കൊച്ചു കുട്ടിയുടെ മനസ്സുള്ള മുതിർന്ന മനുഷ്യൻ
പെല്ലിശ്ശേരി
മിസ്റ്റർ ബീനിനെ ഇഷ്ടമല്ലാത്ത ആരെങ്കിലുമുണ്ടോ? ഒറ്റയ്ക്കുള്ള ജീവിതം ഇത്ര മനോഹരമായി ആസ്വദിക്കാൻ സാധിക്കും എന്നു മാത്രമല്ല, പ്രായമെത്ര കഴിഞ്ഞാലും മനസ്സിൽ കുട്ടിത്തം സൂക്ഷിക്കാൻ കൂടി സാധിക്കും എന്നു പഠിപ്പിച്ചു തന്ന കഥാപാത്രമാണ് മിസ്റ്റർ ബീൻ. കുട്ടികളെയും വലിയവരെയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്ത മിസ്റ്റർ ബീനിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയിട്ട് 2020ൽ 30 വർഷം തികയും. ബ്രിട്ടിഷ് എഴുത്തുകാരനും കൊമേഡിയനുമായ ബെൻ എൽട്ടനാണ് ആദ്യത്തെയും 1995 ൽ പുറത്തിറങ്ങിയ അവസാനത്തെയും എപ്പിസോഡുകൾ എഴുതിയത്.
കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോവൻ സെബാസ്റ്റ്യൻ അറ്റ്കിൻസൻ തന്നെയാണ് മിസ്റ്റർ ബീൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ഓക്സ്ഫഡ് സർവകലാശാലയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിനു ലഭിച്ച മിസ്റ്റർ ബീൻ എന്ന ആശയത്തെ വികസിപ്പിക്കുകയായിരുന്നു സീരീസുകളിലൂടെ. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ കൊച്ചു കുട്ടിയുടെ മനസ്സുള്ള മുതിർന്ന മനുഷ്യൻ. അതാണു മിസ്റ്റർ ബീൻ.
കുട്ടിത്തം നിറഞ്ഞ ഈ മുതിർന്ന മനുഷ്യന്റെ ആരാധകരായി മാറിയതു ലക്ഷക്കണക്കിനാളുകളാണ്. 1990 ൽ തുടങ്ങി 1995 വരെ 15 എപ്പിസോഡുകൾ പുറത്തിറങ്ങി. ദ് ട്രബിൾ വിത്ത് മിസ്റ്റർ ബീൻ എന്ന ഒരൊറ്റ എപ്പിസോഡ് കണ്ടത് 18.74 മില്യൺ ആളുകളാണ്. 15 എപ്പിസോഡുകൾ കൂടാതെ 5 ആനിമേറ്റഡ് സീരീസുകളും 2 ഫീച്ചർ സിനിമകളും മിസ്റ്റർ ബീൻ എന്ന കഥാപാത്രത്തിനായി പുറത്തിറങ്ങി. പ്രശസ്തമായ റോസ് ദി ഓർ പുരസ്കാരമടക്കം ഒട്ടേറെ അവാർഡുകളും മിസ്റ്റർ ബീൻ സ്വന്തമാക്കിയിട്ടുണ്ട്.
2012 ലെ സമ്മർ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ അറ്റ്കിൻസൻ മിസ്റ്റർ ബീനിനെ അവതരിപ്പിച്ചിരുന്നു എന്നതും എത്രമാത്രം ഈ കഥാപാത്രം ജനങ്ങൾ നെഞ്ചോടു ചേർത്തിരുന്നു എന്നതിന് ഉദാഹരണമാണ്.