കല്യാണി ഉറുമ്പും സുന്ദരന്‍ ആനയും - കഥ കേള്‍ക്കാം
കഥ അയച്ചു തന്നത്– സിബിനി തോമസ്
ഒരിക്കൽ ഒരിടത്ത് ഒരു ആനയും ഉറുമ്പും താമസിച്ചിരുന്നു. ഉറുമ്പിന്റെ പേര് കല്യാണി. സുന്ദരൻ എന്നായിരുന്നു ആനയുടെ പേര്. അവർ രണ്ടുപേരും കൂട്ടുകാർ ആയിരുന്നു. ഒരു ദിവസം അവർ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പന്ത് കാട്ടിലേക്ക് തെറിച്ചുപോയി. പന്ത് കാണാതായതോടെ കല്യാണി ഉറുമ്പ് കരച്ചിലായി. അപ്പോൾ സുന്ദരൻ ആന പറഞ്ഞു, സാരമില്ല, ഞാൻ കണ്ടുപിടിച്ചു തരാം. അതും പറഞ്ഞ് ആന കാട്ടിലേക്ക് പോയി.
സുന്ദരൻ ആന കാട്ടിൽ ചെന്നു കുറേ അന്വേഷിച്ചു. പക്ഷേ പന്ത് കണ്ടില്ല. അപ്പോഴാണ് ഒരു ജിറാഫ് അതുവഴി വന്നത്. ആനയെ കണ്ട് ജിറാഫ് കാര്യം ചോദിച്ചു. പന്ത് കാണാതായെന്നും അന്വേഷിക്കുകയാണെന്നും ആന പറഞ്ഞു. അപ്പേള്‍ ജിറാഫ് പറഞ്ഞു ഞാനും കൂടാം പന്ത് അന്വേഷിക്കാൻ. എന്റെ പൊക്കം വെച്ച് കണ്ടുപിടിക്കാൻ പറ്റുമോന്ന് നോക്കാം. അങ്ങനെ ജിറാഫ് സുന്ദരൻ ആനയുടെ കൂടെ കൂടി. അവരു രണ്ടുപേരും കൂടെ പന്ത് അന്വേഷിച്ചു നടന്നു.
കഥ കേൾക്കാം
അപ്പോഴാണ് ഒരു പുലി അതുവഴി വന്നത്. പുലി കാര്യം തിരക്കി. കാര്യം അറിഞ്ഞപ്പോള്‍ പന്ത് അന്വേഷിക്കാൻ പുലയും അവർക്കൊപ്പം കൂടി. അങ്ങനെ ആനയും ജിറാഫും പുലിയും കൂടി പന്ത് അന്വേഷിക്കാൻ തുടങ്ങി.
അപ്പോഴാണ് ഒരു കാക്ക ആ വഴി വന്നത്. കാക്ക ചോദിച്ചു, നിങ്ങൾ മൂന്നുപേരും കൂടെ എന്താ അന്വേഷിക്കുന്നത്. ആന കാര്യം പറഞ്ഞു. അപ്പോൾ കാക്ക പറഞ്ഞു, പന്ത് കണ്ടുപിടിക്കാൻ കാക്കയും കൂടാമെന്ന്. അങ്ങനെ കാക്കയും കൂടെ അവരുടെ കൂടെ കൂടി.
അങ്ങനെ എല്ലാവരും കൂടെ പന്ത് അന്വേഷിക്കുന്ന സമയത്ത്, പെട്ടെന്ന് കാക്ക ആ കാഴ്ച കണ്ടു. ഒരു മരത്തിന്റെ മുകളില്‍ പന്ത് തങ്ങി ഇരിക്കുന്നു. കാക്ക പെട്ടെന്ന് ജിറാഫിനോട് കാര്യം പറഞ്ഞു. ഉടനെ ജിറാഫ് തന്റെ തല കൊണ്ട് പന്ത് തട്ടി താഴേക്കിട്ടു. പുലി അത് ചാടിപ്പിടിച്ചു. എന്നിട്ട് ആനയുടെ തുമ്പിക്കൈയിൽ വെച്ചു കൊടുത്തു. സുന്ദരൻ ആനയ്ക്ക് സന്തോഷമായി.
ആന വേഗം പന്ത് കൊണ്ടുപോയി കല്യാണി ഉറുമ്പിനു കൊടുത്തു. ഉറുമ്പിനും സന്തോഷമായി. അങ്ങനെ അവർ എല്ലാവരും കൂട്ടുകാരായി. എന്നിട്ട് അവർ എല്ലാവരും കൂടെ പന്ത് കളിച്ചു.