മോഷണശീലം നല്ലതല്ല- കഥ കേള്‍ക്കാം

കഥ അയച്ചു തന്നത്– കിരൺ ശർമ

“നോനു എണീക്ക്.. സ്കൂളിൽ പോകണ്ടേ, ഇങ്ങനെ മടി പിടിച്ചു കിടന്നാലോ.. വേഗം എണീക്ക്..” അമ്മ വന്നു വിളിക്കുന്നത് കേട്ടു നോനു എലി ചാടി എണീറ്റു. അമ്മ അവനെ പല്ലുതേപ്പിച്ചു, കുളിപ്പിച്ചു, സ്കൂളിൽ പോകാൻ റെഡിയാക്കി. ബാഗിൽ ബുക്ക് ഒക്കെ എടുത്തു വയ്ക്കുന്നതിനിടയിൽ അവൻ അമ്മയോട് ചോദിച്ചു, “അമ്മേ.. ഇന്നെന്താ ഉച്ചയ്ക്ക് കഴിക്കാൻ? ലഞ്ച് ബോക്സിൽ എന്താ വെച്ചിട്ടുള്ളത്?” “നിനക്കിഷ്ടപ്പെട്ട ചപ്പാത്തിയും കട്‌ലെറ്റും സോസും പിന്നെ ചോക്ലേറ്റും വച്ചിട്ടുണ്ട്” അമ്മ പറഞ്ഞു. ഇതുകേട്ട് അവൻ തുള്ളിച്ചാടി. അവനു ഭയങ്കര സന്തോഷമായി. അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തുകൊണ്ട് റ്റാറ്റ പറഞ്ഞ് അവൻ സ്കൂളിലേക്ക് പോകാൻ ഇറങ്ങി.

അപ്പോഴേക്കും അവന്റെ കൂട്ടുകാരി മോനു പൂച്ച വന്നു. അങ്ങനെ അവർ രണ്ടുപേരും കൂടെ കൈപിടിച്ച് സ്കൂളിലേക്ക് നടന്നു.

വഴിയിൽവെച്ച് ടിങ്കു പട്ടിയെ കണ്ടു. ടിങ്കുവും അവരുടെ സ്കൂളിലാ പഠിക്കുന്നേ. പക്ഷേ അവൻ ഭയങ്കര വികൃതി ആയിരുന്നു. സ്കൂളിലേക്കു പോകുന്ന നോനുവിനെയും മോനുവിനെയും അവൻ കളിയാക്കി. “നിങ്ങൾ എന്തിനാ ഇപ്പോ സ്കൂളിൽ പോണേ. നമുക്ക് കുറച്ചുനേരം കളിക്കാം, എന്നിട്ട് സ്കൂളിൽ പോകാം. ഇപ്പോൾ പോയാൽ കുറെ പഠിക്കേണ്ടി വരും.” ടിങ്കു പറഞ്ഞു. പക്ഷേ, അവർ അതൊന്നും കേട്ടില്ല. അവർ രണ്ടുപേരും സ്കൂളിലേക്ക് നടന്നു.

കഥ കേൾക്കാം

സ്കൂളിൽ എത്തി, ബെല്ലടിച്ചു കുറേ കഴിഞ്ഞാണ് ടിങ്കു സ്കൂളിൽ വന്നത്. അവനെ ടീച്ചർ വഴക്കും പറഞ്ഞു.

അങ്ങനെ ഉച്ചയ്ക്ക് ഊണു കഴിക്കാൻ സമയം ആയി. നോനു എലി ഭയങ്കര സന്തോഷത്തോടെ പാത്രം തുറന്നതും അവൻ ഞെട്ടിപ്പോയി. ചപ്പാത്തി മാത്രമേ പാത്രത്തിൽ ഉള്ളൂ. കട്‌ലെറ്റും സോസും ചോക്ലേറ്റും കാണാനില്ല. നോനുവിനു സങ്കടമായി. കുറേ അന്വേഷിച്ചിട്ടും അവന് അത് കിട്ടിയില്ല.

“മോഷ്ടിച്ച ആളെ ഞാൻ കണ്ടുപിടിക്കും” നോനു മോനുവിനോടു പറഞ്ഞു. പെട്ടെന്നാണ് നോനു ടിങ്കു പട്ടിയെ ശ്രദ്ധിച്ചത്. അവന്റെ കൈവിരലുകളില്‍ സോസ് ഉണങ്ങി പിടിച്ച് ഇരിക്കുന്നു. നഖത്തിന്റെ ഇടയിലെല്ലാം കട്‌ലെറ്റിന്റെ പൊടി ആയിട്ടുണ്ട്. മുഖത്തും സോസിന്റെ പാടുകൾ ഉണ്ട്. എന്റെ ലഞ്ച് മോഷ്ടിച്ചത് ടിങ്കു തന്നെ. നോനുവിനു ഉറപ്പായി.

അവൻ ടീച്ചറിനെ വിളിച്ചു കാര്യം പറഞ്ഞു. ടീച്ചർ നോനുവിനോടു ചോദിച്ചു, “ടിങ്കുവാണ് മോഷ്ടിച്ചതെന്ന് നിനക്ക് എങ്ങനെ മനസ്സിലായി. കാര്യം അറിയാതെ നമ്മൾ ആരെയും കുറ്റപ്പെടുത്തരുത്.” നോനു ടീച്ചറിനോട് എല്ലാം വിശദീകരിച്ചു. അവന്റെ കൈവിരലുകളിൽ സോസ് ഉണങ്ങി പിടിച്ച് ഇരിക്കുന്നു. നഖത്തിന്റെ ഇടയിൽ കട്‌ലെറ്റിന്റെ പൊടി ആയിട്ടുണ്ട്. മുഖത്തും സോസിന്റെ പാടുകൾ ഉണ്ട്. അവൻ തന്നെയാ അത് കഴിച്ചത്. എന്നിട്ട് മുഖം പോലും കഴുകിയിട്ടില്ല. കൂടാതെ ചോക്ലേറ്റിന്റെ കവര്‍ അവന്റെ ബാഗിൽ നിന്നും കിട്ടി.

ടീച്ചർ ടിങ്കുവിനെ അടുത്ത് വിളിച്ചു കാര്യം ചോദിച്ചു. അവൻ തല താഴ്ത്തികൊണ്ട് സത്യം പറഞ്ഞു. “അതെ ഞാൻ തന്നെയാ മോഷ്ടിച്ചത്.” ടീച്ചർ അവനെ ചേർത്തു പിടിച്ചിട്ട് അവനോട് സ്നേഹത്തോടെ പറഞ്ഞു “ഒരിക്കലും മോഷ്ടിക്കരുത്. അത് നല്ല ശീലമല്ല. നമുക്ക് എന്തെങ്കിലും വേണമെങ്കിൽ അവരോട് ചോദിച്ച് അനുവാദം കിട്ടിയിട്ടേ അത് എടുക്കാവൂ, കേട്ടോ.” ടിങ്കുവിനു തന്റെ തെറ്റു മനസ്സിലായി.

അവൻ ഇനി മോഷ്ടിക്കില്ലെന്നു ടീച്ചർക്കു ഉറപ്പു കൊടുത്തു. അങ്ങനെ അവർ മൂന്നുപേരും കൂട്ടുകാരായി. പിന്നെ ദിവസവും അവർ ഭക്ഷണം പങ്കുവെച്ച് കഴിക്കാൻ തുടങ്ങി.