വയസ്സ് 7, ശസ്ത്രക്രിയകൾ 25 ; മിറാക്കിൾ ബേബി ട്വിഷ ഇന്ന്...
ബേബി ട്വിഷയെ ഓർമയില്ലേ ? സോഷ്യൽ മീഡിയയിൽ അൽപം ആക്ടീവായ ആളുകൾ ഈ കുരുന്നിനെ അത്ര പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല. ജന്മനാ അപൂർണ അന്നനാളവുമായി ജനിച്ച ട്വിഷ മക്വാന സോഷ്യൽ മീഡിയയുടെ കരുത്തിൽ ജീവിതത്തിലേക്ക് തിരിച്ചുവന്ന കുട്ടിയാണ്. ജനിച്ച ശേഷമാണു കുട്ടിക്ക് അപൂർണമായ അന്നനാളമാണ് എന്ന് തിരിച്ചറിഞ്ഞത്. അന്ന് മുതൽ ജീവിക്കുവാനായി ട്വിഷ തുടങ്ങിയ യുദ്ധമാണ്. വായിലൂടെ ഭക്ഷണം നൽകി, അത് നെഞ്ചിനു സമീപത്തായി സ്ഥാപിച്ച സഞ്ചിയിൽ ശേഖരിക്കും. ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണമാകട്ടെ വയറിലൂടെ ടൂബ് വഴി നേരിട്ട് നൽകും.
കോടികൾ ചെലവിട്ടാൽ മാത്രമെ കുഞ്ഞിനെ രക്ഷിക്കാനാകുള്ളൂ എന്നറിഞ്ഞപ്പോൾ അച്ഛനും ബന്ധുക്കളും ഈ കുഞ്ഞിനെ ഉപേക്ഷിച്ചു. അമ്മ മാത്രമായിരുന്നു കുഞ്ഞിന് തുണയായത്. കുഞ്ഞിന് സഹായ സഹകരണങ്ങൾ എത്തിക്കാൻ അമ്മ സേവ് അവർ ട്വിഷ എന്ന കാംപെയ്ൻ ആരംഭിച്ചു. 2014 ലാണ് കാംപെയ്ൻ തുടങ്ങുന്നത്. ശേഷം ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ട്വിഷക്ക് സഹായങ്ങൾ എത്തി. നല്ല മനസുകളുടെ കാരുണ്യത്താൽ അമേരിക്കയിൽ 2017 ൽ ട്വിഷയുടെ ശസ്ത്രക്രിയ നടന്നു. കൃത്രിമ അന്നനാളം ഘടിപ്പിച്ചശേഷം ട്വിഷ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ശസ്ത്രക്രിയക്ക് ശേഷമായിരുന്നു ട്വിഷ ആസ്വദിച്ചു ഭക്ഷണം കഴിച്ചത്. ഇന്ന് ആ കുഞ്ഞു ട്വിഷ വളർന്നിരിക്കുന്നു. ജീവൻ നിലനിർത്തുന്നതിയായി ഈ ചെറുപ്രായത്തിൽ 25 ശാസ്ത്രക്രിയകൾക്കും 30 ൽ പരം എൻഡോസ്‌കോപ്പികൾക്കും വിധേയയായ, ഇപ്പോഴും ചികിത്സകൾ തുടരുന്ന ട്വിഷ എല്ലാ വേദനകൾക്കിടയിലും പഠിച്ചു മുന്നേറുകയാണ്.
മറ്റ് ഏതൊരു സാധാരണകുട്ടിയെയും പോലെ തന്നെ ട്വിഷ ഇപ്പോൾ സ്‌കൂളിൽ പോകുന്നുണ്ട്. പഠനത്തിലും മറ്റു കലാപ്രവർത്തനങ്ങളിലും ഭാഗമാകുന്നുണ്ട്. ശസ്ത്രക്രിയ വിജയിച്ചതിന്റെ മൂന്നാം വർഷം ട്വിഷ മികച്ച മാർക്കോടെ മൂന്നാം ക്ലാസിൽ തിളങ്ങുന്ന വിവരം 'അമ്മ സ്വീറ്റി മക്വാനായാണ് സോഷ്യൽ മീഡയയിൽ പങ്കുവച്ചത്.
Summary : Heart touching story of Twisha Makwana