ബുദ്ധിയില്ലെന്നു പറഞ്ഞ് അധ്യാപകർ മടക്കിയയച്ച മകനെ ലോക ജീനിയസാക്കിയ അമ്മ!
തോമസ് ആൽവ എഡിസൺ, കണ്ടുപിടുത്തങ്ങളുടെ രാജാവ്. അമേരിക്കയിലെ വ്യവസായ പ്രമുഖൻ, 1,093 പേറ്റന്റ് സ്വന്തം പേരിൽ ചേർത്തയാൾ. ഇങ്ങനെ നിരവധി വിശേഷണങ്ങൾ ആ പേരിനോട് ചേർത്ത് വയ്ക്കാം. ഇലക്ട്രിക് ബൾബ്, ഫോണോഗ്രാഫ്, മോഷൻ പിക്ചർ ക്യാമറ അങ്ങന നിരവധി കണ്ടു പിടുത്തങ്ങളാണ് അദ്ദേഹത്തിന്റേതായിട്ടുള്ളത്. ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ ഒരു നിശബ്ദ സാന്നിധ്യമായി അദ്ദേഹത്തിന്റെ അമ്മയായിരുന്നു എന്ന സത്യം എഡിസൺ തുറന്നു പറഞ്ഞിട്ടുണ്ട്.
മഹാനായ തോമസ് ആൽവ എഡിസണ് വെറും മാസങ്ങള്‍ മാത്രമാണ് സ്കൂളിൽ പോകാൻ കഴിഞ്ഞത്. ചെറു പ്രായത്തിൽ ഉണ്ടായ ഇൻഫെക്ഷൽ മൂലം എഡിസണ് കേൾവി തകരാറും ഉണ്ടായിരുന്നു. ഒരു ദിവസം എഡിസൺ വീട്ടിലെത്തിയത് സ്കൂളിൽ നിന്നും കൊടുത്തയച്ച ഒരു കത്തുമായായിരുന്നു. എന്നിട്ട് എഡിസൺ അമ്മയോട് പറഞ്ഞു.' ഈ പേപ്പർ എന്റെ ടീച്ചർ അമ്മയുടെ കയ്യിൽ തന്നെ കൊടുക്കണമെന്നു പറഞ്ഞ് തന്നതാണ്.'
നിറഞ്ഞൊഴുകിയ കണ്ണുകളോടെ അമ്മ അവനു കേൾക്കാനായി ഉറക്കെ ആ കത്ത് ഇങ്ങനെ വായിച്ചു 'നിങ്ങളുടെ മകൻ ഒരു പ്രതിഭയാണ്. ഈ സ്കൂൾ അവനെ പഠിപ്പിക്കാൻ പര്യാപ്തമല്ല. അവനെ പരിശീലിപ്പിക്കാൻ പറ്റിയ നല്ല അധ്യാപകരും ഇവിടെയില്ല. ദയവായി നിങ്ങൾ തന്നെ അവനെ പഠിപ്പിക്കുക' . അന്നത്തോടെ എഡിസന്റെ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചു. അമ്മ അവനെ വീട്ടിലിരുത്തി പഠിപ്പിക്കാൻ തുടങ്ങി. പിന്നെ അദ്ദേഹത്തിന് കിട്ടിയ അറിവെല്ലാം വായിച്ച പുസ്തകങ്ങളിൽ കൂടെയായിരുന്നു.
എഡിസൺ മുതിർന്നു, ധാരാളം കണ്ടുപിടുത്തങ്ങൾ നടത്തി. ലോകമറിയുന്ന സംരഭകനായി. നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വ്യായസായിക വത്കരണത്തിന് അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മുതൽക്കൂട്ടായി. ആ നൂറ്റാണ്ടിലെ പ്രതിഭയായി അദ്ദേഹം വളർന്നു.
കാലം കടന്നു പോയി, ഇതിനെല്ലാം സാക്ഷിയായ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. ഒരിക്കൽ വീട്ടിലെ പഴയ സാധനങ്ങൾക്കിടയിൽ എന്തോ പരതുകയായിരുന്നു എഡിസൺ. മേശവലിപ്പിൽ മടക്കി വച്ചിരുന്ന ഒരു കടലാസ് അവിചാരിതമായി എഡിസൺ കണ്ടു, ആ പഴയ കത്തായിരുന്നു അത്. അദ്ദേഹമത് തുറന്നു ഇങ്ങനെ വായിച്ചു 'നിങ്ങളുടെ മകൻ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇനി മുതൽ അവൻ സ്കൂളിൽ വരേണ്ടതില്ല'. കത്ത് വായിച്ച എഡിസൺ മണിക്കൂറുകളോളം കരഞ്ഞു. പിന്നെ തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു. 'ഹീറോ ആയ ഒരമ്മ കാരണം നൂറ്റാണ്ടിന്റെ ജീനിയസായ, 'ബുദ്ധിയില്ലാത്ത ഒരു കുട്ടി'യാണ് തോമസ് ആൽവ എഡിസൺ'.
ആ അമ്മയുടെ ഒരൊറ്റ നിശ്ചയദാർഷ്ട്യമാണ് തോമസ് ആൽവ എഡിസൺ എന്ന മഹാന്റെ പിറവിക്ക് കാരണം. അന്ന് ആ കത്ത് വായിച്ച് മകനെ കുറ്റപ്പെടുത്താനോ വിധിയെ പഴിക്കാനോ മുതിരാതെ. അവനെ ചേർത്തു നിർത്തി ആകാശത്തോളം ഉയരാൻ സഹായിച്ച ആ അമ്മയാണ് യഥാർധ ഹീറോ. ഒരു കഴിവുമില്ലാത്തവരായി ആരുമില്ല. അത് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലാണ് കാര്യം. ഓരോ മാതാപിതാക്കൾക്കുമുള്ള ഒരു നല്ല സന്ദേശമാണ് എഡിസന്റെ ഈ ജീവിതം.