഉറങ്ങിയപ്പോൾ ഞാൻ അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു. എന്തിനാണ് ആളുകൾ അമ്മയുടെ മുന്നിലേയ്ക്ക് പൈസ എറിയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഒരു സ്ത്രീ വന്ന് ഒരു വലിയ തുണികൊണ്ട് എന്റെ അമ്മയുടെ ശരീരം മൂടി. അമ്മയുടെ ശരീരം സംസ്കരിക്കാൻ സഹായിക്കട്ടേ എന്നവർ എന്നോട് ചോദിച്ചു. അമ്മ എന്നെ വിട്ടുപോയി എന്നു മനസ്സിലാകാൻ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു.

ദിവസങ്ങളോളം പട്ടിണിയായിരുന്നെങ്കിലും ആഹാരത്തിനായി അമ്മ കരയുന്നത് ഞാൻ കണ്ടിട്ടേയില്ല. പക്ഷേ, ആ യാത്രയ്ക്കിടെ എനിയ്ക്ക് റൊട്ടി ചോദിച്ചപ്പോൾ ആ റസ്റ്റോറന്റ് ഉടമ എന്നേയും അമ്മയേയും അടിച്ചു, എന്റെ അമ്മ നിയന്ത്രിക്കാനാകാതെ കരയുന്നത് ഞാൻ കണ്ടു.

എന്നും ഞാനമ്മയെ മിസ് ചെയ്യും. വിശന്നപ്പോഴോ ആളുകൾ എന്ന അടിക്കുമ്പോഴോ ഒന്നും ഞാനും കരയാറില്ല, പക്ഷേ അമ്മയെ ഓർത്ത് ഞാനെന്നും കരയും. അമ്മ പോയിടത്തേയ്ക്ക് പോകാൻ എനിക്ക് കഴിയുന്നില്ലല്ലോ.