'ഈ പൈസ ഞങ്ങടെ അല്ലല്ലോ'; വീണുകിട്ടിയ പണം പൊലീസിൽ ഏൽപ്പിച്ച് മിടുക്കർ
ഈ പൈസ കിട്ടിയിട്ട് നിങ്ങള് മൂന്നാളും കൂടി പൊറാട്ടയും ബീഫും കഴിക്കാത്തത് എന്തേ? 'അയിന് ആ പൈസ ഞങ്ങടെ ആരടേം അല്ലല്ലോ'...പൊലീസ് ഓഫീസറുടെ ചോദ്യത്തിനുള്ള ആ കുട്ടികളുടെ ഉത്തരം മുതിർന്നവർക്കൂ കൂടെ മാതൃകയാണ്. വഴിയരികിൽ കിടന്നു കിട്ടിയ ആ പണം തങ്ങളുടേതല്ല എന്ന തിരിച്ചറിവ് ആ കുരുന്നുകള്‍ക്കുണ്ടായിരുന്നു. കളിക്കാനായി പോകുമ്പോൾ കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിലെത്തിച്ച് മാതൃകയായി വിദ്യാർഥികളായ സൗരവും നിധിനും സുജീഷും. രണ്ടുദിവസം അവകാശികളെ കാത്തിട്ടും വരാതായതോടെ രക്ഷിതാക്കളെ അറിയിച്ച് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ആര്‍ജെ കിടിലം ഫിറോസ് ആണ് സമൂഹമാധ്യമത്തിൽ ഈ കൊച്ചുമിടുക്കരെക്കുറിച്ച് എഴുതിയിരിക്കുന്നത്.
കിടിലം ഫിറോസിന്റെ കുറിപ്പ്
'ഈ പൈസ കിട്ടിയിട്ട് നിങ്ങള് മൂന്നാളും കൂടി പൊറാട്ടയും ബീഫും കഴിക്കാത്തത് എന്തേ? എന്ന് ഞാൻ ചോദിച്ചപ്പോ ഒരുമിച്ചായിരുന്നു 3 പേരുടെയും ഉത്തരം " അയിന് ആ പൈസ ഞങ്ങടെ ആരടേം അല്ലല്ലോന്ന് "
അതെ ആ ചിന്തയാണ് അവരിലെ നന്മ . വഴി തെറ്റാവുന്നപ്രായം, വേണമെങ്കിൽ രണ്ടു ദിവസം അവരുടെതായ രീതിയിൽ അടിച്ചു പൊളിക്കാം, പക്ഷെ...
രണ്ട് ദിവസം മുമ്പ് കൊടുമുണ്ട ഗൈറ്റിന് സമീപം ചീതപ്പുറം എന്ന സ്ഥലത്ത് നിന്ന് കളിക്കാൻ പോകുമ്പോൾ വഴിയിൽ നിന്ന് വീണ് കിട്ടിയതാണ് അവർക്ക് കുറച്ച് പണമടങ്ങിയ കവർ, അവരിൽ ഒരാൾ പോലും വ്യത്യസ്തമായി ചിന്തിച്ചില്ല എന്നതാണ് ശ്രദ്ധാവഹം, രണ്ട് ദിവസം നോക്കി അവകാശികൾ വരുന്നുണ്ടോ എന്ന് ,കാണാഞ്ഞപ്പോ ഒരാളുടെ രക്ഷിതാവായ എന്റെ ഒരു സുഹൃത്തിനോട് വിവരം പറയുകയും അവൻ അവരേയും കൂട്ടി സീറ്റേഷനിലേക്ക് വരികയും ഇവിടെ ഏല്പിക്കുകയും ചെയ്തു, ആ സമയം ഞാൻ അവരോട് ചോദിച്ചതിനുള്ള ഉത്തരമാണ് ഞാനാദ്യം പറഞ്ഞത്.
പണത്തിന് വേണ്ടി മറ്റുള്ളവരെ കൊല്ലാൻ വരെ മടിയില്ലാത്ത കാലമാണ് ,അതിനിടയിൽ പെരുമുടിയൂർ ഓറിയൻറൽ ഹൈസ്കൂളിലെ 6 ,8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളായ സൗരവും ,നിധിനും, സുജീഷും ശരിക്കും 3 മാണിക്യങ്ങൾ തന്നെ. അതെ അവർ സമൂഹത്തിന് മാതൃകയാവട്ടെ നമ്മുടെ ,നാട്ടിലെ ഈ "നന്മ കുഞ്ഞൻമാർ "!!
പണം നഷ്ടപ്പെട്ടവർ കൃത്യമായ തെളിവും വിവരങ്ങളുമായി സ്‌റ്റേഷനിൽ വന്നാൽ ബോധ്യമായശേഷം പൈസ തിരികെ നൽകുന്നതാണ്.
കടപ്പാട് പട്ടാമ്പി police babu sir