നിറം കുറഞ്ഞതിന്റെ പേരിൽ കുട്ടിയെ വേദനിപ്പിച്ച് അധ്യാപിക; അമ്മയുടെ അനുഭവം
കുഞ്ഞുമക്കളെപോലും നിറത്തിന്റെ പേരിൽ കളിയാക്കുകയും മാറ്റി നിർത്തുകയും ചെയ്യുന്നവരുണ്ട്. അത്തരം ചില അധ്യാപകർ പോലുമുണ്ടെന്നത് വളരെ വേദനാജനകമായ കാര്യം തന്നെയാണ്. കഴിവുണ്ടെങ്കിൽ പോലും നിറം കുഞ്ഞതിന്റെ പേരിൽ സ്കൂളിലെ പരിപാടികളിൽ നിന്നും മാറ്റി നിർത്തുമ്പോൾ ആ കുഞ്ഞു മനസ്സ് വേദനിക്കുന്നത് ഇവർ കാണുന്നില്ലേ? എത്രയൊക്കെ പുരോഗമിച്ചു എന്ന് അവകാശപ്പെട്ടാലും ചില കാര്യങ്ങൾ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാൻ സമയമെടുക്കും. നിറത്തിന്റെ പേരില്‍ മനുഷ്യനെ താരതമ്യം ചെയ്യുന്നതും വേർതിരിവ് കാണിക്കുന്നതുമാണ് അതിൽ ഒന്ന്. നിറം കുറഞ്ഞതിന്റെ പേരിൽ സമൂഹത്തിലും കുടുംബത്തിലും ഒറ്റപ്പെടേണ്ടി വന്ന ഒരമ്മയുടയെും മകളുടെയും കഥയാണ് കൗൺസിലറും സൈക്കളജിസ്റ്റുമായ കല മോഹൻ പറയുന്നത്. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് കല ഇക്കാര്യം കുറിച്ചിരിക്കുന്നത്.
കല മോഹന്റെ കുറിപ്പ് വായിക്കാം:
ഇയാൾക്ക് കറുപ്പാണെന്നു സങ്കടം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ..?
ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി നോക്കവേ, തൊട്ടടുത്തിരുന്നു, സഹപ്രവർത്തകയായ സിംപിൾ ചോദിച്ചു..
ഞാൻ തീരെ പ്രതീക്ഷിക്കാത്ത ചോദ്യം..
എന്ത് ഉത്തരം ആണ് കൊടുക്കുക?
സത്യം പറഞ്ഞാൽ, അഹങ്കാരം എന്നു കരുതും..
ഉണ്ട്, നിങ്ങളുടെ ഒക്കെ സൗന്ദര്യം എനിക്ക് ഇല്ലാതായി പോയില്ലേ എന്നൊരു മറുപടി അവർ പ്രതീക്ഷിക്കുന്നു..
ഞാൻ പറഞ്ഞില്ല..
ചിരിച്ചു കൊണ്ട്,
ഇല്ലല്ലോ.. എനിക്ക് എന്റെ നിറമാണ് ഇഷ്ടം.. എന്നങ്ങു പറഞ്ഞു..
എന്നെ ഒരാൾ, പെണ്ണ് കാണാൻ വന്നിട്ടില്ല..
ആലോചന നടന്നിട്ടുണ്ടാകും.
പെണ്ണ് വെളുപ്പല്ല, നീളമില്ല എന്നൊക്കെ പറഞ്ഞു മാറിയിട്ടുണ്ടാകാം..
അച്ഛനത് എന്നെ അറിയിച്ചിട്ടില്ല...
അതുമല്ല, ഞാൻ എനിക്കുള്ള ആളിനെ അപ്പോഴേക്കും തിരഞ്ഞെടുക്കുകയും ചെയ്തു..
വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ,കുടുംബത്തിൽ മറ്റു പെണ്ണുങ്ങൾ എല്ലാരും വെളുപ്പാണല്ലോ എന്നൊരു കമന്റ് കേട്ടു..
എനിക്ക് ബന്ധുക്കളായ കൂടെ ഉള്ള മറ്റു പെണ്ണുങ്ങളോട് മുഴുവൻ ദേഷ്യം വന്നു..
ജീവിതത്തിൽ വെളുപ്പല്ലാത്ത നിറത്തെ ഞാൻ വില കുറച്ചു കണ്ടത് അപ്പോൾ മാത്രമാണ്...
ഗർഭിണി ആയപ്പോൾ,
കുങ്കുമപൂവ് എന്ന രുചിയില്ലാത്ത സംഭവം എന്നെ ഒരുപാട് ഈർഷ്യപെടുത്തി..
ബീഡിയുടെ അകം കഴിക്കുന്ന രുചി തോന്നി പൂർവാധികം ഓക്കാനിച്ചു. അമ്മ കാണാതെ ഞാൻ അത് കളയുക പതിവായി..
മോളുണ്ടായി കഴിഞ്ഞപ്പോൾ, ആ അഹങ്കാരത്തിനു മറുപടി കിട്ടി..
കൊച്ചും വെളുപ്പല്ല..
അതു മാത്രമല്ല, ഏതാണ്ട് മൂന്ന് വയസ്സ് വരെ വെളുത്ത നിറമുള്ള ആളുകളോട് അവൾ അടുപ്പം കാണിക്കില്ല..
അല്പം ഇരുണ്ട നിറമാണെകിൽ ചിരിച്ചു കൊണ്ട്, അടുത്ത് പോകും..
കറുത്ത നിറമുള്ള അമ്മിഞ്ഞയുടെ പാൽ ചൂടിൽ മാത്രം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവൾ, എന്റെ പൊന്ന് അങ്ങനെ കാണിക്കുമ്പോൾ
വെളുമ്പി അല്ലാത്ത അവളുടെ അമ്മ അതു കണ്ടു, കുസൃതിയോടെ
ഉള്ളിൽ ചിരിക്കും.. ❤
നിറച്ചും വരകൾ കറുത്ത അമ്മ വയറിൽ മുഖം വെച്ചാണവൾ കളിക്കുക..
സംതൃപ്തി, സന്തോഷം, ഇത് രണ്ടുമേ അമ്മയ്ക്കും പൊന്നിനും ഉണ്ടായിരുന്നുള്ളു...
തങ്കശ്ശേരി സ്കൂളിൽ അവളെ ചേർത്തു.
ആറാം ക്ലാസ്സ് വരെ താൻ കറുപ്പാണോ വെളുപ്പാണോ എന്നു അവൾ ആകുലപ്പെട്ടിട്ടില്ല..
ഏഴാം ക്ലാസ്സിൽ സ്കൂൾ മാറി..
അവിടെ ഒരു സംഗീത അദ്ധ്യാപിക ഉണ്ടായിരുന്നു..
മറ്റെല്ലാവരെയും പോൽ ആയിരുന്നില്ല അവരെന്ന് ഇപ്പോഴും ഞാൻ ഓർക്കും..
പുതിയതായി വന്ന എന്റെ മകളെ കൂടെ ഉള്ള കുഞ്ഞുങ്ങൾ കളിയാക്കി..
തൊട്ടാവാടി ആയ അവൾ കരഞ്ഞു കൊണ്ട് എത്തി..
സ്കൂളിൽ കൗൺസിലർ ഇല്ല..
മോൾക്ക് അടുപ്പം ഉള്ള ടീച്ചർനോട് പറയു.
ഇതൊന്നും കാര്യമാക്കേണ്ട ഒന്നല്ല..
എങ്കിലും പ്രശ്നം ആണേൽ അവിടെ പരിഹരിക്കണം കേട്ടോ..
ഞാൻ പറഞ്ഞതിന് പ്രകാരം അവൾക്കു അടുപ്പം തോന്നിയ സംഗീത അധ്യാപികയോട് കാര്യങ്ങൾ പറഞ്ഞു..
ഏഴാം ക്ലാസ്സുകാരിക്ക് താങ്ങാവുന്ന ഒറ്റപ്പെടൽ അല്ല അതിനു ശേഷം അവിടെ കുറെ കാലങ്ങൾ ഉണ്ടായത്..
പ്രസംഗ മത്സരത്തിന് ഞാൻ നിർബന്ധിച്ചു അവളെ മുന്നോട്ടു വിട്ടു..
കാണാൻ ഞാനും പോയി..
അന്നാണ് ആ സംഗീത അദ്ധ്യാപികയെ ഞാൻ കാണുന്നത്..
മോൾ സ്റ്റേജിൽ കേറിയതും അവർ സൈഡിൽ നിന്നും അവളെ നോക്കി കൊണ്ട് നില്കുന്നത് ഞാൻ കണ്ടു..
അതോടെ അവൾക്കു പേടി കേറി.
മുഴിപ്പിക്കാൻ കഴിയാതെ അവളിറങ്ങി..
ഓടി എന്റെ അടുത്തെത്തി.. എന്നെ മുറുക്കെ കെട്ടിപിടിച്ചു...
എന്നെ കണ്ടതും ടീച്ചർ അതേ ഭാവത്തിൽ അടുത്തേയ്ക്ക് വന്നു..
അക്ഷരയുടെ മുഖഭാവം ശെരിയല്ല, പെരുമാറ്റം പോരാ അങ്ങനെ, ഇങ്ങനെ, ഒരുപാട് കുറ്റങ്ങൾ...
കേട്ടു നിൽക്കുക അല്ലാതെ മറ്റുമാർഗ്ഗം ഇല്ല..
തങ്കശ്ശേരിയിൽ നിന്നും മാറ്റിയതിനു അച്ഛനും അമ്മയും എതിരാണ്..
അവരോടു പറയാൻ വയ്യ..
ആ സ്കൂളിൽ മറ്റെല്ലാ അദ്ധ്യാപകരും നല്ലതാണെന്നും എനിക്കു തോന്നി.. ആ ഒരു സമാധാനത്തിൽ തുടരാം...
ഒരു അദ്ധ്യാപികയ്ക്കു എതിരെ പരാതി കൊടുക്കുക എന്നതും എനിക്ക് താല്പര്യമില്ല..
എന്റെ മാനസിക സംഘർഷം വലുതായിരുന്നു.
കാരണം, എന്നും സ്കൂളിൽ നിന്നും അവൾ കരഞ്ഞു വരും..
അവളുടെ ആ തൊട്ടാവാടിത്തരംമാറ്റണം..
അതിനു പക്ഷെ, ഒരാൾ എനിക്കും പിന്തുണ തരണം..
വഷളാക്കി അതിനെ എന്നൊരു കുറ്റമല്ലാതെ എനിക്ക് മേൽ അവളുടെ കാര്യത്തിൽ ഇന്നുമില്ല..
നൂറു പിള്ളേരെ ഒരു നോട്ടത്തിൽ സമാധാനിപ്പിക്കാൻ പറ്റും..
കൗൺസലിംഗ് അദ്ധ്യാപികയ്ക്കു..
എന്നാൽ, സ്വന്തം മോൾക്ക് അമ്മ മാത്രമാണ്..
എന്റെ മനസ്സിന് ഏറ്റ മുറിവുകൾ എപ്പോഴത്തെയും പോൽ, ഞാൻ തന്നെ തണുപ്പിക്കാൻ ശ്രമിച്ചു..
അവൾ ക്രമേണ ശെരിയായി വന്നു..
പക്ഷെ, അതോടെ താൻ കറുപ്പാണ്, എന്നൊരു സങ്കടം ആ ഉള്ളിൽ നിറഞ്ഞു..
എല്ലാം ഒന്നു ഒതുങ്ങിയപ്പോ ഞാൻ എന്റെ ചേച്ചിമാരോട് ഇതേ പറ്റി പറഞ്ഞു..
അവർ പറഞ്ഞാൽ എന്തും കേട്ടിരിക്കുന്ന മോൾക്ക് പക്ഷെ ഇതില് സമാധാനം ഇല്ല..
വല്യമ്മച്ചിമാർ എന്റെ അമ്മച്ചിമാർ അല്ലേ..
അവർ എന്നെ സമാധാനിപ്പിക്കാൻ നോക്കും..
ഇന്നവൾ മറ്റൊരു സ്കൂളിലെ ബോര്ഡിങ് ഇൽ ആണ്..
അവിടെ നിന്നും ഇടയ്ക്ക് വരുമ്പോൾ ഞാൻ ശ്രദ്ധിക്കും..
വെളുക്കാൻ വേണ്ടി ഒരു ക്രീമും കയ്യിലെടുക്കുന്നില്ല..
നിറം എന്നത് അവൾ മറന്നു കഴിഞ്ഞു..
ജുവാനി പറയും, നീ എത്ര സുന്ദരി ആണെന്ന്..
ഒരിക്കൽ സ്കൂൾ വിശേഷങ്ങൾ പറയവേ അവൾ പറഞ്ഞു..
ഒറ്റ ഒരു കൂട്ടുകാരി അവളെ ഇത്രയും സ്വാധീനിച്ചോ.. !
എന്റെ മോൾടെ അതേ പ്രായമുള്ള ആ കുഞ്ഞിനെ ഓർത്തെന്റെ ഉള്ളു നിറഞ്ഞു..
ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ സൈക്കോളജി ആണ്..
എന്തും പറയാം സർനോട്..
കൊച്ചു ഹോംസിക്ക്നെസ്സ് കാണിച്ചു കണ്നിറച്ചു തിരിച്ചു പോയാലും,
പിന്നെ അവൾ സന്തോഷവതി ആണ്..
ആ ഒരു അദ്ധ്യാപകൻ അത്രയും പിന്തുണ നൽകുന്നുണ്ട് എന്നെനിക്ക് അറിയാം..
അവൾ ok ആണോ സർ?
ആണ് മാഡം...സമാധാനമായി ഇരുന്നോളു എന്നൊരു മറുപടി,
എന്നിലെ അമ്മയിൽ ഉണ്ടാക്കുന്ന ആശ്വാസം എഴുതി തീരില്ല..
കാണപ്പെടാത്ത ഈശ്വരന് അപ്പോൾ ആ അദ്ധ്യാപകന്റെ മുഖമാണ്...
അപകർഷതാസംഘര്ഷങ്ങള് ഒഴിഞ്ഞു,
അവൾ പൂമ്പാറ്റയെ പോൽ പറക്കുന്നതിനു അപ്പുറം
ഈ അമ്മയ്ക്ക് എന്ത് വേണം?
ഞങ്ങൾ നാല് പേരാണ് മാഡം..
മൂന്ന് പേർക്കും ലൈൻ ഉണ്ട്..
എന്റെ നിറം കാരണമാണോ ആരും നോക്കാത്തത്..?
എന്റെ മുന്നില് ഇരുന്ന് സങ്കടപെട്ട കുഞ്ഞിനെ എനിക്ക് മനസ്സിലായില്ല എങ്കിൽ ലോകത്തർക്കു അറിയാൻ പറ്റും...
ഞാനവളെ എന്റെ നെഞ്ചോടു ചേർത്തു...
എവിടെയോ അവളുടെ അമ്മ ഉണ്ട്..
എനിക്ക് കിട്ടിയ സമാധാനം ഞാൻ അവർക്ക് കൊടുക്കാൻ ബാധ്യസ്ഥ ആണല്ലോ..
വിങ്ങുന്ന ഇത്തരം നോവുകൾക്കു ഒരിത്തിരി മരുന്ന് മതി...
അത് കൊടുക്കണം...
ആർക്കും അത് പറ്റും, മനസ്സുണ്ടായാൽ മതി.