മാതൃഭാഷ മറക്കുന്ന നമുക്കായി യുകെയിൽ നിന്നൊരു പാട്ടുകാരൻ  , Social media post,, Karthave neeyente swantham, video song by little boy, Manorama Online

മാതൃഭാഷ മറക്കുന്ന നമുക്കായി യുകെയിൽ നിന്നൊരു പാട്ടുകാരൻ ​

ന്യൂകാസിലിൽ നിന്നുള്ള മലയാളി ബാലൻ, പത്തുവയസ്സുകാരനായ ചാക്കോച്ചൻ എന്ന ജേക്കബ് ഷൈമോന്റെ ഭക്തിഗാനം മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സായിപ്പിന്റെ നാട്ടിലും മനോഹരമായി മലയാളത്തിൽ പാടുന്ന കുട്ടികളുണ്ട്, മാതൃഭാഷ മറക്കുന്ന നമ്മുക്ക് പാഠം യുകെയിൽ നിന്നു വരുന്നു എന്നാണ് ജേക്കബ് ഷൈമോന്റെ പാട്ട് കേട്ട് സോഷ്യൽ മീഡിയ പറയുന്നത്.

ഫാ. ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നിർവഹിച്ച ‘കർത്താവെ നീയെന്റെ സ്വന്തം’ എന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനത്തിനാണ് ചാക്കോച്ചൻ ശബ്ദം നൽകി അഭിനയിച്ചിരിക്കുന്നത്. ഗാനം യു ട്യൂബിൽ റിലീസ് ചെയ്തു. ഫാ. ഷാജി തുമ്പേച്ചിറയിൽ സ്റ്റുഡിയോയിൽ ചാക്കോച്ചനെ പാട്ടു പഠിപ്പിച്ചു പാടിക്കുന്ന ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

ബർമിംഗ്ഹാമിലെ ബിജോ റ്റോം നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് സ്കറിയ ജേക്കബും വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് വിഷ്ണു പി ആർ സെലെബ്രന്റ്സും ആണ് . സുനിൽ വി ജോയി ആണു നിർമ്മാണ നിർവഹണം. ഷാജി അച്ചന്റെ ഇതിനു മുൻപുള്ള ഒരു ആൽബത്തിലും ചാക്കോച്ചൻ ഒരു പാട്ട് പാടിയിരുന്നു . എന്തൊരു സ്നേഹമാണ് എന്ന് തുടങ്ങുന്ന ആ ഗാനം യു ട്യൂബിൽ വൈറൽ ആയിരുന്നു . ഫാ.സെബാസ്റ്റ്യൻ ചാമക്കാല രചന നിർവഹിച്ച ആ ഗാനത്തിന്റെയും സംഗീത സംവിധാനം നിർവഹിച്ചത് ഫാ. ഷാജി തുമ്പേചിറയിൽ ആണ്. ബ്രിട്ടനിൽ മാധ്യമ പ്രവർത്തകനായ ഷൈമോൻ തോട്ടുങ്കലിന്റെയും എൻഎച്ച്എസ് ജീവനക്കാരിയായ സിമിയുടെയും രണ്ടാമത്തെ പുത്രനാണ് ന്യൂകാസിൽ സെന്റ് ജോസെഫ് പ്രൈമറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായ ചാക്കോച്ചൻ.