മുന്നറിയിപ്പുകള്‍ അവഗണിക്കുന്നവർ അറിയാൻ
പുനരാഖ്യാനം: ജേക്കബ് ഐപ്പ്
എലിയുടെ മുന്നറിയിപ്പ്– കഥ
കർഷകൻ അന്ന് ആകെ തളർന്നാണ് വീട്ടിലെത്തിയത്! എന്തു പറ്റി ഇന്ന് വലിയ വിഷമം’ ഭാര്യ ചോദിച്ചു. ‘ഓ എന്തു പറ്റാനാ ഞാൻ ആ എലിയെക്കൊണ്ടു തോറ്റു. എല്ലാം അവൻ കുത്തി മറിക്കും. ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത സ്ഥിതിയിലായി. ഇന്ന് ഞാൻ അവന്റെ കഥ കഴിക്കും’ മാളത്തിലിരുന്ന് എലി ഈ സംഭാഷണം കേൾക്കുന്നുണ്ടായിരുന്നു. േപടിച്ചിട്ട് അവന്റെ താടി എല്ലുകൾ പടാപടാ കൂട്ടിയടിച്ചു.
‘ഞാൻ ചന്തയിലേക്കു പോകുകയാണ്’ അയാൾ ഭാര്യയോടു പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം അയാൾ മടങ്ങി എത്തി. അയാളുടെ പക്കൽ ഒരു പൊതിയുണ്ട്. അയാൾ ഭാര്യയെ വിളിച്ചു. തന്റെ പക്കലുള്ള കെട്ട് തുറന്നു. ഒരു എലിക്കെണി. ‘ഇന്നു ഞാൻ അവന്റെ കഥ കഴിക്കും’. കർഷകൻ പല്ലിറുമ്മി ക്കൊണ്ടാണ് ഇതു പറഞ്ഞത്. ഇതു കേട്ടതോടെ എലിയുടെ പരിഭ്രമം ഇരട്ടിയായി. ‘ഇന്ന് അയാൾ കെണിവയ്ക്കും. ഞാൻ കുടുങ്ങിയതു തന്നെ’. എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്റെ ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും ആരാണ് ഉള്ളത്. എന്റെ ഇളയ മകൻ ‘പൊന്നുകുട്ടൻ’ അവനെ കണ്ട് എന്റെ കൊതി തീർന്നി ട്ടില്ല. അവൻ ഓർത്തു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഈ അപകടവിവരം ഞാൻ എന്റെ സ്നേഹിതരെ അറിയിക്കും. ആ വീട്ടിൽ അവന് രണ്ടു സ്നേഹിതരുണ്ട്. ഒരു പൂവൻ കോഴിയും, ഒരു പന്നിക്കുട്ടനും. എന്നും അവർ പരസ്പരം കാണും. അവർ മൂവരും തമ്മിൽ വലിയ അടുപ്പമാണ്. എലി മാളത്തിൽ നിന്ന് പതുക്കെ തല പുറത്തിട്ടു. നക്ഷത്രം പോലെ തിളങ്ങുന്ന അവന്റെ കണ്ണുകൾ നാലുപാടും നോക്കി. ഇല്ല ആരും ഇല്ല. കർഷകനും ഭാര്യയും വീട്ടിനുള്ളിലാണ്. അവൻ ഒരു കുതിപ്പിനു പൂവൻ കോഴിയുടെ അടുത്തെത്തി.
‘ചേട്ടാ എന്നെ ഒന്നു നോക്കിയാട്ടേ. വളരെ പ്രധാനപ്പെട്ട ഒരു വിവരം അറിയിക്കാനാണ് ഞാൻ വന്നത്’. വേഗം പറ. എനിക്ക് ഒരു പാടു കാര്യം ചെയ്യാനുണ്ട്. പൂവൻ കോഴി പറഞ്ഞു. നമ്മുടെ യജമാനൻ ഒരു എലിക്കെണി വാങ്ങിയിട്ടുണ്ട് സൂക്ഷി ക്കണം. അപ്പോൾ പൂവൻ കോഴി അവനെ പരിഹസിച്ചു ചിരിച്ചു. ‘മണ്ടച്ചാരെ, എലിക്കെണിയെ നീ പേടിച്ചാൽ മതി എനിക്കെന്താ’. എലിക്ക് അപ്പോൾ ആകെ സങ്കടം തോന്നി.
അവൻ പിന്നീട് പന്നിക്കുട്ടന്റെ അടുത്തേക്ക് പാഞ്ഞു. അവൻ അപ്പോൾ എന്തോ കഴിക്കുകയായിരുന്നു. എലി അവനെ വിളിച്ചു ‘ചേട്ടാ, ചേട്ടാ നമ്മുടെ ജയമാനൻ ഒരു എലിക്കെണി വാങ്ങിയിട്ടുണ്ട് സൂക്ഷിക്കണം’ അപ്പോൾ പന്നിക്കുട്ടൻ ഉച്ച ത്തിൽ പൊട്ടിച്ചിരിച്ചു. ‘നീ എന്തൊരു വിഡ്ഢിയാണ് എലിക്കെണി കൊണ്ട് എനിക്കെന്താ. നീ സൂക്ഷിച്ചാൽ മതി’. എലി തല താഴ്ത്തി അവിടെ നിന്നും ഓടി മറഞ്ഞു.
അന്നു രാത്രിയിൽ കർഷകനും ഭാര്യയും കൂടി എലിക്കെണി പറമ്പിൽ ഒരിടത്ത് വെച്ചു. രാവേറെയായി അപ്പോൾ എലി ക്കെണി വീഴുന്ന ശബ്ദം കേട്ട് ആദ്യം ഉണർന്നത് ഭാര്യയാണ്. അവർ കെണി ഒരുക്കി വെച്ചിരിക്കുന്ന സ്ഥലത്തേക്ക് സന്തോ ഷത്തോടെ ഓടി എത്തി. എലിക്കെണി തുറക്കാൻ തുടങ്ങി യതും എലിക്കു പകരം കുടുങ്ങിക്കിടന്ന സർപ്പം കൊത്തിയതും ഒരുമിച്ചായിരുന്നു. അവർ നിലവിളിച്ചു കൊണ്ട് വീട്ടിലേക്ക് ഓടി. ദിവസങ്ങളോളം ആശുപത്രി വാസത്തിനു ശേഷമാണ് അവര്‍ വീട്ടിലേക്ക് മടങ്ങിയത്. അവർ ചികിത്സയുടെ കാഠിന്യം കൊണ്ട് നന്നേ ക്ഷീണിച്ചിരുന്നു. അവരെ സന്ദർശിക്കാൻ എത്തിയവർ പലരും അഭിപ്രായപ്പെട്ടു ‘ക്ഷീണം മാറാൻ നല്ല കോഴി സൂപ്പ് കൊടുത്താൽ മതിയെന്ന്’ കോഴി സൂപ്പ് തയ്യാറാ ക്കാൻ അവർ കണ്ടത് നമ്മുടെ പൂവൻ കോഴിയെത്തന്നെ.
ദിവസങ്ങൾ പലതു കഴിഞ്ഞു. വീട്ടുടമയുടെ രോഗത്തിന് ശമനം ഉണ്ടായില്ല. ഒരു ദിവസം അവരുടെ ജീവൻ നഷ്ടപ്പെട്ടു. ചില ദിവസങ്ങൾക്കു ശേഷം അവരുടെ അടിയന്തരം നടത്തി. വിളിച്ചു ചേർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും നൽകിയ വിഭവത്തിലെ മുഖ്യ ഇനം പന്നിയിറച്ചിയായിരുന്നു. അതിനായി പന്നിക്കുട്ടനും അറുക്കപ്പെട്ടു.
ഇതിനെല്ലാം സാക്ഷിയായി എലി മാളത്തിൽ നിന്ന് പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു.