120 മണിക്കൂര്‍ ജോലി, 1 രൂപ കൂലി, നാലാം വയസ്സിൽ അടിമ; ഇക്ബാലിന്റെ പോരാട്ടത്തിന്റെ കഥ
ശ്രീപ്രസാദ്
പായ നെയ്യുന്ന തറിയുടെ പലകയിൽ ചങ്ങല ഉപയോഗിച്ചു ബന്ധിച്ചിട്ട കുട്ടികൾ. ആഴ്ചയിൽ ഏഴുദിവസം, 120 മണിക്കൂർ ആണ് അവർക്കു ജോലി. ദിവസം 30 മിനിറ്റ് മാത്രം ഇടവേള. കിട്ടുന്ന വേതനമാകട്ടെ, വെറും ഒരു രൂപ. കഴിക്കാൻ ആഹാരമില്ല, ക്രൂരമായ മർദനം. നെയ്ത പായകൾ പ്രാണികൾ കയറി കേടാക്കാതിരിക്കാൻ ജനാലകൾ കാറ്റുപോലും കയറാത്ത തരത്തിൽ അടച്ചിട്ടിരിക്കുന്നതിന്റെ വീർപ്പുമുട്ടൽ.
തറിയിൽ തന്നെ തൊഴിലുടമ ചങ്ങലയ്ക്കിട്ടു ബന്ധിച്ചിരിക്കുന്നതിനാൽ രക്ഷപ്പെട്ട് ഓടാൻപോലും ആ ബാല്യങ്ങൾക്ക് ആയില്ല. പാക്കിസ്ഥാനിലെ ലഹോറിനു സമീപത്തെ വ്യവസായ നഗരത്തിലുള്ള ആ അടിമക്കൂട്ടത്തിനിടയിൽ അവനുമുണ്ടായിരുന്നു; ഇഖ്ബാൽ മാസിഹ്. ദാസ്യച്ചങ്ങലപൊട്ടിച്ചെറിഞ്ഞ് അടിമത്തത്തിനെതിരെ പോരാടി 12ാം വയസിൽ കൊല്ലപ്പെട്ട ഒരു മഹാസങ്കടം.
1983ൽ ലഹോറിനു സമീപത്തെ മുരിഡ്ക്ക് ഗ്രാമത്തിൽ ദരിദ്ര കുടുംബത്തിലായിരുന്നു അവന്റെ ജനനം. വീട്ടുകാർ നെയ്ത്തുശാല ഉടമയിൽനിന്നു കടംവാങ്ങിയ 6000 രൂപ തിരിച്ചയ്ക്കാനാണു നാലാം വയസിൽ ഇഖ്ബാലിന് അടിമവേല ചെയ്യേണ്ടിവന്നത്. ദിവസവും ലഭിച്ചിരുന്ന ഒരു രൂപയെന്ന തുച്ഛ വരുമാനത്തിൽ നിന്ന് ആ കടം വീട്ടുക അസാധ്യവുമായിരുന്നു.
സുപ്രീം കോടതി ഉത്തരവിനെ പോലും വെല്ലുവിളിച്ച് പാക്കിസ്താനിലെ പായ് നിർമാണ രംഗത്തും ഇഷ്ടികക്കളങ്ങളിലും അടിമത്തൊഴിൽ വ്യാപകമായിരുന്ന കാലം. പാവപ്പെട്ടവർക്കു പണം കടംനൽകി ആജീവനാന്തകാലം അവരെ തങ്ങളുടെ തൊഴിലിടങ്ങളിൽ പണിക്കു നിർത്തുന്ന കൗശലക്കാരായ മാഫിയകളുടെ കേളീരംഗം. 75 ലക്ഷം കുട്ടികളാണത്രേ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ട് ഇവിടങ്ങളിൽ അടിമവേല ചെയ്തിരുന്നത്. സ്കൂളിൽ പോകാനാകാതെ, നല്ല ആഹാരം കിട്ടാനില്ലാതെ ഇഖ്ബാലും ജോലി ചെയ്തു, ആറു വർഷം.
പത്താം വയസിൽ ആ നെയ്ത്തുശാലയിൽനിന്ന് ഒളിച്ചോടിയെങ്കിലും പിടിക്കപ്പെട്ടു. എന്നാൽ അവന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇഛ്ചാശക്തി അതുകൊണ്ടും തകർന്നില്ല. വീണ്ടും രക്ഷപ്പെടാൻ കോപ്പുകൂട്ടിയ അവന്റെ ശ്രമം വിജയിക്കുക തന്നെ ചെയ്തു. അടിമവേലയ്ക്ക് എതിരായി പ്രവർത്തിക്കുന്ന ഒരു സംഘടനയിലാണ്(ബിഎൽഎൽഎഫ്) അവൻ ചെന്നു പെട്ടത്. അവിടെ നിന്ന് അവൻ വിദ്യാഭ്യാസം നേടി, ഒപ്പം അടിമവേല അവസാനിപ്പിക്കാൻ വ്യാപക പ്രചാരണങ്ങളുമായി ആ സംഘടനയോടൊപ്പം കച്ചകെട്ടി ഇറങ്ങി. ഇഖ്ബാലിന്റെ പരിശ്രമ ഫലമായി ഒട്ടേറെ കുട്ടികൾ അടിമവേലകളിൽനിന്നു മോചിപ്പിക്കപ്പെട്ടു. ഈ കൊച്ചുമിടുക്കന്റെ വലിയ ഉദ്യമത്തിനു മുന്നിൽ ലോകം കയ്യടിച്ചു.
ഒട്ടേറെ മനുഷ്യാവകാശ പുരസ്കാരങ്ങളും ഇക്കാലത്ത് അവനെ തേടിയെത്തി. അടിമത്വത്തിന് എതിരായ സന്ദേശവുമായി വിവിധ രാജ്യങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. എന്നാൽ ലോകത്തിന്റെ പ്രത്യാശകളെ ഊതിക്കെടുത്തി 1995ൽ പായ്നിർമാണ മാഫിയയുടെ വെടിയേറ്റ് ഇഖ്ബാൽ നമ്മോടു വിടപറഞ്ഞു. എങ്കിലും ഇഖ്ബാൽ സഹകരിച്ചു പ്രവർത്തിച്ചിരുന്ന സംഘടന ഇന്നും അടിമവേലയ്ക്കെതിരെ പോരാട്ടവുമായി പാക്കിസ്ഥാനിൽ സജീവമാണ്.
Summary: Iqbal Masih, Child Slave, Child Activist, Pakistan