ജീപ്പും ഓട്ടോയും ഓടിച്ചു കിക്കിയും മാനിയും;  ഇവരുടെ പപ്പ സൂപ്പറാ... , Kikki, Maany, Miniature, Toys, Father Viral, Kidsclub, Manorama Online

ജീപ്പും ഓട്ടോയും ഓടിച്ചു കിക്കിയും മാനിയും; ഇവരുടെ പപ്പ സൂപ്പറാ...

ലക്ഷ്മി നാരായണൻ

നാല് വയസ്സ് മാത്രമാണ് മാനിയുടെ പ്രായം എന്നാൽ ഓടിച്ചുകൊണ്ടു നടക്കുന്നതോ നല്ല ഒന്നാന്തരം ഓട്ടോറിക്ഷ. മാനിയുടെ ചേട്ടൻ കിക്കിയുടെ കാര്യവും വ്യത്യസ്തമല്ല, ഈ ആറ് വയസുകാരന്റെ സവാരി ജീപ്പിലും ബൈക്കിലുമൊക്കെയാണ്. സ്വന്തമായി സ്റ്റാർട്ട് ചെയ്ത് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോൾ തടയാൻ ആരും നിൽക്കില്ല. ലൈസൻസും മറ്റ് രേഖകളുമൊന്നുമില്ലാതെയുള്ള മകന്റെയും മകളുടെയും ഈ സവാരിക്ക് കൂട്ട് നിൽക്കുന്നത് അച്ഛൻ അരുൺകുമാർ പുരുഷോത്തമനാണ്. ഏഹ്... അതെന്താ അങ്ങനെ എന്ന് ചോദിച്ചാൽ ..ഇവിടിങ്ങനാണ് ഭായ് എന്നുത്തരം.


അരുണിന്റെ മക്കളായ കിക്കിയും മാനിയും ഓടിച്ചുകൊണ്ട് നടക്കുന്നത് ഓട്ടോയുടെയും ജീപ്പിന്റേയും ബൈക്കിന്റെയുമെല്ലാം മിനിയേച്ചർ രൂപങ്ങളാണ്. ഇവയെല്ലാം ഉണ്ടാക്കി നൽകിയതാകട്ടെ പിതാവായ അരുൺകുമാറും. മിനിയേച്ചർ വാഹനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും നിർമാണത്തിൽ ഏറെ താൽപര്യമുള്ള അരുൺകുമാർ ഇത്തരത്തിൽ ആദ്യമായി വാഹനം നിർമിക്കുന്നത് തന്റെ മകന് വേണ്ടിയാണ്. സാധാരണ അച്ഛനമ്മമാർ കളിപ്പാട്ട വാഹനങ്ങൾ വാങ്ങി നൽകുമ്പോൾ, അരുൺകുമാർ ഓടിച്ചു നടക്കാൻ പറ്റുന്ന വാഹനങ്ങൾ നൽകുന്നു.


ഇതുകൊണ്ടൊന്നും തീർന്നില്ല വ്യത്യസ്തനായ ഈ അച്ഛൻ മക്കൾക്ക് നൽകിയ കൗതുകം ജനിപ്പിക്കുന്ന സമ്മാനങ്ങളുടെ നിര.സ്കൂളിൽ വച്ച് മാനിമോളുടെ ഇൻസ്ട്രമെന്റ് ബോക്സ്‌ നഷ്ടപ്പെട്ടു എന്ന പരാതി സ്ഥിരമാകാൻ തുടങ്ങിയപ്പോൾ അച്ഛൻ പിന്നെ വേറെ ഒന്നും നോക്കിയില്ല. പഴയ ഒരു ഡയറി ഉപയോഗിച്ച്, ഉൾഭാഗത്തെ പേജുകൾ ചതുരാകൃതിയിൽ മുറിച്ചു മാറ്റി, ബാക്കി പേജുകൾ ഒട്ടിച്ചു ചേർത്ത് ഒരു ഡയറി ബോക്സ്‌ ഉണ്ടാക്കി. ഇതാകുമ്പോൾ പുസ്തകങ്ങളുടെ കൂടെ ഈസി ആയി അടുക്കി ബാഗിൽ വയ്ക്കാം തുറന്ന് പോകാത്ത വിധം മാഗ്നെറ്റിക് ലോക്ക് ഘടിപ്പിച്ചു നൽകി. അതിനുശേഷം നാളിതുവരെ ബോക്സ് പോയി എന്ന പരാതിയുമായി മാനി വീട്ടിലേക്ക് വന്നിട്ടില്ല.


വീട്ടിൽ മുതിർന്നവർ ഡ്രസ്സിംഗ് ടേബിൾ ഉപയോഗിക്കുന്നത് കണ്ടപ്പോഴാണ് അത് പോലെ ഒരെണ്ണം തനിക്കും വേണമെന്ന ആഗ്രഹം മാനിക്ക് ഉണ്ടായത്. എന്നാൽ മാനിയുടെ ഉയരത്തിന് ചേർന്ന ഡ്രെസ്സിംഗ് ടേബിൾ ഒരു കടകളിലും ലഭ്യമല്ല. എങ്കിൽ പിന്നെ ഒരെണ്ണം ഉണ്ടാക്കിയേക്കാം എന്നായി അരുൺ. അലുമിനിയം കോമ്പോസിറ്റ് പാനൽ ഉപയോഗിച്ച് 4 മണിക്കൂറുകൾ കൊണ്ട് മാനിമോൾക്ക് വേണ്ടി അച്ഛൻ ഒരു കിടുക്കാച്ചി മേക്കപ്പ് ടേബിൾ ഉണ്ടാക്കി. വശങ്ങളിലേക്ക് തിരിക്കാൻ കഴിയുന്ന കണ്ണാടി, പൂട്ടാൻ കഴിയുന്ന മേശവലിപ്പ്, തുണികൾ വയ്ക്കുവാനും, ഫാൻസി ഒർണമെന്റ്സ് വായിക്കുവാനും പ്രത്യേക റാക്കുകൾ, ഒപ്പം ഒരു കുഞ്ഞു സിറ്റിങ് സ്റ്റൂളും. അച്ഛന്റെ സമ്മാനം കണ്ട മാനിയും വീട്ടുകാരും ഒരുപോലെ ഞെട്ടി.


ഇതുകൊണ്ടൊന്നും തീർന്നില്ല ഈ അച്ഛൻ മക്കൾക്കായി നിർമിച്ച വസ്തുക്കൾ, സ്റ്റൂൾ ഉപയോഗിച്ചുള്ള ബെഡ്‌സൈഡ് കബോർഡ്, സ്റ്റഡി ടേബിൾ അങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ വേറെയും.ഉപയോശൂന്യമായ വസ്തുക്കളാണ് അദ്ദേഹം മിനിയേച്ചറുകളുടെ നിര്‍മാണത്തിനായി ഏറെയും ഉപയോഗിക്കുന്നത്. പഴയ ഡിഷ് ടിവി, സ്റ്റൗ, തടി, ഷൂ സോള്‍, മൊബൈല്‍ ചാര്‍ജര്‍, മെമ്മറി കാര്‍ഡ് സ്ലോട്ട്, സ്പീക്കര്‍ എന്നിവയൊക്കെ ഇങ്ങനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മിനിയേച്ചർ വാഹനങ്ങളുടെ നിർമിതിയുടെ പേരിൽ ദേശീയതലത്തിൽ തന്നെ അരുൺകുമാർ ശ്രദ്ധനേടിയിരിക്കുകയാണ് .