രണ്ടു വർഷമായി പഠനം സ്കൂളിലല്ല, സെറ്റിൽ : മാമാങ്കത്തിലെ ചന്തുണ്ണിക്ക് പറയാനുള്ളത്, Interview, Achuthan, Film, Mamangam, Children, Manorama Online

രണ്ടു വർഷമായി പഠനം സ്കൂളിലല്ല, സെറ്റിൽ : മാമാങ്കത്തിലെ ചന്തുണ്ണിക്ക് പറയാനുള്ളത്

സീന ആന്റണി

രണ്ടു വർഷം മുൻപു വരെ മറ്റേതൊരു സാധാരണ കുട്ടിയെപ്പോലെ തന്നെയായിരുന്നു അച്യുതന്റെ ദിനചര്യകൾ. ചെറിയൊരു വ്യത്യാസമുള്ളത് കളരി അഭ്യാസം മാത്രം. ആ കളരി തന്നെയാണ് അച്യുതനെ മാമാങ്കം സിനിമയിലേക്ക് എത്തിച്ചത്. വാളും ഉറുമിയും വച്ചുള്ള അഭ്യാസപ്രകടനങ്ങളിൽ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് അച്യുതൻ എന്ന ആറാം ക്ലാസുകാരൻ കാഴ്ച വച്ചത്. സിനിമയ്ക്കു വേണ്ടി എത്ര ഉറക്കം കളയാനും കഷ്ടപ്പെടാനും അച്യുതൻ തയ്യാർ! പക്ഷെ, സ്കൂളിൽ അച്യുതന് ഒരു വില്ലനുണ്ട്. സോഷ്യൽ സ്റ്റഡീസ്. അച്യുതന്റെ കൊച്ചു ലോകത്തെ വലിയ വിശേഷങ്ങൾ വായിക്കാം.

അത് പഠിക്കുമ്പോൾ എന്തോ പോലെയാ
സ്കൂളിൽ പ്രശ്നമായിട്ട് തോന്നീത് എസ്.എസ്– സോഷ്യൽ സ്റ്റഡീസ്. അഞ്ചാം ക്ലാസു വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. ആറാം ക്ലാസു തൊട്ട് മൂന്നു ഭാഗമായിട്ടല്ലേ ഡിവൈഡ് ചെയ്തേക്കണേ. പൊളിറ്റിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി. ഇതു മൂന്നും കൂടെ പത്തു ചാപ്റ്ററാ, ഒരു എക്സാമിന്! അതും ഒരു ദിവസം. ഇതെല്ലാം കൂടി പഠിക്കുമ്പോൾ എനിക്കെന്തോ പോലെയാ... എനിക്ക് ഏറ്റവും ഇഷ്ടം പി.ടി പിരീഡാണ്. പി.ടിക്ക് ഒരുപാടു കളിക്കാം. ഫുട്ബോൾ ഒക്കെ കളിക്കും. അതു കളിപ്പിച്ചില്ലെങ്കിൽ തൊട്ടാപിടുത്തം, ഏറുപന്ത്... അങ്ങനെ വേറെ കളികളുണ്ട്.

അല്ലെങ്കിൽ അമ്മ വഴക്കു പറയും
രാവിലെ ചില ദിവസം പത്രം വായിക്കും. പത്രം വായിച്ചില്ലെങ്കിൽ അമ്മ വഴക്കു പറയും. പത്രത്തിൽ മെയിൻ ആയി ഫ്രണ്ട് പേജ് പിന്നെ സ്പോർട്സ് പേജ് വായിക്കും. ഞാൻ പിന്നെ അങ്ങനെ കുട്ടികൾക്കെതിരായുള്ള വാർത്തകളൊന്നും അധികം വായിക്കാറില്ല. അതിനെക്കുറിച്ചൊന്നും ഞങ്ങൾ സ്കൂളിലും ചർച്ച ചെയ്യാറുമൊന്നുമില്ല. ഞാനും പൊതുവെ അതൊന്നും ശ്രദ്ധിക്കാറില്ല.

സൂര്യൻ ഉദിക്കുന്നതിനു മുൻപെ എണീക്കണോ?
കഴിഞ്ഞ രണ്ടു വർഷവും ഞാൻ മാമാങ്കത്തിന്റെ സെറ്റിൽ ഇരുന്നാണ് പഠിച്ചത്. സ്കൂൾ ഉള്ളപ്പോൾ നേരത്തെ എണീക്കും. രാവിലെ ആറു മണിയൊക്കെ ആകുമ്പോൾ എണീക്കും. പിന്നെ ഷൂട്ടിൽ ആയിരുന്നപ്പോൾ അതിലും നേരത്തെ എണീറ്റിട്ടുണ്ട്. അതിലും താമസിച്ചും എണീറ്റിട്ടുണ്ട്. സ്കൂളിൽ പോകാത്ത ദിവസം വളരെ താമസിച്ചേ എണീക്കൂ. നേരത്തെ എണീക്കുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. സൂര്യൻ ഉദിക്കുന്നതിനു മുൻപെ എണീറ്റിട്ട് എന്തു ചെയ്യാനാ?
മുടി വളർത്തിയാൽ ഫ്രീക്കനാകുമോ?
ഞാൻ ഇതെന്നും കെട്ടി വച്ചോണ്ടാ സ്കൂളിൽ പോകുന്നത്. അപ്പോൾ എല്ലാവരും മുടിയേൽ പിടിച്ചു വലിക്കും. സ്കൂളിൽ ആൺകുട്ടികളെ മുടി വളർത്താൻ അനുവദിക്കാത്തതിനോടു എനിക്ക് വലിയ യോജിപ്പില്ല. അവരുടെ വിചാരം, കുട്ടികൾ മുടിയിലേക്ക് ശ്രദ്ധിക്കും... പഠിത്തത്തിൽ ഉഴപ്പും... സ്വഭാവത്തിൽ മാറ്റം വരും എന്നൊക്കെയാണ്. പക്ഷെ, പെൺകുട്ടികൾ മുടി വളർത്തുന്നുണ്ടല്ലോ! അവർക്ക് പഠനത്തിൽ പ്രശ്നമില്ലല്ലോ! മിക്ക ആൾക്കാരും പറയുന്നു, മുടി വളർത്തി നടക്കുന്നവർ ഫ്രീക്കന്മാരാണ്. സിഗരറ്റ് വലിക്കും എന്നൊക്കെ. അങ്ങനെ ഒന്നുമില്ല. ഓരോരുത്തരുടെ താൽപര്യം കൊണ്ട്, അവർ മുടി വളർത്തുന്നു... താടി വളർത്തുന്നു എന്നേയുള്ളൂ.

പെൺകുട്ടിയാണെന്നു തെറ്റിദ്ധരിക്കും
മുടിക്ക് നീളമുള്ളതുകൊണ്ട് പലരും ഞാൻ പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഒരു പ്രാവശ്യം ഡ്രസ് എടുക്കാൻ പോയപ്പോൾ കടയിൽ ഡ്രസ് എടുത്തു തരാൻ നിന്ന ആള് പറഞ്ഞു, പെൺകുട്ടികളുടെ ഇവിടെയല്ല... അവിടെയാണെന്ന്! തൽക്കാലം മുടി വെട്ടാൻ ഉദ്ദേശമില്ല. ഇതാവുമ്പോൾ കുറെ ഹെയർ സ്റ്റൈൽസ് പരീക്ഷിക്കാലോ. കളർ ചെയ്യാം. കരാട്ടെ കിഡിലെ കുട്ടിയെപ്പോലെ പിൻ ചെയ്തിടാം.

സ്വയരക്ഷയ്ക്ക് കളരി പഠിക്കാം
എന്റെ അഭിപ്രായത്തിൽ പെൺകുട്ടികളും കളരി പഠിക്കണം. ഇപ്പോൾ എല്ലായിടത്തും കൊലപാതകം,പിടിച്ചുപറി ഒക്കെയല്ലേ. പൊലീസിന് എല്ലായ്പ്പോഴും വന്നു സംരക്ഷിക്കാൻ പറ്റില്ല. അപ്പോൾ നമ്മൾ തന്നെ കുറച്ച് സെൽഫ് ഡിഫൻസ് ആയി പഠിച്ചിരിക്കുന്നത് നല്ലതാ. എന്റെ ഫ്രണ്ട്സിൽ ചിലർ കളരി പഠിക്കുമെന്നൊക്കെ പറയുന്നുണ്ടായിരുന്നു. അവർ പഠിച്ചു തുടങ്ങിയോ എന്ന് അറിയില്ല.

അനിയത്തിക്ക് പേരിട്ടത് ഞാനാ
എനിക്ക് ഒരു ഏഴു വയസുള്ളപ്പോഴാണ് അരുന്ധതി ജനിക്കുന്നത്. അവൾക്ക് ആ പേരിട്ടത് ഞാനാണ്. ഞാൻ അനുഷ്ക ഷെട്ടിയുടെ അരുന്ധതി എന്ന സിനിമ കണ്ടിരുന്നു. എനിക്കത് ഭയങ്കര ഇഷ്ടമായി. അതു കണ്ടിട്ടാണ് അവൾക്ക് അരുന്ധതി എന്ന പേരിട്ടത്. അവൾ വലിയ കുസൃതിയാണ്. രാവിലെ ഞാൻ എണീക്കുമ്പോൾ കുറച്ചു താമസിക്കും. അരുന്ധതി അതിനു മുൻപെ എഴുന്നേൽക്കും. രാവിലെ അമ്മ കാപ്പിയെടുത്തു വയ്ക്കുമ്പോൾ എനിക്കുള്ള കാപ്പിയാണെങ്കിലും ഞാൻ അതു ശ്രദ്ധിക്കാതെ പോയാൽ അവൾ അതെടുത്ത് കുടിക്കും. അതിന്റെ പേരിലാണ് ഞങ്ങൾ എപ്പോഴും വഴക്കുണ്ടാവാറുള്ളത്.

സ്കൂളിൽ പോയി പഠിക്കണോ?
എന്നോടു ചോദിച്ചാൽ ഞാൻ പറയും, എനിക്ക് സ്കൂളിൽ നിന്ന് ഒരു ഫ്രീഡം വേണമെന്ന്. അതായത് എഡ്യുക്കേഷനിൽ നിന്നല്ല, അതു വേണം. ലാംഗ്വേജസ് ഉണ്ടായിരിക്കണം. അത്യാവശ്യം പൊതുകാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. പക്ഷെ, ഈ കണക്ക്, സോഷ്യൽ സ്റ്റഡീസ്, സയൻസ് ഇതൊക്കെ പഠിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ! കാര്യമുണ്ട്... പക്ഷെ, ഒരുപാടു പഠിക്കേണ്ട കാര്യമില്ലല്ലോ. എനിക്ക് ഒരുപാടു യാത്ര ചെയ്യുന്നത് ഇഷ്ടമാണ്. ലോകം മുഴുവൻ കറങ്ങണമെന്നുണ്ട്. അതൊക്കെയാണ് എനിക്കുള്ള ആഗ്രഹങ്ങൾ.

Summary: Interview with the young hero Achuthan from movie Mamangam

വിഡിയോ കാണാം