ഇത് കൊടുത്താൽ പിള്ളേർക്ക് സന്തോഷം ആവൂലേ? സ്വന്തം പാവകളെ നൽകി കൊച്ചു സിയ ചോദിക്കുന്നു
മഴപ്പെയ്ത്തിന്റെ ദുരിതത്തിലാണ് കേരളം. അവശ്യസാധനങ്ങൾ ക്യാമ്പുകളിലേക്ക് എത്തിക്കാൻ സന്നദ്ധപ്രവർത്തകർ നെട്ടോട്ടമോടുമ്പോൾ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് പറവൂർ സ്വദേശിയായ സിയക്കുട്ടി. ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളെക്കുറിച്ചാണ് സിയക്കുട്ടിയുടെ ആകുലത. അവർക്കു കളിക്കാൻ സ്വന്തം കളിപ്പാട്ടവുമായി ഇറങ്ങിത്തിരിച്ച സിയക്കുട്ടിയുടെ മനസിന്റെ നന്മയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങൾ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട പൂപ്പിയെയും കുഞ്ഞു മനിലയെയും ക്യാമ്പിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾക്കൊപ്പം എടുത്ത വയ്ക്കുന്ന സിയക്കുട്ടിയുടെ വിഡിയോ വൈറലായി.
ദുരിതാശ്വാസ ക്യാമ്പിലേക്ക് മാതാപിതാക്കൾ സാധനങ്ങൾ ശേഖരിക്കുന്നത് കണ്ടപ്പോഴാണ് സിയക്കുട്ടിക്ക് ഈ ആശയം മനസിൽ തോന്നിയത്. തന്റെ പ്രിയപ്പെട്ട രണ്ടു പാവകളും ക്യാമ്പിലേക്ക് കൊടുക്കാനായി പൊതിഞ്ഞെടുക്കാമെന്നായി സിയക്കുട്ടി. ഇതു കണ്ട സിയക്കുട്ടിയുടെ അച്ഛനാണ് വിഡിയോ എടുത്തത്. ഈ പാവകൾ എന്തിനാണ് ക്യാമ്പിലേക്ക് കൊടുക്കുന്നതെന്ന ചോദ്യത്തിന് തെളിച്ചമുള്ള ചിരിയോടെ സിയക്കുട്ടി പറയുന്നു– "വെള്ളപ്പൊക്കം വന്നപ്പോഴേ പിള്ളേരുടെ പാവകളൊക്കെ ചീത്തയായി പോയാരിക്കും. പിന്നെ ഒഴുകി പോയിരിക്കും, കടലിലേക്ക്. ഇതു കാണുമ്പോൾ പിള്ളേർക്ക് ഒരു സന്തോഷം ആവൂലോ!" ഈ പാവകളൊക്കെ സിയക്കുട്ടിക്ക് വലിയ ഇഷ്ടമുള്ള പാവകളല്ലേ എന്ന ചോദ്യത്തിന് അതൊന്നു കുഴപ്പമില്ല എന്നായിരുന്നു സിയക്കുട്ടിയുടെ മറുപടി.
നിരവധി പേർ സിയക്കുട്ടിയുടെ വിഡിയോ പങ്കു വച്ചു.രാജ്യം നഷ്ടപ്പെട്ട രാജാവിനും ,കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞിനും ഒരേ വേദനയാണെന്ന് ഓർമ്മപ്പെടുത്തുന്നതാണ് സിയക്കുട്ടിയുടെ വാക്കുകളെന്നാണ് വിഡിയോ കണ്ടവരുടെ കമന്റ്. ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നവർ അവിടെയുള്ള കുഞ്ഞുങ്ങളെയും കൂടി പരിഗണിക്കണമെന്നും ഈ വിഡിയോ പങ്കുവച്ചു കൊണ്ട് നിരവധി പേർ ആവശ്യപ്പെട്ടു.