ഡോക്ടർമാരും എഞ്ചിനീയർമാരും മാത്രമല്ല സന്തോഷവാന്മാർ; പ്രിൻസിപ്പലിന്റെ കത്ത്
പരീക്ഷക്കാലമാണിത്, കുട്ടികളേക്കാളേറെ ആശങ്കയും പേടിയും മാതാപിതാക്കൾക്കാണ്. കുട്ടി നന്നായി പഠിക്കുന്നുണ്ടോ? അവൻ നന്നായി എഴുതുമോ നല്ല മാർക്ക് കിട്ടുമോ എന്നുള്ള ടെന്‍ഷൻ മാതാപിതാക്കൾക്കാണ് കൂടുതൽ. കൂടാതെ മക്കളെ ഡോക്ടറും എൻജിനീയറും കളക്ടറുമൊക്കെ ആക്കാനുള്ള വ്യഗ്രതയിലാണ് പലമാതാപിതാക്കളും. കുട്ടികളുടെ താല്‍പര്യങ്ങളേക്കാൾ തങ്ങളുടെ ആഗ്രഹങ്ങൾക്കും സ്റ്റാറ്റസിനുമാണ് പല മാതാപിതാക്കളും പ്രാധാന്യം കൊടുക്കാറ്. വരയ്ക്കാൻ കഴിവുള്ള ഒരു കുട്ടിയെ ആ വഴിക്ക് അവന്റെ ജീവിതം കൊണ്ടുപോകുന്നതിൽ എത്ര മാതാപിതാക്കൾ പ്രോത്സാഹനവുമായി നിൽക്കും. അതോ 'ഒരു ഡോക്ടറായിട്ട് നീ വരച്ചോ' എന്നു പറയുമോ?
ഡോക്ടറും എൻജിനീയറും കളക്ടറുമൊക്കെ ആകുന്നതിലുമുപരി ജീവിതത്തിൽ വിജയിക്കാൻ ഇതിലും വലിയ കുറേ കാര്യങ്ങളുണ്ട്. സിങ്കപ്പൂരിലെ ഒരു ഹൈസ്കൂൾ പ്രിൻസിപ്പാൾ രക്ഷകർത്താക്കൾക്കായി എഴുതിയ കത്താണിത്. 'പ്രിൻസിപ്പാൾ രക്ഷാകർത്താക്കൾക്കു കൊടുത്തയച്ച കത്ത്' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പരീക്ഷാക്കാലത്ത് ഈ കത്ത് ശ്രദ്ധേയമാകുകയാണ്.
പ്രിൻസിപ്പാൾ രക്ഷാകർത്താക്കൾക്കു കൊടുത്തയച്ച കത്ത് വായിക്കാം
പ്രിയ രക്ഷകർത്താക്കളെ,
കുട്ടികളുടെ പരീക്ഷ ഉടൻ തുടങ്ങുകയാണ്
കുട്ടികൾ നന്നായി പരീക്ഷ എഴുതുമോ എന്ന കാര്യത്തിൽ നിങ്ങൾ ആശങ്കാകുലരാണെന്ന് അറിയാം
പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്
ഈ പരീക്ഷ എഴുതുന്ന കുട്ടികളിൽ, കണക്ക് പഠിക്കേണ്ട ആവശ്യമില്ലാത്ത നല്ല ഒരു ചിത്രകാരൻ ഉണ്ടാവാം . . .
ചരിത്രത്തെക്കുറിച്ചോ ഇംഗ്ലീഷിനെക്കുറിച്ചോ കൂടുതൽ ശ്രദ്ധിക്കേണ്ടാത്ത വലിയ ഒരു വ്യവസായ സംരംഭകനും ഉണ്ടാവാം . . .
രസതന്ത്രത്തിന്റെ മാർക്ക് ബാധകമല്ലാത്ത ഒരു നല്ല സംഗീതജ്ഞൻ ഉണ്ടാവാം . . .
ഫിസിക്സിന്റെ മാർക്കിനെക്കാൾ ഫിസിക്കൽ ഫിറ്റ്നസിനു പ്രാധാന്യം നൽകേണ്ട ഒരു അത്‌ലറ്റ് ഉണ്ടാവാം . . .
നിങ്ങളുടെ കുട്ടി നല്ല മാർക്ക് വാങ്ങിയാൽ നല്ലത്
പക്ഷെ മാർക്ക് കുറഞ്ഞുപോയാൽ കുട്ടിയുടെ ആത്മവിശ്വാസത്തെയും അന്തസ്സിനേയും നഷ്ടപ്പെടുത്താതിരിക്കുക
ഇതൊരു പരീക്ഷ മാത്രം .
ജീവിതത്തിൽ വിജയിക്കാൻ ഇതിലും വലിയ കാര്യങ്ങൾ ധാരാളമുണ്ട് .
ഒരു പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയതുകൊണ്ട് അവരുടെ കഴിവിനെയും സ്വപ്നങ്ങളെയും തല്ലിക്കെടുത്തരുത്.
പ്രത്യേകം ഓർക്കുക !
ഡോക്ടർമാരും എഞ്ചിനീയർമാരും മാത്രമല്ല ഈ ലോകത്തിൽ സന്തോഷമായി കഴിയുന്നത്
സ്നേഹാദരങ്ങളോടെ
പ്രിൻസിപ്പാൾ
Summary: Principal, Letter, Exam, Parents Tension