കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ ബാലന് സ്കൂളിന്റെ ആദരം‍, Mizoram boy, chicken, Viral Post, Manorama Online

കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ ബാലന് സ്കൂളിന്റെ ആദരം‍

ഒരു കൈയ്യിൽ അപകടം പറ്റിയ കോഴിക്കുഞ്ഞും മറു കൈയ്യിൽ പത്തു രൂപ നോട്ടുമായി നിന്ന ആ കുരുന്നു ബാലനെ ഓർമയില്ലേ? വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകയായിരുന്നു ഡെറക് എന്ന ബാലൻ. അറിയാതെ സൈക്കിളിന്റെ ടയർ അയൽവാസിയുടെ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. അതുകണ്ട് സങ്കടം സഹിക്കാതെ അവന്‍ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്കു പാഞ്ഞു. കോഴിക്കുഞ്ഞ് ചത്തുപോയെങ്കിലും ആ അഞ്ചുവയസ്സുകാരന്റെ പ്രവർത്തിയെ എല്ലാവരും വാഴ്ത്തി.

കോഴിക്കുഞ്ഞിന്റെ മേൽ സൈക്കിൾ കയറിയിറങ്ങിയപ്പോൾ ആകെ വിഷമിച്ച ഡെറക് അതിനെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കളോട് ആവുന്നത്ര പറഞ്ഞു നോക്കിയത്രേ. അവരതിന് വിസമ്മതിച്ചപ്പോഴാണ് തന്റെ കൈവശമുള്ള പത്ത് രൂപയുമായി അവൻ ആശുപത്രിയിലേയ്ക്ക് പാഞ്ഞത്. പക്ഷേ കോഴിക്കുഞ്ഞ് ചത്തുപോയത് കുഞ്ഞു ഡെറകിന് മനസിലായേയില്ല.

അവന്റെ കയ്യിലാകെ പത്ത് രൂപയേ ഉണ്ടായിരുന്നുള്ളൂ. ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയുമായെത്തി ആശുപത്രി അധികൃതരോട് കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു. നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം വൈറലായിരുന്നു.

മിസോറാമിലെ സൈരാങ്ക് എന്ന സ്ഥലത്തുള്ള ഡെറക് ലാൽചൻഹിമ എന്ന ഈ ബാലന്‍ മുതിർന്നവർക്കു കൂടെ മാതൃകയായിരിക്കുന്നു. കരുണനിറഞ്ഞ ആ പ്രവർത്തികൊണ്ടാണ് കുഞ്ഞ് ഡെറക് ഒരൊറ്റ ദിവസം കൊണ്ട് താരമായത്. ഈ പ്രവർത്തിമൂലം ഡെറക് പഠിക്കുന്ന സ്കൂളിൽ അവനെ ആദരിക്കുകയുണ്ടായി. 'Word of Appreciation' എന്നെഴുതിയ പ്രശസ്തി പത്രവുമായി നിറഞ്ഞചിരിയുമായി ഡെറക് നിൽക്കുന്ന ഒരു ചിത്രവും പങ്കുവയ്ക്കപ്പെടുന്നുണ്ട്.