കോഴിക്കുഞ്ഞുമായി ആശുപത്രിയിലെത്തിയ ബാലന് അന്താരാഷ്ട്ര പുരസ്കാരം
ഒരു കൈയ്യിൽ അപകടം പറ്റിയ കോഴിക്കുഞ്ഞും മറു കൈയ്യിൽ പത്തു രൂപ നോട്ടുമായി നിന്ന ആ കുരുന്നു ബാലനെ ഓർമയില്ലേ? വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകയായിരുന്നു ഡെറക് എന്ന ബാലൻ. അറിയാതെ സൈക്കിളിന്റെ ടയർ അയൽവാസിയുടെ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. അതുകണ്ട് സങ്കടം സഹിക്കാതെ അവന്‍ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്കു പാഞ്ഞു. കോഴിക്കുഞ്ഞ് ചത്തുപോയെങ്കിലും ആ അഞ്ചുവയസ്സുകാരന്റെ പ്രവർത്തിയെ എല്ലാവരും വാഴ്ത്തി. സോഷ്യല്‍ മീഡിയയുടെ മുഴുവന്‍ സ്നേഹവും വാത്സല്യവും പിടിച്ചുപറ്റിയ ആറുവയസ്സുകാരന്‍ ഡെറക്ക് സി ലല്‍ക്കനിമക്ക് അന്തര്‍ദേശീയ പുരസ്കാരം.
മൃഗക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പീറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്) ആണ് ആറുവയസ്സുകാരനായ ഡെറക്കിന് പുരസ്കാരം നല്‍കി ആദരിച്ചത്. കംപാഷനേറ്റ് കിഡ് എന്ന പുരസ്കാരമാണ് ബാലന് ലഭിച്ചത്. എട്ട് വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള കുട്ടികളെയാണ് പീറ്റ പുരസ്കാരത്തിനായി തിരഞ്ഞെടുക്കാറ്.
ഒരു കയ്യില്‍ കോഴിക്കുഞ്ഞും മറുകയ്യില്‍ പത്തുരൂപയുമായി നില്‍ക്കുന്ന ഡെറക്കിന്റെ ചിത്രം ആശുപത്രി ജീവനക്കാരിലാരോ ആണ് പകര്‍ത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഇതിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ ഡെറക്കിനായി അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഡെറക്കിന്റെ ചിത്രവും സോഷ്യല്‍ ലോകം ഏറ്റെടുത്തു