ചെറു പ്രായത്തിൽ കണ്ടുപിടിത്തങ്ങൾ നടത്തി പ്രശസ്തരായ ചിലർ!
റിച്ചി സ്റ്റാഹോവ്സ്കി (11)
പിതാവിനൊപ്പം സർഫിങ് നടത്തുന്നതിനിടെയാണ് റിച്ചി എന്ന 11 വയസ്സുകാരൻ കടലിനടയിലേക്ക് ഊളിയിട്ടത്. അവിടെക്കണ്ട കാഴ്ചകൾ അവനെ അദ്ഭുതപ്പെടുത്തി. കാഴ്ച കാണുന്നതിനൊപ്പം പിതാവിനോടു സംസാരിക്കണമെന്ന് റിച്ചിക്ക് ആഗ്രഹം തോന്നി. പക്ഷേ, വെള്ളത്തിനടിയിൽനിന്ന് എങ്ങനെ സംസാരിക്കും? വീട്ടിൽ തിരിച്ചെത്തിയ ഉടൻ പരീക്ഷണം തുടങ്ങി. ഒടുവിൽ അവൻ ‘വാട്ടർ ടോക്കി’ എന്ന ഉപകരണം കണ്ടെത്തി. 15 അടി അകലെയുള്ളവരോടു വരെ ഇതിലൂടെ സംസാരിക്കാം. വാട്ടർ ടോക്കിയുടെ വിൽപനയ്ക്കായി സ്വന്തമായി കമ്പനിയുമുണ്ട് റിച്ചിക്ക്.
∙എലിഫ് ബിൽഗിൻ (16)
പഴം കഴിച്ചശേഷം തൊലി എന്തു ചെയ്യും? കളയും, അല്ലേ. എന്നാൽ എലിഫ് ബിൽഗിൻ എന്ന പെൺകുട്ടി പതിനാറാം വയസ്സിൽ പഴത്തൊലി ഉപയോഗിച്ച് ഒരു കണ്ടുപിടിത്തം നടത്തി– ജൈവ പ്ലാസ്റ്റിക്. പഴത്തൊലിയുടെ പുറംഭാഗത്ത് അടങ്ങിയിരിക്കുന്ന സ്റ്റാർച്ച്, സെല്ലുലോസ് തുടങ്ങിയവ ഉപയോഗിച്ചാണ് ജൈവ പ്ലാസ്റ്റിക് നിർമിച്ചത്. 2 വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് തുർക്കി സ്വദേശിനിയായ എലിഫ് കണ്ടുപിടിത്തം പൂർത്തിയാക്കിയത്.
∙ ജാമി എഡ്വേഡ് (13)
ന്യൂ ക്ലിയർ ഫ്യൂഷൻ വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇംഗ്ലണ്ടുകാരനായ ജാമി എഡ്വേഡ്. പതിമൂന്നാം വയസ്സിൽ തന്റെ സ്കൂൾ ലാബിലാണ് ജാമി ന്യൂക്ലിയർ റിയാക്ടർ നിർമിച്ചത്.
∙ഗീതാഞ്ജലി റാവു (11)
മൂന്നു വർഷം മുൻപ് അമേരിക്കയിലെ ‘യങ് സയന്റിസ്ന്റ് ’ പുരസ്കാരം നേടുമ്പോൾ ഗീതാഞ്ജലി റാവുവിന് പ്രായം 11! ഈയം കലർന്ന വെള്ളം കുടിച്ച് ഒട്ടേറെപ്പേർ രോഗബാധിതരാകുന്നുവെന്ന വാർത്ത ടിവിയിൽ കണ്ടതോടെയാണ് ഗീതാഞ്ജലി പോംവഴി തേടിയിറങ്ങിയത്. പരീക്ഷണങ്ങൾക്കൊടുവിൽ ശുദ്ധജലത്തിൽ അടങ്ങിയിരിക്കുന്ന ഈയത്തിന്റെ അളവു കണ്ടെത്താൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തു.
∙ മാനസ മെൻഡു (13)
ഇന്ത്യയിൽ ഒട്ടേറെ ആളുകൾ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതു കണ്ടതോടെയാണ് യുഎസിൽ സ്ഥിരതാമസമാക്കിയ മാനസ പരീക്ഷണങ്ങളിലേക്കു തിരിഞ്ഞത്. ഏറ്റവും കുറഞ്ഞ ചെലവിൽ സൗരോർജം ഉൽപാദിപ്പിക്കുന്ന ‘സോളാർ ലീഫ്’ ആണ് മാനസ കണ്ടെത്തിയത്