കോവിഡ് മുൻകരുതലെങ്ങനെ ? ; കളിയിലൂടെ മക്കളെ പഠിപ്പിച്ച് അച്ഛൻ
കോവിഡ് 19 ഭീതിയിലാണ് നാമെല്ലാവരും. വളരെ വേഗം പടരുമെന്നതിനാൽ രോഗം സ്ഥീരികരിച്ച പല സ്ഥലങ്ങളിലും സ്ക്കൂളമൊക്കെ അവധി പ്രഖ്യാപിച്ചുകഴിഞ്ഞു. കുഞ്ഞുമക്കളെ ഈ രോഗത്തെക്കുറിച്ചും വൈറസിനെ കുറിച്ചും പറഞ്ഞു മനസിലാക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ നമ്മൾ പാലിക്കേണ്ട സുരക്ഷാ രീതികളെ കുറിച്ചും കുട്ടിളോട് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. എന്നാൽ ഈ വലിയ കാര്യങ്ങൾ കുട്ടികൾ മനസിലാക്കുന്നതിനും അത് പാലിക്കുന്നതിനും പരിമിതികളുണ്ട്. ചെറിയ കുട്ടികൾക്ക് ഈ രോഗത്തിന്റെ വ്യാപ്തി മനസിലാകണെമെന്നില്ല. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് യുഎയിൽ നിന്നുള്ള മലയാളികളായ കിരൺ കണ്ണനും ഭാര്യ ജിൻജിയും. മക്കളായ ഇളയ്ക്കും സിഡുവിനും നാലാഴ്ചയായി സ്കൂൾ അവധിയാണ്. കോവിഡ് 19 നെ കുട്ടികൾക്ക് മനസിലാകാനായി ഇവർ ഒരു 'കൊറോണ കളി' തന്നെ കണ്ടുപിടിച്ചിരിക്കുകയാണ്. സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയാണ് ഇത്തരമൊരു കളി ഉണ്ടാക്കാൻ പ്രചോദനമായെതെന്ന് കിരൺ പറയുന്നു. നാസി കോൺസൺട്രേഷൻ ക്യാമ്പിൽ അകപ്പെട്ട ഒരു കുടുബം തങ്ങളുെട കുട്ടിയെ അധികാരികളില്‍ നിന്നും ഒളിപ്പിച്ചു വളർത്തുകയും കളികളിലൂടെ കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്നതുമാണ് സിനിമയിൽ.
കിരൺ കണ്ടെത്തിയ ഈ കളിയുടെ ചിട്ടകൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
കിരൺ കണ്ണന്റെ കുറിപ്പ് വായിക്കാം
കൊറോണകൊണ്ട് കളിക്കാമോ ?
"അച്ഛാ കൊറോണ വരുമ്പോഴല്ലേ വൈറസ് അറ്റാക്ക് ഉണ്ടാവാ "?
ആമുഖമൊന്നുമില്ലാതെ സിഡിന്റെ ചോദ്യം !
"സിഡൂ, അപകടകാരികളായ വൈറസുകൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് പെരുകി വളരുമ്പോളാണ് നമുക്ക് അസുഖമുണ്ടാവുക. 2019 Novel Coronavirus അത്തരത്തിൽ വളരെ പെട്ടന്ന് പകർന്ന് പിടിക്കുന്ന വൈറസ്സാണ്. അത് നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് പടരുമ്പോൾ ഉണ്ടാകുന്ന അസുഖത്തിന് നമ്മളിട്ടിരിക്കുന്ന പേരാണ് കൊറോണ". ഞാൻ പറഞ്ഞു ..
കുഞ്ഞു സിഡ് കണ്ണുതുറിപ്പിച്ച് നോക്കിയിരിപ്പാണ് ; ഇളയ്ക്കും അതിശയം !
അതിലളിതമെന്ന് നമ്മൾ കരുതുന്ന പലകാര്യങ്ങളും കുട്ടികൾ ഒരുപക്ഷേ വളരെ തെറ്റായാണ് മനസ്സിലാക്കുന്നത് ..
സിഡിന്റെ ഈ ചോദ്യത്തിൽ നിന്നുണർന്ന ചിന്തകളിലാണ് ഗൗരവകരമായ ചില കാര്യങ്ങൾ എങ്ങിനെ ഏറ്റവും എളുപ്പം അവർക്ക് മനസ്സിലാക്കി കൊടുക്കാം
എന്ന ചിന്തയുണ്ടായത് ..
കൊറോണ അപകട സാധ്യത കണക്കിലെടുത്ത് യു എ ഇ യിൽ സ്‌കൂളുകൾക്ക് നാലാഴ്ച്ച അവധിയാണ്..
തെരുവുകളിൽ ആളുകുറവ് ; ഓരോ ദിവസവും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ ആളുകൾക്കെല്ലാം ഭയവും കരുതലുമുണ്ട് ..
ഒട്ടുമിക്കവാറും വീടുകളിൽ കുട്ടികൾ ഹൗസ് അറസ്റ്റിലാണ് ..
കഴിഞ്ഞ ആഴ്ച്ച ഇളയെയും കൂട്ടി ഹൈക്കിങ്ങിന് പോയി ..
ഇവിടെ വേനൽ അടുക്കുന്നതിനാൽ ഇനി ഹൈക്കിങ്ങ് നടക്കും എന്നു തോന്നുന്നില്ല.
വീടിനുള്ളിൽ തന്നെ വിജ്ഞാനവും വിനോദവും കൂടുതൽ കണ്ടെത്തേണ്ടതുണ്ട്..
ഞാനും ജിൻജിയും ചേർന്നാണ് കൊറോണ എന്ന 'കളി'യുണ്ടാക്കിയത്
കുട്ടികൾക്ക് രണ്ടു പേർക്കും ഓരോ നോട്ടു പുസ്തകങ്ങൾ ..
കൊറോണ വ്യാപനത്തിന്റെ അടിസ്ഥാന വിവരങ്ങൾ, സംഖ്യകൾ, കൈ കഴുകുന്ന രീതി, സാനിറ്റൈസേഷൻ രീതികൾ , അബദ്ധധാരണകൾ എന്നിവയെ കുറിച്ചൊക്കെ കുട്ടികൾക്ക് സാധ്യമായാത്ര രീതിയിൽ ഒരു ഇൻട്രോ കൊടുത്തു ..
'കളി'യുടെ നിയമങ്ങളാണ് എന്നതിനാൽ അവർ അത് ശ്രദ്ധിച്ചു കേട്ടു ..
വീടിനുള്ളിലെ എപ്പോഴും സ്പർശിക്കുന്ന ചില സ്ഥലങ്ങൾ ഐഡന്റിഫൈ ചെയ്ത് 'പബ്ലിക്ക് സ്‌പേസ്' എന്ന സ്റ്റിക്കർ ഒട്ടിച്ചു..
കസേരയുടെ മുകൾഭാഗം, ഡോർ ഹാൻഡിൽ, ഹാൻഡ് വാഷിങ്ങ് ടാപ്പ് തുണിയലമാരയുടെ പിടി എന്നിവയാണ് അവ.
ഈ സ്ഥലങ്ങളെല്ലാം ഇൻഫെക്ഷന് സാധ്യതയുള്ള പൊതു ഇടങ്ങൾ എന്നാണ് കളിയിലെ നിർവചനം..
കൂടാതെ 'മോണോപ്പൊളി' കളിക്കുന്ന ടോയ് കറൻസികളും വൈറസ് സാധ്യതാ മേഖലകളായി കണക്കാക്കി ..
ഗെയിമിന്റെ രീതികൾ ചുവടെ ചേർക്കുന്നു .
ഇനിയുള്ള ദിവസങ്ങളിൽ രണ്ടുപേരും പരസ്പരം സ്പയിങ്ങ് നടത്തണം.
1. വൈറസ് സാധ്യതാ മേഖലകളായി അടയാളപ്പെടുത്തിയ ഇടങ്ങളിൽ സ്പര്ശിച്ചതിനു ശേഷം കൈ കഴുകുന്നതോ സാനിറ്റൈസർ ഉപയോഗിക്കുന്ന ആംഗ്യമോ കാണിക്കുന്നതിന് മുൻപായി മുഖത്തോ ഭക്ഷണത്തിലോ തൊടുന്നു എങ്കിൽ മറ്റേ ആൾക്ക് ഒരു പോയിന്റ്.
2. സാനിറ്റൈസേഷൻ ആംഗ്യം പൂർണമായി വിരലുകൾ, നഖ , കയ്യുടെ പുറം, അകം, വിരലുകൾക്കിടയിൽ, തള്ളവിരൽ എന്നിങ്ങനെ കൃത്യമായി ചെയ്യണം അങ്ങിനെ ചെയ്തില്ലെങ്കിലും മറ്റേ ആൾക്ക് പോയിന്റ് ഉണ്ട്.
3. ഓരോ രണ്ട് പോയിന്റ് കിട്ടുമ്പോഴും അയാൾ മറ്റേ ആളോട് എന്തൊക്കെ തെറ്റുകളാണ് വരുത്തിയത് എന്ന് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതുണ്ട്.
4. തർക്കം വന്നാൽ അലക്സ, ഗൂഗിൾ സ്പീക്കർ 'എന്നിവരോട്' സംശയങ്ങൾ ചോദിക്കാം, എത്ര വേണമെങ്കിലും യൂട്യൂബിൽ കൈകഴുകുന്നതിന്റെയും വൈറസ് വ്യാപനത്തിന്റെയും ആനിമേഷൻ കാണാം.
5. അഞ്ചു പോയിന്റ് ആകുമ്പോൾ ഒരാൾക്ക് മറ്റൊരാളോട് കൊറോണ വിഷയത്തിൽ ഒരു ചോദ്യം ചോദിക്കാം, ശരിയായ ഉത്തരം പറഞ്ഞില്ലെങ്കിലും പോയിന്റ് ഉണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും 'അലക്സ'യോടോ 'ഗൂഗിൾ അസിസ്റ്റന്റിനോടോ' ചോദിച്ച് മനസിലാക്കണം .
6. എല്ലാം അപ്പപ്പോൾ അവരുടെ ഗെയിം ഡയറികളിൽ എഴുതണം .
നാളെ കളി നിയമങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ പകർച്ചാ സാധ്യതകൾ ഉപയോഗപ്പെടുത്തണം. അതിന് കുട്ടികളുടെ ഉപദേശവും തേടാമെന്ന് കരുതുന്നു ..
കൊറോണ ഈ പോക്ക് പോയാൽ എവിടെ എത്തും എന്നറിയില്ല; അസ്വസ്ഥത ഉളവാക്കുന്ന വാർത്തകളാണ് ചുറ്റിലും ..
കളി ആവേശകരമായി തുടരുകയാണ് ..
ആദ്യ രണ്ട് പോയിന്റുകളും ഇളയാണ് സ്‌കോർ ചെയ്തത് ~ സിഡൂന് സങ്കടം ..
ഇടയ്ക്ക് ഇള ഭക്ഷണം കഴിക്കും മുൻപ് കൈ കഴുകാൻ പോയപ്പോൾ സിഡ് പിന്നാലെ ഓടി, കൈ ശരിയായ രീതിയിലാണോ കഴുകുന്നത് എന്നു നോക്കാനാണ്. സിഡ് തെന്നി വീണു.. കരച്ചിലോ കരച്ചിൽ..
ഇള ഓടിപ്പോയി ഫ്രിഡ്ജിൽ നിന്ന് ഐസ് ബാഗ് എടുത്തുവന്ന് വലിയവായിൽ കരയുന്ന സിഡിന്റെ മുഖത്ത് വച്ചു .. സിഡിന്റെ കണ്ണുനീർ ചിരി .. !!
ഇള കൈ കഴുകാതെയാണ് ഐസ് എടുത്ത് സിഡിന്റെ മുഖത്ത് വച്ചു കൊടുത്തത് ..
ഒരാൾ വൈറസ് സാധ്യതയുള്ള പ്രതലത്തിൽ തൊട്ട കൈ സാനിറ്റൈസ് ചെയ്യും മുൻപ് മറ്റൊരാളുടെ മുഖത്ത് തൊട്ടാൽ ഇന്ഫെക്റ്റഡ് ആകുന്ന ആൾക്ക് നേരെ 2 പോയിന്റ് സ്‌കോർ ചെയ്യാം ..
രണ്ട് പേരും രണ്ട് വീതം പോയിന്റുകൾ നേടിയ സന്തോഷത്തോടെയാണ് ഇന്നത്തെ ഗെയിം അവസാനിപ്പിച്ചത് !!
കൊറോണയിൽ ഇതുവരെ മരണപ്പെട്ട നാലായിരം പേർ എന്ന സംഖ്യയെ സിഡിന്റെ കുഞ്ഞു മനസ്സിൽ ഉൾക്കൊള്ളാൻ സ്‌കൂളിലെ 25 പേർ പഠിക്കുന്ന ക്ലാസിനെപോലെ 160 ക്ലാസ് മുറികൾ എന്ന് പറഞ്ഞു കൊടുക്കേണ്ടിവന്നു .. 😢
നമുക്കൊട്ടും സമയമില്ല ; ഈ ഭൂമിയുടെ രക്ഷകരാണ് നമ്മുടെയൊക്കെ വീടുകളിൽ വളർന്നു വരുന്നത് ..
അവരുടെ കണ്ണുകളിലെ ചോദ്യങ്ങളുടെ വിളക്ക് കെടുത്താതിരിക്കുക ..
നന്മ പകരുക, സ്നേഹത്തോടെ ആ കുഞ്ഞു കൈകൾ പിടിച്ച് അവരോടൊപ്പം നടന്നാൽ മാത്രം മതി ഉത്തരങ്ങൾ അവർ തന്നെ കണ്ടെത്തിക്കോളും ..
ഉത്തരങ്ങളിൽ എന്തിരിക്കുന്നു !
അവർ കണ്ടെത്താനിരിക്കുന്ന പുതിയ ചോദ്യങ്ങളിലാണ് കാലം ഉണരാനായി നിദ്രകൊള്ളുന്നത് ...
എല്ലാ കുഞ്ഞുങ്ങൾക്കും നൂറുമ്മകൾ !എല്ലാരും സുരക്ഷിതരായിരിക്കട്ടെ ..
സ്നേഹപൂർവം : കിരൺ കണ്ണൻ