അമ്മ തുന്നുന്ന ഉടുപ്പുകൾക്ക് ചന്തം ചാർത്തി കുഞ്ഞു ഹൃദ്യയുടെ ചിത്രങ്ങൾ
സീന ആന്റണി
ഉടുപ്പുകൾ കഥ പറയുമോ? തിരുവനന്തപുരത്തുള്ള കുഞ്ഞുഹൃദ്യയോടു ചോദിച്ചാൽ സംശയമൊന്നും കൂടാതെ അവൾ പറയും ഉടുപ്പുകൾ കഥ പറയുമെന്ന്! അങ്ങനെ കഥ പറയുന്ന ഉടുപ്പുകളാണ് യു.കെ.ജി.ക്കാരിയായ ഹൃദ്യയും അമ്മ ലേഖയും ചേർന്നുണ്ടാക്കുന്നത്. ഉടുപ്പിലെ ചിത്രവും കഥയും ഹൃദ്യയുടെ വക. തുന്നിയെടുക്കേണ്ട ഉത്തരവാദിത്തം അമ്മയ്ക്ക്. ഈ കുഞ്ഞുടുപ്പുകളുടെ പേരാണ് ഹൃതീസ് ഡൂഡിൽസ്!
തുടക്കം ഇങ്ങനെ
ജോലിയ്ക്കിടയിൽ കുറുമ്പു കാണിക്കാതിരിക്കാൻ കുറച്ചു പേപ്പറും ചായപ്പെൻസിലുകളും കുഞ്ഞു ഹൃദ്യക്ക് കൊടുത്തതാണ് അമ്മ ലേഖ. മോളുടെ വരകളും അതെക്കുറിച്ചുള്ള കഥകളും ശ്രദ്ധിച്ചപ്പോൾ, അവൾ വരച്ച ചിത്രങ്ങളിലൊന്ന് അവൾക്കായി തയ്ച്ച ഉടുപ്പിൽ തുന്നിക്കൊടുത്താലോ എന്നൊരു ആശയം തോന്നി. പേപ്പറിൽ വരച്ച പടങ്ങൾ ഉടുപ്പിൽ തുന്നിച്ചേർത്തപ്പോൾ കുഞ്ഞുഹൃദ്യയ്ക്ക് വലിയ സന്തോഷം. ആ ഉടുപ്പിട്ട് തുള്ളിച്ചാടി നടക്കുന്ന ഹൃദ്യയെ കണ്ടപ്പോഴാണ് മോളുടെ പടങ്ങൾ കുഞ്ഞുങ്ങൾക്കായി തയ്യാറാക്കുന്ന ഉടുപ്പുകളിൽ തുന്നിച്ചേർത്താലെന്താണെന്ന് ഡിസൈനർ കൂടിയായി ലേഖയ്ക്കു തോന്നി. അമ്മയും മോളും ചേർന്നു തുന്നിയെടുക്കുന്ന ആ കുഞ്ഞുടുപ്പുകൾക്ക് ഒരു പേരുമിട്ടു. ഹൃതീസ് ഡൂഡിൽസ്! ഓൺലൈനിൽ നിരവധി ആരാധകരുണ്ട് ഈ കുഞ്ഞുടുപ്പുകൾക്ക്.
വളരുന്ന കഥകൾ
പടങ്ങൾ വരയ്ക്കുന്നതിനൊപ്പം അതിനു പേരിടാനും കുഞ്ഞുഹൃദ്യയ്ക്ക് വലിയ ഇഷ്ടമാണ്. Twinkle twinkle little star...Come and play with me, സന്തോഷ പൂമരം, മാലപ്പൂവ്, പൂക്കാരി റോസി, പൂവെ പൂവെ എന്നിങ്ങനെ അതിമനോഹരമായ പേരുകളാണ് കുഞ്ഞുഹൃദ്യ കണ്ടെത്തുക. ഓരോ പേരിനു പിന്നിലും ഓരോ കഥകളുമുണ്ട്. വരച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കഥകൾ അമ്മ ലേഖയ്ക്ക് പറഞ്ഞുകൊടുത്തുകൊണ്ടിരിക്കും. കുറച്ചു ദിവസങ്ങൾക്കു ശേഷം വരച്ച പടത്തിന്റെ കഥ ചോദിച്ചാൽ നേരത്തെ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ കഥയാകും ഹൃദ്യ പറയുക. ആ കഥയല്ലല്ലോ നേരത്തെ പറഞ്ഞതെന്നു ചോദിച്ചാലോ, കുസൃതി നിറഞ്ഞൊരു ചിരിയുമായി അവൾ ഓടിമറയും.
വരച്ചാൽ വരച്ചതാ, മാറ്റാൻ പറ്റില്ല
വീടിന്റെ ഭിത്തിയിൽ മാത്രമല്ല, സ്കൂളിലേക്ക് കൊണ്ടുപോകുന്ന നോട്ടുബുക്കുകളിലും പാഠപുസ്തകങ്ങളിലും എല്ലാം ഹൃദ്യയുടെ കുഞ്ഞു ചിത്രങ്ങളാണ്. പടം വരയ്ക്കാതെ പാഠം പഠിക്കാൻ പറ്റില്ലെന്നാണ് കുഞ്ഞുഹൃദ്യയുടെ നിലപാട്. ചെടികളും പൂക്കളും മനുഷ്യന്മാരും ഒക്കെ ഹൃദ്യയുടെ വരകളിൽ കഥാപാത്രങ്ങളായെത്തും. വരച്ച പടങ്ങൾ ഉടുപ്പുകളുടെ ഡിസൈൻ അനുസരിച്ച് മാറ്റം വരുത്തുന്നതിനോട് കുഞ്ഞുഹൃദ്യയ്ക്ക് തീരെ താൽപര്യമില്ല. പടം മാറിയാൽ കഥ മാറില്ലേ എന്നാണ് ഈ ചിത്രകാരിയുടെ ചോദ്യം.
വരയുടെ പൂമ്പാറ്റക്കുട്ടി
ചന്തവിളയിലെ സെന്റ് തോമസ് പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ് ഹൃദ്യ. അമ്മ ലേഖ ഫാഷൻ ഡിസൈനറാണ്. അച്ഛൻ ശ്രീകുമാർ ടെക്നോ പാർക്കിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. ഫെയ്സ്ബുക്കിൽ ഹൃതീസ് ഡൂഡിൽസിന് സ്വന്തമായി പേജുണ്ട്. അമ്മയാണ് പേജിന്റെ കാര്യങ്ങൾ നോക്കുന്നത്. പടം വരയ്ക്കലും അതു തുന്നിപ്പിടിപ്പിച്ച ഉടുപ്പുകളുടെ മോഡലിങ്ങുമാണ് കുഞ്ഞുഹൃദ്യയുടെ നേരമ്പോക്ക്. തീരാത്ത കഥകളും വരകളുമായി ഒരു പൂമ്പാറ്റയെപ്പോലെ പാറിനടക്കുകയാണ് ഈ കൊച്ചുമിടുക്കി.