ഗോൾഡ്‌ഫിഷിനെ കൂടെക്കിടത്തി; പ്രിയപ്പെട്ട നീമോ ചത്തതറിയാതെ നാലുവയസുകാരൻ
കുട്ടികളുടെ കാര്യം അങ്ങനെയൊക്കെയാണ് ഇഷ്ടമുള്ളതെന്തും അവർക്ക് കൂടെത്തന്നെ വേണം. എന്നു കരുതി ഗോൾഫിഷിനെ കൂടെക്കിടത്തി ഉറക്കാൻ ശ്രമിച്ചാലോ? സ്നേഹം പ്രകടിപ്പിക്കാൻ വെള്ളത്തിൽ നിന്നും പുറത്തെടുത്ത പ്രിയപ്പെട്ട ഗോള്ഡഫിഷ് ചത്തു പോയതിന്റെ വിഷമത്തിലാണ് ജോർജിയൻ സ്വദേശിയായ നാലുവയസുകാരൻ എവെർലെറ്റ്.
നീമോ സീരീസ് കണ്ടതിൽപ്പിന്നെ ഗോൾഡ്‌ഫിഷ് വിഭാഗത്തിൽപെട്ട അലങ്കാര മൽസ്യങ്ങളോട് വലിയ പ്രിയമായിരുന്നു ഈ കൊച്ചു മിടുക്കന്. ആ സ്നേഹം കണ്ടറിഞ്ഞ മാതാപിതാക്കൾ അവന് ഒരു കുഞ്ഞു അക്വേറിയം വാങ്ങിക്കൊടുക്കുകയും ചെയ്തു. അക്വേറിയത്തിൽ നീന്തിത്തുടിച്ചു നടക്കുന്ന ആ സ്വർണമൽസ്യത്തിലായിരുന്നു എവെർലെറ്റിന്റെ കണ്ണ്.
രാവിലെ ഉറങ്ങി എണീറ്റാൽ ഉടനെ അക്വേറിയത്തിനരികിൽ എത്തും. പിന്നെ ഭക്ഷണം കൊടുക്കലും കളിപ്പിക്കലും ഒക്കെയാണ്. വളരെപ്പെട്ടെന്നു തന്നെ ഗോൾഡ്‌ഫിഷ് എവെർലെറ്റിന്റെ അടുത്ത സുഹൃത്തായി മാറി. നീമോ എന്നാണ് കുഞ്ഞു മീനിന് പേരിട്ടത്. എന്നാൽ കഴിഞ്ഞ ദിവസം എവെർലെറ്റിന്റെ 'അമ്മ ടോറി അക്വേറിയത്തിൽ നോക്കിയപ്പോൾ മീനില്ല. പിന്നീട് മകന്റെ അടുത്ത വന്നു നോക്കിയപ്പോൾ അതാ മകൻ നീമോയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നു.
അക്വേറിയത്തിലെ ഗോൾഡ്‌ഫിഷിനോടുള്ള അടങ്ങാത്ത ഇഷ്ടം കാരണം വെള്ളത്തിൽ നിന്നും പുറത്തെടുത്ത് ഉമ്മ കൊടുത്ത് കൂടെ കിടത്തി ഉറക്കിയതാണ് കക്ഷി. വെള്ളത്തിൽ നിന്നും പുറത്തെടുത്താൽ മീൻ ചത്ത് പോകുമെന്ന് എവെർലെറ്റിന് അറിയില്ലായിരുന്നു. കാര്യം മനസിലാക്കിയ 'അമ്മ ടോറി രാത്രി തന്നെ മകനെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി നീമോ ചത്ത് പോയി എന്നറിയിച്ചു.
വിഷമം സഹിക്കാനാവാതെ കരഞ്ഞ കുഞ്ഞിനോട് മീനുകൾക്ക് ജീവിക്കാൻ വെള്ളം ആവശ്യമാമെന്നും പുറത്തെടുത്താൽ നീമോ ചത്തത് പോലെ ചത്ത് പോകും എന്നും ടോറി പറഞ്ഞു മനസിലാക്കി. താൻ മൂലമാണല്ലോ നീമോ ചത്ത് പോയതെന്ന വിഷമത്തിലായിരുന്നു പിന്നീട് എവെർലെറ്റ്. എവെർലെറ്റിന്റെ സന്തോഷത്തിനായി പുതിയ കുറച്ചു ഗോൾഡ്‌ഫിഷ് കുഞ്ഞുങ്ങളെ വാങ്ങി നൽകി അവയെ എങ്ങനെ പരിപാലിക്കണം എന്ന പാഠം പഠിപ്പിക്കുകയാണ് 'അമ്മ ടോറി.