കുട്ടികൾ സുരക്ഷിതരല്ലാത്ത കുടുംബങ്ങൾ 1.13 ലക്ഷം !
കെ. ജയപ്രകാശ് ബാബു
കുറച്ചു നാൾ മുൻപാണ്. സ്കൂൾ അധികൃതരാണു പ്രശ്നം ജില്ലാ ശിശുക്ഷേമസമിതിക്കു മുന്നിലെത്തിച്ചത്. അമ്മ വല്ലാതെ ജോലി ചെയ്യിപ്പിക്കുന്നുവെന്നും ചെയ്തില്ലെങ്കിൽ മർദിക്കുന്നു എന്നുമായിരുന്നു ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ പരാതി. എല്ലാ ദിവസവും പുലർച്ചെ 5 ന് എഴുന്നേറ്റില്ലെങ്കിൽ അമ്മയുടെ മർദനം ഉറപ്പ്. ശിശുക്ഷേസമിതി ഇടപെടുകയും കുട്ടിയെ വീട്ടിൽ നിന്നു മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ശിശുക്ഷേസമിതിയുടെ സംരക്ഷണത്തിലാണു പെൺകുട്ടി ഇപ്പോൾ.
ഏലൂരിൽ 3 വയസ്സുകാരന്റെ മരണത്തിലേക്കു നയിച്ച മർദനം ഒറ്റപ്പെട്ടതല്ലെന്നാണു ചൈൽഡ്‌ലൈൻ, ശിശുക്ഷേസമിതി, സാമൂഹികനീതി വകുപ്പ് തുടങ്ങിയവയ്ക്കു ലഭിക്കുന്ന പരാതികളും വിവരങ്ങളും സൂചിപ്പിക്കുന്നത്. മദ്യപിച്ചു ബഹളം വയ്ക്കുന്ന അച്ഛൻ, വീട്ടിൽ കയറ്റുന്നില്ലെന്ന പരാതികൾ ചൈൽഡ്‌ലൈനിൽ അടിക്കടി ലഭിക്കാറുണ്ട്.
ഇതരസംസ്ഥാനക്കാരാണു മക്കളെ ഉപദ്രവിക്കുന്നവരെന്നു പറഞ്ഞു കൈകഴുകാൻ സാധിക്കില്ല. മലയാളികളും ഇക്കാര്യത്തിൽ പിറകിലല്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. 4 വയസ്സുള്ള മകളെ ഭാര്യ ഉപദ്രവിക്കുന്നതായി ശിശുക്ഷേസമിതിയിൽ പരാതിയുമായെത്തിയതു കുട്ടിയുടെ പിതാവു തന്നെയാണ്. പിതാവ് ഗൾഫിലായിരുന്ന സമയത്താണു കുട്ടിയെ ഉപദ്രവിച്ചത്. രാമമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ അമ്മയ്ക്കും 4 മക്കൾക്കും നേരെ ആസിഡ് ആക്രമണം നടന്നതു ജനുവരിയിലാണ്.
കൊച്ചി നഗരത്തിൽ ലോട്ടറി വിറ്റ 5 വയസ്സുകാരനെ രണ്ടാനച്ഛന്റെ കൈയിൽ നിന്നു ശിശുക്ഷേസമിതി രക്ഷിച്ചിട്ട് അധികനാളായിട്ടില്ല.
ഏലൂരിൽ മനോദൗർബല്യമുള്ള മുത്തശ്ശിയും അമ്മയും ചേർന്നു സ്ഥിരമായി മർദിച്ചത് സ്കൂൾ വിദ്യാർഥിനിയെ. കാലൊടിഞ്ഞ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണു വിവരം പുറത്തായത്. ഇവർ കുട്ടിയെ ഭിക്ഷാടത്തിനുപയോഗിച്ചതായും ആക്ഷേപമുണ്ട്. കാക്കനാട്ടെ 5 വയസ്സുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ, സർക്കാർ ആശുപത്രിയിലെ ഡോക്ടറാണ്. വഴക്കിട്ട ശേഷം കുട്ടികളെ അനാഥമന്ദിരത്തിൽ ഏൽപിച്ച ശേഷം മുങ്ങുകയാണ് ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കളുടെ രീതി. വീടുകളിൽ കുട്ടികൾ മർദനമേൽക്കുന്നതിന്റെ പരാതികൾ ആവർത്തിച്ചു ലഭിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു.
ആരാണ് കുട്ടി?
18 വയസ്സിനു താഴെയുള്ളവരെല്ലാം നിയമത്തിന്റെ കണ്ണിൽ കുട്ടികളാണ്.
അടുത്തിടെ സാമൂഹികനീതി വകുപ്പു നടത്തിയ സർവേയിൽ ജില്ലയിൽ കുട്ടികൾ സുരക്ഷിതരല്ലാത്ത 1, 13, 398 കുടുംബങ്ങളുണ്ടെന്നു കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഇക്കാര്യത്തിൽ തിരുവനന്തപുരം (1.53 ലക്ഷം), തൃശൂർ (1.19 ലക്ഷം) എന്നിവയ്ക്കു പിറകിൽ മൂന്നാം സ്ഥാനത്താണ് എറണാകുളം. ജില്ലയിലെ 60,179 കുടുംബങ്ങളിൽ ചുമതലക്കാർ വനിതകളാണെന്നും സർവേ വ്യക്തമാക്കുന്നു.
മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുട്ടികളുള്ള 28, 758 കുടുംബങ്ങളുണ്ട്. രക്ഷിതാക്കളിലൊരാൾ പുനർവിവാഹം ചെയ്ത കുടുംബങ്ങളുടെ എണ്ണം 2927. ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾ 6550.
ഗാർഹിക പീഡന കേസുകളിൽ പെട്ട കുടുംബങ്ങൾ 614. മാതാപിതാക്കൾ മദ്യത്തിനടിമയായ കുടുംബങ്ങൾ 9956. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മനോദൗർബല്യമുള്ള മാതാപിതാക്കളുള്ള കുടുംബങ്ങൾ 1158.
തീർത്തും ദരിദ്രരായ കുടുംബങ്ങൾ 3130. ക്രിമിനൽ പശ്ചാത്തലമുള്ള കുട്ടികളുള്ള കുടുംബങ്ങൾ 126.
കുട്ടികളെ പറ്റിയുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത് എവിടെ?
∙ ഏറ്റവുമടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കാം. എല്ലാ പൊലീസ് സ്റ്റേഷനിലും എഎസ്ഐയുടെ റാങ്കിൽ കുറയാത്ത ഒരു പൊലീസ് ഓഫിസറെ ചൈൽഡ് വെൽഫെയർ പൊലീസ് ഓഫിസറായി നിയോഗിച്ചിട്ടുണ്ട്. സ്പെഷൽ ജുവനൈൽ പൊലീസ് യൂനിറ്റും പൊലീസിലുണ്ട്.
∙ ജില്ലാ ശിശുക്ഷേമസമിതിയിൽ ഒരു ചെയർപഴ്സണും 4 അംഗങ്ങളുമുണ്ട്. അതിക്രമത്തിനിരയായ കുട്ടിയെ ആർക്കും ഇതിലാരുടെയെങ്കിലും മുന്നിൽ ഹാജരാക്കാം. അതിക്രമം സമിതിക്കു റിപ്പോർട്ട് ചെയ്യുകയുമാവാം.
∙ നിയമവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത കുട്ടികളുടെ കാര്യം കൈകാര്യം ചെയ്യാനും തീർപ്പു കൽപിക്കാനും അധികാരമുള്ള 3 അംഗ കമ്മിറ്റിയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ്.
∙ വനിത, ശിശുസംരക്ഷണ വകുപ്പിനു കീഴിലുള്ള ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് കുട്ടികളുടെ സംരക്ഷണത്തിനുള്ള നോഡൽ ഏജൻസിയാണ്. സർക്കാർ, എൻജിഒ, വ്യക്തികൾ തുടങ്ങിയവുമായി ചേർന്നു പ്രവർത്തിക്കുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫിസർ നേതൃത്വം നൽകുന്നു.
∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി ജില്ലാ തലത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ പ്രാദേശികമായും പ്രവർത്തിക്കുന്ന ശിശുസംരക്ഷണ സമിതികൾ. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശിശുസംരക്ഷണ സമിതികൾ മാസത്തിലൊരിക്കൽ േചരണമെന്നാണു നിയമം.
ഇതു നടക്കാറില്ലെന്നതു യാഥാർഥ്യം. ചുറ്റുവട്ടത്തെ കുട്ടികളുടെ പ്രശ്നങ്ങൾ ആർക്കും സമിതിയംഗങ്ങളെ അറിയിക്കാം. ആത്മാർഥമായി ശ്രമിക്കുകയാണെങ്കിൽ, ഇത്രയും ഫലപ്രദമായ മറ്റൊരു മാർഗമില്ല.
∙ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചൈൽഡ്‌ലൈനിൽ ആർക്കും വിവരം വിളിച്ചു പറയാം. വിവരം അവർ പൊലീസ്, ശിശുക്ഷേസമിതി എന്നിവയ്ക്കു കൈമാറും. കേസ് റജിസ്റ്റർ ചെയ്യൽ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയവ ശിശുക്ഷേസമിതിയുടെയും പൊലീസിന്റെയും ചുമതലയിലാണ്.
കുട്ടികളെ നിരീക്ഷിക്കുക
അതിക്രമങ്ങളിൽ നിന്നു കുട്ടികളെ രക്ഷിക്കുന്നതിനൊപ്പം അവരെ കർശനമായി നിരീക്ഷിക്കുകയും ചെയ്യണമെന്നു ജില്ലാ ശിശുക്ഷേസമിതി മുൻ അധ്യക്ഷ പി. പത്മജ നായർ പറഞ്ഞു. ‘കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ ബോധവൽകരണം നടത്തണം. വിവിധ ഏജൻസികൾ ഒത്തൊരുമയോടെ പ്രവർത്തിക്കണം. അതുപോലെ, കുട്ടികളുടെ ഇടപെടലുകൾ കർശനമായി നിരീക്ഷിക്കുകയും ചെയ്യണം. 15നും 18നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ ലൈംഗിക ബന്ധം വ്യാപിക്കുന്നുണ്ട്.
കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം രക്ഷിതാക്കൾ കർശനമായി നിയന്ത്രിക്കണം. കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ ഒരു പ്ലസ് ടു വിദ്യാർഥി, വീടുവിട്ടിറങ്ങിയതു മൊബൈൽ ഫോൺ വാങ്ങാനുള്ള പണമുണ്ടാക്കാൻ വേണ്ടിയാണ്.’
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അറിയിക്കേണ്ട ഫോൺ നമ്പറുകൾ
ചൈൽഡ്‌ലൈൻ: 1098
ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്: 0484 2609177, 8281899466
ശിശുക്ഷേമസമിതി: 0484 2428552
ജുവനൈൽ ജസ്റ്റിസ് ബോർഡ്: 0484 2428554
ഗവ. ചിൽഡ്രൻസ് ഹോം: 0484 2428553
ഗവ. ഒബ്സർവേഷൻ ഹോം: 0484 2428554