അടുക്കളയിൽ അമ്മയെ സഹായിച്ച് സക്കർബർഗിന്റെ കുഞ്ഞുഹീറോസ്; വിഡിയോ വൈറൽ, Mark Zuckerberg, Priscilla Chan Facebook, Kids, Viral Video, Manorama Online

അടുക്കളയിൽ അമ്മയെ സഹായിച്ച് സക്കർബർഗിന്റെ കുഞ്ഞുഹീറോസ്; വിഡിയോ വൈറൽ

ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗിന് എത്രയൊക്കെ തിരക്കുകളുണ്ടെങ്കിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കാറുണ്ട്. സക്കർബർഗും ഭാര്യ പ്രസില്ല ചാനും മക്കളുടെ ഓരോ അവ്സിമരണീയ നിമിഷങ്ങളും ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്യും. മദേഴ്സ് ഡെയിൽ അമ്മയ്ക്കായി പ്രാതലൊരുക്കുന്ന മകളുടെ ചിത്രം കഴി‍ഞ്ഞ ദിവസം സക്കർബർഗ് പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ Parenting milestone unlocked എന്ന കുറിപ്പോടെ സക്കർബർഗ് പോസ്റ്റ് ചെയ്ത വിഡിയോയാണ് സൂപ്പർ. മക്കളായ മാക്സും ഓഗസ്റ്റും അടുക്കളയിൽ പാത്രം കഴുകാൻ സഹായിക്കുന്ന ഈ വിഡിയോയ്ക്ക് നിമിഷം പ്രതി ലൈക്കും കമന്റും കൂടിക്കൊണ്ടിരുക്കുകയാണ്. ഒരാള്‍ സിങ്കിനടുത്തു നിന്നും സ്പൂണും ഫോർക്കും കഴുകി മറ്റേയാളെ ഏൽപ്പിക്കുകയാണ്. അത് വാങ്ങി റാക്കിൽ‌ ശ്രദ്ധയോടെ അവ അടുക്കി വയ്ക്കുകയാണ് രാണ്ടാമത്തെ കക്ഷി. ഇടയ്ക്ക് പ്രസില്ല കഴുകാനായി വീണ്ടും സ്പൂണും ഫോർക്കും കൊടുക്കുന്നതും വിഡിയോയിൽ കാണാം.

മക്കളെ ചെറുപ്രായത്തിൽ തന്നെ കുഞ്ഞുകുഞ്ഞു ജോലികളൊക്കെ ഏൽപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്യാൻ ഏൽപ്പിക്കുമ്പോൾ അവരിൽ ഉത്തരവാദിത്വവും ആത്മവിശ്വാസം വർദ്ധിക്കുന്നു. തങ്ങളുടെ കുട്ടികളെ ഉത്തരവാദിത്വമുള്ളവരാക്കി വളർത്തുകയാണ് ഈ അച്ഛനും അമ്മയും.

അതുപോലെ കുട്ടികളുടെ സ്ക്രീൻ ടൈമിന്റെ കാര്യത്തിലും ഇവർക്ക് വ്യക്തമായ തീരുമാനങ്ങളുണ്ട്. സ്ക്രീൻ ടൈമിൽ നിന്നും കുട്ടികളെ അകറ്റി നിർത്തിയിരിക്കുകയാണിവർ. ഡിവൈസുകളുടെ അധിക ഉപയോഗം കുട്ടികളെ ടെക്നോളജിക്ക് അഡിക്റ്റാക്കും എന്ന് എല്ലാവർക്കും അറിയാം. പക്ഷേ അത് നിയന്ത്രിക്കുന്നതിൽ നാം പലപ്പോഴും പരാജയപ്പെടുന്നു. എന്നാൽ സക്കർബർഗിനെപ്പോലുള്ളവര്‍ കുട്ടികളെ ഇവയിൽ നിന്നൊക്കെ പരമാവധി അകറ്റി നിർത്തുകയാണ് ചെയ്യുന്നത്. രണ്ടാമത്തെ മകൾ ഓഗസ്റ്റ് ജനിച്ചപ്പോൾ അദ്ദേഹം മകൾക്കായി എഴുതിയ സന്ദേശം വളരെ പ്രസക്തമാണ്. "വലുതാകുമ്പോൾ നിനക്ക് വളരെ തിരക്കായിരിക്കും അതുകൊണ്ട് ഇപ്പോൾതന്നെ എല്ലാ പൂക്കളുടേയും സുഗന്ധം അറിഞ്ഞുവളരുക"