കുട്ടികളോട് ഇങ്ങനെ സംസാരിക്കൂ, അവരുടെ ബുദ്ധി വികസിക്കും; വിഡിയോ
ഏറെ പ്രിയപ്പെട്ട സിനിമയോ വാർത്തയോ കണ്ടിരിക്കുമ്പോൾ കുഞ്ഞു സംശയങ്ങളും കൊച്ചുവർത്തമാനവുമായി കുട്ടികൾ വന്നാൽ എന്താകും നമ്മുടെ പ്രതികരണം? ഒന്നു ചുമ്മാതിരി കൊച്ചേ എന്നു പറയും. അല്ലെങ്കിൽ അടുക്കളയിലേക്കു നോക്കി, എടീ..ഇതിനെ എടുത്തുകൊണ്ടു പോ എന്നു പറയും. എന്നാൽ ടിവിയിലെ ഷോയേക്കുറിച്ച് ഒരു അച്ഛനും വെറും 19 മാസമുള്ള കുഞ്ഞും കൂടിയുള്ള സംഭാഷണം വൈറലായിരിക്കുകയാണ് സമൂഹമാധ്യമത്തിൽ. ടെന്നസിക്കാരനായ കൊമേഡിയൻ ഡി ജെ പ്രിയോർ മകൻ 19 മാസമുള്ള, കിങ്സ്റ്റൺ പ്രയോറുമായി സംസാരിക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്.
ഇടയ്ക്ക് കൃത്യമായ വാക്കുകൾ കിട്ടാതെ മകൻ ടിവിയിലേയ്ക്ക് ചൂണ്ടി ആംഗ്യം കാണിക്കുമ്പോൾ തിരികെ കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുകയാണ് പ്രിയോർ. ഞാൻ പറഞ്ഞത് മനസ്സിലാകുന്നുണ്ടോ?, ശേഷം മകന് പ്രതികരിക്കാൻ സമയം കൊടുക്കുന്നു. എങ്ങനെയാണ് ഒരു സംഭാഷണം നടത്തേണ്ടത് എന്നത് ഫലപ്രദമായി കുട്ടിക്കു മനസ്സിലാകാൻ ഇതു സഹായിക്കും എന്നാണ് ഇതിനെക്കുറിച്ചുള്ള പേരന്റിങ് വിദഗ്ധരുടെ അഭിപ്രായം.
കണ്ടിരിക്കാൻ സുഖമുള്ള വിഡിയോ എന്നതിനപ്പുറം കൊച്ചുകുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് അച്ഛനമ്മമാരുമായുള്ള സംസാരവും ഇടപെടലുകളും എത്ര ഫലപ്രദമാണ് എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഇതെന്നും പേരന്റിങ് വിദഗ്ധർ പറയുന്നു.
ഭാഷ ഉൾപ്പെടെ ഭാവി ജീവിതത്തിനു വേണ്ടുന്ന പ്രധാനശേഷികൾ കുട്ടികൾ പഠിക്കുന്നത് തങ്ങൾക്കു ചുറ്റുപാടുമുള്ള ലോകത്തുനിന്ന് വിവരങ്ങൾ ശേഖരിച്ചാണ്. ഇതിന് പ്രധാനമായും സഹായിക്കുന്നത് കൊണ്ടും കൊടുത്തുമുള്ള ഇടപെടലുകളാണ്. ഉദാഹരണത്തിന് ഒരു കുഞ്ഞ് അമ്മയുടെ മുഖത്തുനോക്കി ഒച്ചയിടുകയോ ചിരിക്കുകയോ ചെയ്യുന്നുവെന്ന് ഇരിക്കട്ടെ, അമ്മ തിരിച്ച് അതിനോടു നോട്ടത്തിലൂടെയോ ചിരിയിലൂടെയോ പ്രതികരിക്കുന്നു. കുട്ടികളുടെ ഭാഷാ വികസനത്തിന് മാതാപിതാക്കൾക്ക് ഏറ്റവും ഫലപ്രദമായി ചെയ്യാവുന്ന ഒന്നാണ് കുട്ടികളുമായി സംസാരിക്കുന്നത്. കുട്ടികളുമായുള്ള ഷോപ്പിങ്ങോ ചുറ്റിക്കറങ്ങലോ പോലും കുട്ടികളുടെ ബൗദ്ധികശേഷികളെ മെച്ചപ്പെടുത്താനുള്ള വഴിയാക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിഡിയോ.