ഇത് ഇട്ടിമാണിയിലെ കുട്ടി സ്റ്റാർ; സ്വപ്നം അനാഥാലയവും വൃദ്ധമന്ദിരവും അനിമൽ ഷെൽട്ടറും,  Little boy, interview, Niranjan, Mohanlal, Ittimani, child artist, animal lover, Kidsclub, Manorama Online

ഇത് ഇട്ടിമാണിയിലെ കുട്ടി സ്റ്റാർ; സ്വപ്നം അനാഥാലയവും വൃദ്ധമന്ദിരവും അനിമൽ ഷെൽട്ടറും

ലക്ഷ്മി നാരായണൻ

ഇത് നിരഞ്ജൻ കണ്ണൻ, വലിയ മാസ് ഇൻട്രോയൊന്നും ആവശ്യമില്ലാതെ തന്നെ മലയാളി പ്രേക്ഷകർക്ക് നിരഞ്ജൻ എന്ന മിടുക്കനെ മനസിലാകും. ശ്യാമപ്രസാദ് ചിത്രമായ ഒരു ഞായറാഴ്ചയിൽ അരങ്ങേറ്റം കുറിച്ച് മോഹൻലാൽ നായകനായ ഇട്ടിമാണിയിലും നിരവധി ടെലിവിഷൻ പരസ്യങ്ങളിലും തിളങ്ങിയ നിരഞ്ജൻ ഇന്ന് മലയാളികൾക്ക് സുപരിചതമായ മുഖമാണ്. എന്നാൽ അഭിനയത്തിനപ്പുറം നിരഞ്ജന് മറ്റൊരു ഇഷ്ടം കൂടിയുണ്ട്. ഇമ്മിണി ബല്യൊരു ഇഷ്ടം. റോഡിലൂടെ അലഞ്ഞു തിരിയുന്ന പട്ടികൾക്കും പൂച്ചകൾക്കും ഭക്ഷണം കൊടുക്കാനും സംരക്ഷണം ഒരുക്കാനും കക്ഷിക്ക് ആരുടേയും പിന്തുണ വേണ്ട. മൃഗസംരക്ഷണ പ്രവർത്തകരായ സാലി വർമയുടെയും കണ്ണൻ നാരായണന്റെയും മകനായതിനാൽ തന്നെ വീട്ടിൽ അഭയം കൊടുത്ത മൃഗങ്ങളെ കണ്ടുകൊണ്ടായിരുന്നു നിരഞ്ജന്റെ വളർച്ച. അഭിനയത്തിലും മൃഗസ്നേഹത്തിലും ഒരേപോലെ ശ്രദ്ധ പതിപ്പിക്കുന്ന നിരഞ്ജന്റെ വിശേഷങ്ങൾ ഇവിടെ തുടങ്ങുന്നു...

സാൽക്കൻ വില്ലയെന്ന വീട്
നിരഞ്ജന്റെ കഥ തുടങ്ങുന്നത് തൃശൂർ ജില്ലയിലെ സാൽക്കൻ വില്ലയെന്ന വീട്ടിലാണ്. അവിടെ അമ്മ സാലിക്കും അച്ഛൻ കണ്ണനുമൊപ്പം സ്പു എന്ന് വിളിക്കുന്ന നിരഞ്ജൻ രാവിലെ മുതൽ തിരക്കിലാണ്. പലയിടങ്ങളിൽ നിന്നായി രക്ഷിച്ച ഉടമകൾ ഉപേക്ഷിച്ച 11 പൂച്ചകളും 3 പട്ടികളുമുണ്ട് സൽക്കാൻ വില്ലയിൽ. ഇവരുടെ പ്രധാന സംരക്ഷണ ചുമതല നിരഞ്ജന് തന്നെയാണ്. ഇവരുടെ കൂടെ കളിക്കാനും അവർക്ക് ഭക്ഷണം കൊടുക്കാനും കുളിപ്പിക്കാനും ഒക്കെ വലിയ ഇഷ്ടമാണ് കക്ഷിക്ക്. ഇപ്പോൾ കസിൻ കീർത്തന ചേച്ചിയും സഹായിക്കും. സ്‌കൂളിൽ പോകുന്നതിനു മുൻപായി വീട്ടിലെ എല്ലാ ' പിള്ളേർക്കും' ഭക്ഷണം കൊടുത്ത് എന്ന് ഉറപ്പാക്കിയിട്ടേ സ്‌കൂൾ ബാഗുമെടുത്ത് നിരഞ്ജൻ പുറത്തേക്ക് ഇറങ്ങൂ.

അയ്യോ, കളയണ്ട ഇങ്ങു തന്നേക്ക്
ആരെങ്കിലും വീട്ടിലെ പൂച്ചകുഞ്ഞിനെയോ നായയേയോ ഉപേക്ഷിക്കുന്ന കാര്യം പറഞ്ഞാൽ നിരഞ്ജൻ ഉടൻ ചാടി വീഴും. അയ്യോ കളയണ്ട ഇങ്ങു തന്നേക്ക്, ഞാൻ വളർത്തിക്കോളാം. ചെറിയ കുട്ടിയല്ലേ എന്ന് കരുതി നിരഞ്ജന്റെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ ഉടൻതന്നെ അമ്മയോട് കാര്യം പറയും. ഏത് വിധേനെയും ആ മൃഗത്തെ രക്ഷിക്കുകയും ചെയ്യും. നിരഞ്ജന്റെ ഈ സ്വഭാവം സ്‌കൂളിലെ അധ്യാപകർക്കും അറിയാം.


സഹജീവി സ്നേഹമുള്ള കുട്ടി
തൃശൂർ സല്സബീൽ സ്‌കൂളിലെ അധ്യാപകർ നിരഞ്ജനെ വിശേഷിപ്പിക്കുനന്ത് അങ്ങനെയാണ്. സ്‌കൂൾ ആണെന്നോ, യൂണിഫോമിൽ ആണെന്നോ ഒന്നും നോക്കാതെയാണ് നിരഞ്ജൻ ആരുമില്ലാത്ത മൃഗങ്ങൾക്ക് ഭക്ഷണം നൽകാനും തലോടാനുമൊക്കെ നടക്കുന്നത്. നിരഞ്ജന്റെ സഹജീവി സ്നേഹം ഇപ്പോൾ സഹപാഠികളും ഏറ്റെടുത്തിരിക്കുകയാണ്.

ഇട്ടിമാണിയിലെ കുട്ടി സ്റ്റാർ
വീട്ടിലെ അരുമയായി നാട്ടിലെ പട്ടികളെയും പൂച്ചകളെയുമൊക്കെ രക്ഷിച്ച് സന്തോഷമായി നടക്കുമ്പോഴാണ് സംവിധായകൻ ശ്യാമപ്രസാദ് നിരഞ്ജനെ ഒരു ഞായറാഴ്ച എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുനന്നത്.

'ആദ്യമൊക്കെ കാമറയിൽ നോക്കാനും അഭിനയിക്കാനും ഒക്കെ പറയുമ്പോൾ എനിക്ക് പേടിയായിരുന്നു. അമ്മയുടെ സുഹൃത്തായ നിധി ഗാംഗുലി എന്ന ആന്റി പറഞ്ഞിട്ടാണ് ശ്യാമപ്രസാദ് അങ്കിൾ എന്നെ കാണുന്നത്. എന്റെ പേടി മാറ്റി എടുത്തത് അങ്കിളാണ്. എത്ര ഷോട്ട് റിപ്പീറ്റ് ചെയ്യേണ്ടി വന്നാലും അങ്കിൾ ദേഷ്യപ്പെടില്ല. ആ സിനിമ കഴിഞ്ഞതോടെ ബൈജൂസ്‌ ആപ്പ്, കല്യാൺ സിൽക്‌സ് തുടങ്ങി കുറച്ച് പരസ്യങ്ങളിൽ അഭിനയിച്ചു. ബൈജൂസ്‌ ആപ്പിന്റെ പരസ്യത്തിൽ മോഹൻലാൽ അങ്കിളിന്റെ ഒപ്പമാണ് അഭിനയിച്ചത്. ലാൽ അങ്കിളാണ് എന്നെ ഇട്ടിമാണിയിലേക്ക് സജസ്റ്റ് ചെയ്‍തത്. ഷൂട്ട് ചൈനയിൽ ആയിരുന്നു. നല്ല ബെസ്റ്റ് എക്സ്പീരിയൻസ് ആയിരുന്നു അത്. ലാൽ അങ്കിൾ എന്ന് വച്ചാൽ എനിക്ക് പണ്ടേ ജീവനാണ്. ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.' തന്റെ അഭിനയജീവിതത്തിന്റെ വിശേഷങ്ങൾ നിരഞ്ജൻ പറയുന്നു.

ഒരു പിഗ്ഗിനെ വളർത്തണം
അഭിനയവും അനിമൽ കെയറും ഒപ്പത്തിനൊപ്പം കൊണ്ട് പോകണം എന്നാഗ്രഹിക്കുന്ന നിരഞ്ജന്റെ അടുത്ത ആഗ്രഹം ഒരു പന്നികുട്ടിയെ വളർത്തണം എന്നതാണ്. മാംസത്തിനായി മാത്രമാണ് എല്ലാവരും പന്നിയെ വളർത്തുന്നത്. എന്നാൽ പന്നി ഒരു പാവം മൃഗമാണ്. ഏതെങ്കിലും ഒരു അറവ് ശാലയിൽ നിന്നും ഒരു പന്നിയെ രക്ഷിച്ചുകൊണ്ട് വന്നു വളർത്തണം എന്നതാണ് തന്റെ ആഗ്രഹമെന്ന് നിരഞ്ജൻ പറയുന്നു.

മൃഗങ്ങളെ കണ്ടാൽ കല്ലെറിയുന്ന സ്വഭാവം മാറണം
വഴിയരികിൽ ഒരു പൂച്ചയോ പട്ടിയോ കിടക്കുന്നത് കണ്ടാൽ ഉടനെ കല്ലെടുത്ത് എറിയുക എന്നത് നമ്മുടെ നാട്ടിലെ കുട്ടികളുടെ സ്വഭാവമാണ് എന്ന് നിരഞ്ജൻ പറയുന്നു. അതിനുള്ള കാരണവും നിരഞ്ജൻ തന്നെ വ്യക്തമാക്കുന്നു. 'പട്ടി കടിക്കും പൂച്ച മാന്തും എന്നൊക്കെ പറഞ്ഞു കുട്ടികളെ ചെറുപ്പം മുതൽ പേടിപ്പിക്കുന്നത് മുതിർന്ന ആളുകളാണ്. അതിനാലാണ് അവർ കല്ലെറിയുന്നതും ഉപദ്രവിക്കുന്നത്,. എന്നാൽ അനിമൽസ് പാവമാണ് എന്നു വേണം കുട്ടികളെ പഠിപ്പിക്കാൻ. സ്‌കൂളുകളിലൊക്കെ ഇത്തരത്തിൽ ക്ലാസുകൾ നൽകുന്നത് നല്ലതാണു. എനിക്ക് അവസരം കിട്ടിയാൽ ഞാൻ അത്തരത്തിൽ ക്ലാസുകളെടുക്കും.' നിരഞ്ജന്റെ വാക്കുകളിൽ നിശ്ചയദാർഢ്യം.


കവളപ്പാറയിലെ കിങ്ങിണി പൂച്ചയെ ഓർമയില്ലേ?
കഴിഞ്ഞ വർഷം കവളപ്പാറയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഉടമയും കുടുംബവും വീടടക്കം ഇല്ലാതായപ്പോൾ ഒറ്റപ്പെട്ട കിങ്ങിണി എന്ന പൂച്ചയെ നിരഞ്ജന്റെ അമ്മ സാലിയാണ് നിരഞ്ജന് സമ്മാനിച്ചത്. പിന്നീട് കിങ്ങിണിയുടെ സംരക്ഷാചുമതല മൊത്തത്തിൽ നിരഞ്ജൻ ഏറ്റെടുത്തു. ഇപ്പോഴുള്ള സന്തോഷവാർത്ത എന്തെന്നാൽ, കിങ്ങിണിക്ക് കടിഞ്ഞൂൽ പ്രസവത്തിൽ രണ്ടു കുഞ്ഞുങ്ങളുണ്ടായി. വീട്ടിൽ പൂച്ചകൾ 11 എണ്ണം ആയതിനാൽ ഇവയെ വളർത്താൻ താല്പര്യമുള്ള, സ്നേഹനിധികളായ ആളുകളെ തേടുകയാണ് നിരഞ്ജൻ. എന്നാൽ രണ്ടു കുഞ്ഞുങ്ങളെയും ഒരു വീട്ടിലേക്ക് മാത്രമേ കൊടുക്കൂ എന്നാണ് നിരഞ്ജൻ പറയുന്നത്.

മുത്തശ്ശന്റെ സ്പു
തന്റെ ബെസ്റ്റ് ഫ്രണ്ട് ആരാണ് എന്ന ചോദ്യത്തിന് നിരഞ്ജന്റെ ഉത്തരം ഗ്രാൻഡ് പ എന്നാണ്. അമ്മ സാലിയുടെ അച്ഛനാണ് നിരഞ്ജനെ കഥകളുടെയും മൃഗങ്ങളുടെയും ലോകത്തേക്ക് എത്തിച്ചത്. മുത്തച്ഛൻ വളർത്തിയിരുന്ന അമ്മു എന്ന ലാബ്രഡോർ നായയിൽ നിന്നുമാണ് നിരഞ്ജന്റെ മൃഗസ്നേഹം ആരംഭിക്കുന്നത്. മുത്തശ്ശന്റെ മരണമാണ് നിരഞ്ജന്റെ മറക്കാനാവാത്ത സങ്കടം.

അനാഥാലയവും വൃദ്ധമന്ദിരവും അനിമൽ ഷെൽട്ടറും ഒന്നിച്ച്
ചെറിയ കുട്ടി ആണെങ്കിലും വലിയൊരു ആഗ്രഹം നിരഞ്ജൻ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. സിനിമകളിൽ അഭിനയിച്ചു കിട്ടുന്ന പണവും വലുതായി ജോലി എടുത്തുണ്ടാക്കുന്ന പണവും എല്ലാം സ്വരുക്കൂട്ടി ഒരു അനാഥാലയവും വൃദ്ധമന്ദിരവും അനിമൽ ഷെൽട്ടറും ഒന്നിച്ച് പണിയണം. മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികൾക്ക് വൃദ്ധമന്ദിരത്തിലെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും തണലാകും. അവർക്ക് സ്നേഹം നൽകാൻ കുട്ടികൾക്കും കഴിയും,. ഇരു കൂട്ടരെയും സന്തോഷിപ്പിക്കാൻ ആർക്കും വേണ്ടാത്ത, ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾക്കും കഴിയും.നിരഞ്ജന്റെ കുഞ്ഞി മനസിലെ വലിയ ആഗ്രഹം ഇതാണ്.

Summary : Interview with Niranjan child artist and animal lover