മക്കൾക്ക് കളിക്കാൻ ഹൈടെക് 'സുന്ദരി'; ന്യൂജെൻ അച്ഛന്റെ വാല്‍സല്യം
ഓല മടൽ കൊണ്ട് ബാറ്റുണ്ടാക്കി വീശിയ കഥയും ഒാലപ്പന്തു കൊണ്ട് ബോളെറിഞ്ഞ കഥയുമൊക്കെ ആകും തൊണ്ണൂറുകളിലും എൺപതുകളിലും അതിനു മുൻപും ജനിച്ച തലമുറകളുടെ ബാല്യകാല കളിയോർമകൾ. എന്നാൽ ന്യൂജെൻ അതുക്കും മേലെയാണ്.
ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്സ് ആയ തൊടുപുഴ സ്വദേശി അരുണ്‍കുമാര്‍ പുരുഷോത്തമന്‍ മക്കൾക്കു കളിക്കാൻ നിർമിച്ചത് ഹൈടെക് ഓട്ടോ. മുൻപ് മക്കള്‍ക്കു വേണ്ടി മിനി ജീപ്പും ബുള്ളറ്റുമൊക്കെ ഉണ്ടാക്കിയും അരുൺ നവമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമായിരുന്നു.
ഏഴരമാസം കൊണ്ടാണ് അരുണ്‍ ഈ കുട്ടി ഓട്ടോയുടെ നിർമാണം പൂർത്തിയാക്കിയത്. വീട്ടിൽ ലഭ്യമായ വസ്തുക്കളുപയോഗിച്ചായിരുന്നു നിർമാണം. ഹൈടെക് ഓട്ടോ കയ്യിലെത്തിയപ്പോൾ മക്കളായ മാധവും കേശിനിയും ഡബിൾ ഹാപ്പി.
ബാറ്ററിയില്‍ ഓടുന്ന അസല്‍ മിനിയേച്ചര്‍ ഓട്ടോക്ക് 'സുന്ദരി' എന്നാണ് പേരിട്ടിരിക്കുന്നത്. ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. 24വോള്‍ട്ട് ഡിസി മോട്ടര്‍, 24വോള്‍ഡ് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. സൈക്കിളിന്റെ ഡിസ്ക് ബ്രേക്ക് സംവിധാനവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കിക്കറും, ഇന്റിക്കേറ്ററും, വൈപ്പറും, ഹെഡ് ലൈറ്റും, ഹോണും എന്തിന് ഫസ്റ്റ് എയിഡ് കിറ്റ് വരെയുണ്ട് ‘സുന്ദരി’ ഓട്ടോയിൽ. ഇനിയല്‍പം റിലാക്സ് ചെയ്യാൻ പാട്ടു കേൾക്കണമെങ്കിൽ അതിനുമുണ്ട് വഴി. പെൻഡ്രൈവ് കുത്താനുള്ള സൗകര്യവും ഓട്ടോയിലുണ്ട്. ആവശ്യമെങ്കില്‍ മൊബൈൽ ചാർജ് ചെയ്യാം.