ആടിനെ വിറ്റ വീട് തേടിപ്പിടിച്ച് രണ്ട് കുട്ടികള്‍ എഴുതിവച്ച കത്ത്! , Letter of kids, Goat, Lamb,Viral post, Manorama Online

ആടിനെ വിറ്റ വീട് തേടിപ്പിടിച്ച് രണ്ട് കുട്ടികള്‍ എഴുതിവച്ച കത്ത്!

‘എനിക്കും അനിയനും അതിനെ (ആടിന്‍കുട്ടിയെ) കാണാതിരിക്കാന്‍ കഴിയില്ല’ ... സമൂഹമാധ്യമത്തിൽ വൈറലായ ഒരു കത്തിലെ ഹൃദയം നിറയ്ക്കും വരിയാണിത്. ചിലനേരം കുട്ടികളുടെ നിഷ്കളങ്കത മുതിർന്നവരെ അമ്പരപ്പിക്കാറുണ്ട്. രണ്ട് കുഞ്ഞുങ്ങളുടെ നിഷ്കളങ്കത നിറഞ്ഞ ഒരു കത്താണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഉടമസ്ഥൻ വിറ്റ ആട്ടിൻകുട്ടികളെ കാണാനായി വാങ്ങിയ ആളിന്റെ വീട് തേടിപിടിച്ച് എത്തിയതാണ് രണ്ട് കുട്ടികൾ. എന്നാൽ ഉടമസ്ഥൻ ഇല്ലാതിരുന്നതിനാൽ അവർക്ക് ആടിന്‍കുട്ടിയെ കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഒരു കത്ത് എഴുതിവെച്ചിട്ടാണ് ആ കുഞ്ഞുങ്ങൾ തിരികെ പോയത്. നിതിന്‍ എന്ന യുവാവ് ഊ കത്ത് കാണുകയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയുമായിരുന്നു. കുട്ടികളുടെ ഇവരുടെ കത്ത് ഇങ്ങനെ:

പ്രിയപ്പെട്ട അങ്കിള്‍,

എനിക്കും എന്റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം. ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല. പെര്‍മിഷന്‍ തരും എന്ന ഉറപ്പോടെ ഞാന്‍ നിര്‍ത്തുന്നു.

എന്ന്

ആടുകളെ വില്‍ക്കപ്പെട്ട വീട്ടിലെ കുട്ടികള്‍

ഇതായിരുന്നു കത്തിലെ വാചകങ്ങള്‍

നിതിൻ ജി നെടുമ്പിനാൽ എന്ന യുവാവാണ് ഈ കത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നിതിന്റെ കുറിപ്പ് ഇങ്ങനെ

ജോലി കഴിഞ്ഞ് എന്നും ഉച്ചയ്ക്ക് വക്കീലിന്റെ വീട്ടില്‍ അല്പനേരം വിശ്രമിക്കാറുണ്ട്. ഇന്നും പതിവ് പോലെ ചെന്നപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പുറത്തിരുന്ന് returns എഴുതുമ്പോള്‍ ഏതോ കുട്ടികള്‍ കൊണ്ടുവെച്ച ഈ കത്ത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.. ഒന്ന് വായിച്ചപ്പോള്‍ തന്നെ ഉള്ളില്‍ വല്ലാത്തൊരു കുളിര്‍മ തോന്നി. ആ കുട്ടികളുടെ വീട്ടില്‍ നിന്നും വക്കീല്‍ വാങ്ങിയ ആട്ടിന്‍കുട്ടികളെ കാണാനെത്തിയതാണ് കുട്ടികള്‍..!

വന്നപ്പോള്‍ വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ ഇനി വരുമ്പോള്‍ ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം തരണം എന്ന അപേക്ഷയാണ് കത്തില്‍…!

ഉടമസ്ഥന്‍ വിറ്റിട്ടും, വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് ഇതുപോലൊരു കത്തെഴുതിയ ആ കുട്ടികള്‍ നല്‍കുന്ന സന്ദേശം വളരെ വലുതാണ്..

‘എനിക്കും അനിയനും അതിനെ(ആടിന്‍കുട്ടിയെ) കാണാതിരിക്കാന്‍ കഴിയില്ല’ എന്ന ഒറ്റ വരി മതി സ്‌നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാന്‍.. – നിതിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വരികള്‍.