'അമ്മാ നോ പിക്ചേഴ്സ്', കരീനയെ വിലക്കി കുഞ്ഞു പട്ടൗഡി!
കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂർ സോഷ്യല്‍മീഡിയയുടെ പ്രിയ താരമാണ്. ജനിച്ച അന്ന് മുതൽ ഒരു കൊച്ചുരാജകുമാരനെപ്പോലെയാണ് കക്ഷിയുടെ ജീവിതം. ഈ കുഞ്ഞു പട്ടൗഡിക്ക് കരീനയേയും സെയ്ഫിനേയുംകാൾ ആരാധകരുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനു പുറമേ ബോളിവുഡിലുമുണ്ട് ഈ നീലക്കണ്ണുള്ള താരത്തിന് ആരാധകർ. തൈമൂർ എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെ കാണും.
കരൺ ജോഹറുമായുള്ള അഭിമുഖത്തിൽ തൈമൂറിനെ കുറിച്ച് രസകരമായൊരു കാര്യമാണ് കരീന പറഞ്ഞത്. ഫോട്ടോഗ്രാഫർമാർ ചുറ്റിനും ഇല്ലാത്തപ്പോൾ മകൻ എങ്ങനെയാണെന്നാണ് കരൺ ജോഹർ ചോദിച്ചത്. അവർ തൈമൂറിന് ഇപ്പോൾ കൂട്ടുകാരെപ്പോലെയാണ്, പക്ഷേ താൻ ഫോട്ടോയെടുക്കാൻ തുടങ്ങിയാൽ, 'അമ്മാ നോ പിക്ചേഴ്സ്' എന്നു പറയുമെന്നുമാണ് കരീന മറുപടി പറഞ്ഞത്. ഫോട്ടോഗ്രാഫർമാർക്ക് പോസ് ചെയ്യാനും കൈവീശി കാണിച്ച് കൂട്ടാകാനും തൈമൂറിന് ഇപ്പോൾ യാതാരു മടിയുമില്ല.
രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതൽ ആരാധകരുമുളള കുട്ടി സെലിബ്രിറ്റിയാണ് തൈമൂർ. എവിടെപ്പോയാലും തന്നെ പിന്തുടരുന്ന പാപ്പരാസികളെ കണ്ട് ആദ്യമൊക്ക അമ്പരന്നുവെങ്കിലും ഇപ്പോള്‍ അത് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. പിന്നാലെ ഫോട്ടോയെടുക്കാനായി കൂടെകൂടുന്ന ഫോട്ടോഗ്രാഫർമാരെ കൊച്ചു തൈമൂർ നിരാശരാക്കാറില്ല.