അല്‍ഷിമേഷ്‌സ് ബാധിച്ച മുത്തച്ഛന് ഭക്ഷണം നൽകുന്ന കൊച്ചുമിടുക്കൻ-വിഡിയോ
മുത്തച്ഛനും മുത്തശ്ശിയും തന്ന സ്നേഹത്തിനും കരുതലിനും പകരം വയ്ക്കാൻ കൊച്ചുമക്കൾക്ക് ഒരിക്കലുമാകില്ല. മാതാപിതാക്കളേക്കാൾ കരുതലോടെയാകും മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞുമക്കളെ നോക്കുക. എന്നാൽ പ്രായമേറുകയും അസുഖങ്ങൾ ബാധിക്കുകയും ചെയ്യുമ്പോൾ അവർക്ക് വേണ്ട കരുതൽ നൽകാൻ നമ്മിൽ പലർക്കും സാധിക്കാറില്ല. മറവിരോഗം ബാധിച്ച മുത്തച്ഛന് കരുതലോടെ ഭക്ഷണം നൽകുന്ന കോൾട്ടൺ കീത്ത് എന്ന ആറുവയസ്സുകാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കോൾട്ടൺ കീത്തിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം.
സ്പൂണുപയോഗിച്ച് മുത്തച്ഛന് ഭക്ഷണം കോരിക്കൊടുക്കുകയാണീ കൊച്ചുമിടുക്കൻ. പ്രായവും അസുഖവും മൂലം പലപ്പോഴും കോൾട്ടൺ കൊടുക്കുന്ന ഭക്ഷണം വായിൽ നിന്നും പുറത്തേയ്ക്ക് പോകുന്നുണ്ട്. അപ്പോഴൊക്കെ ക്ഷമയോടെ അവൻ അത് വായിലേയ്ക്ക് വച്ചുകൊടുക്കുകയും ടിഷ്യുപേപ്പർ ഉപയോഗിച്ച് മുഖം തുടച്ചുകൊടുക്കുന്നതും കാണാം. ഇടയ്ക്കിടെ കുടിക്കാൻ വെള്ളവും നൽകുന്നുണ്ട് ഈ കൊച്ചു മിടുക്കൻ.
കോൾട്ടൺ തന്നെയാണത്രേ മിക്കാവാറും ദിവസങ്ങളിലും മുത്തച്ഛന് ഭക്ഷണം കൊടുക്കുന്നത്. അതവൻ നന്നായി ആസ്വദിക്കാറുണ്ടെന്ന് അവന്റെ അമ്മ നിക്കോൾ ഈസ്ട്രിഡ്ജ് പറയുന്നു. മകനെയോർത്ത് താൻ ഏറെ അഭിമാനിക്കുന്നുവെന്നും അവർ പറയുന്നു. കോൾട്ടൺ കീത്തിന്റെ മുത്തച്ഛന് 79 വയസ്സാണിപ്പോള്‍. മറവിരോഗം കാരണം കൊച്ചു കുട്ടികളെപ്പോലെയാണ് അദ്ദേഹം. മറ്റുള്ളവരുെട സഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. മുത്തച്ഛനെ അടുത്തുള്ള പാർക്കിൽ വീൽചെയറിൽ കൊണ്ടുപോകുന്നതും വസ്ത്രം മാറിക്കൊടുക്കുന്നതും കാലിൽ ചെരുപ്പ് ഇടീക്കുന്നതുമൊക്കെ ഈ കുരുന്നിന് ഒരുപാട് ഇഷ്ടമാണെന്ന് അവന്റെ അമ്മ പറയുന്നു.