മുക്കോലൻ നീർക്കോലിയും നങ്ങേലി ചെമ്പോത്തും

കഥ അയച്ചു തന്നത് – ബിനു കല്ലറയ്ക്കൽ

മുക്കോലൻ നീർക്കോലിയും നങ്ങേലി ചെമ്പോത്തും പണ്ടുമുതലേ വലിയ കൂട്ടുകാരായിരുന്നു. മുക്കോലൻ നീർക്കോലി ഒരു വലിയ കുളത്തിലും നങ്ങേലി ചെമ്പോത്ത് ആ കുളത്തിനരികെയുള്ള ഒരു പൊന്തക്കാട്ടിലുമായിരുന്നു താമസം. രണ്ടുപേരും അവരുടെ വീടുകളിലെ വിശേഷ ദിവസങ്ങളിൽ പരസ്പരം വിരുന്നു പോകുകയും സൽക്കാരം നടത്തുകയും പതിവായിരുന്നു. രണ്ടുപേരും നന്നായി പാചകം ചെയ്യുമായിരുന്നു. മുക്കോലൻ നീർക്കോലി നല്ല രസഗുളയും, നങ്ങേലി നല്ല പായസവും ഉണ്ടാക്കാൻ മിടുക്കരായിരുന്നു. മുക്കോലൻ നീർക്കോലി വലിയ കൊതിയനായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം നങ്ങേലി ചെമ്പോത്തിന്റെ പിറന്നാൾ ദിവസം വന്നെത്തി. പിറന്നാൾ ദിവസം വീട്ടിൽ വിരുന്നിന് വരുവാൻ നങ്ങേലി ചെമ്പോത്ത് മുക്കോലനെ ക്ഷണിച്ചു. മുക്കോലൻ അതിരാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി നങ്ങേലി ചെമ്പോത്തിന്റെ വീട്ടിലെത്തി. അപ്പോൾ നങ്ങേലി നല്ല പായസം ഉണ്ടാക്കുകയായിരുന്നു. നങ്ങേലി മുക്കോലനെ സ്വീകരിച്ചിരുത്തി. പക്ഷെ അപ്പോഴേക്കും നങ്ങേലിയുടെ അടുപ്പിലെ വിറക് തീർന്നു പോയിരുന്നു. നങ്ങേലി ആകെ വിഷമിച്ചു, ഇനിയെങ്ങനെ പായസം വയ്ക്കും.. " ഞാൻ പോയി വിറക് കൊണ്ട് വരട്ടെ.. നീ ഇവിടിരിക്ക് " നങ്ങേലി മുക്കോലനോട് പറഞ്ഞിട്ട് വിറക് തേടിപ്പോയി.

അധികം താമസിയാതെ തന്നെ നങ്ങേലി വിറകുമായെത്തി. അപ്പോൾ കണ്ട കാഴ്ച്ച... !!



കഥ കേൾക്കാം

മുക്കോലൻ അടുപ്പത്തിരുന്ന പായസം മുഴുവൻ കുടിച്ചു കഴിയാറായിരിക്കുന്നു.. നങ്ങേലി ചെമ്പോത്തിന് ഭയങ്കര ദേഷ്യം വന്നു.. "ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ പായസം മുഴുവൻ നീ ഒറ്റക്ക് കുടിച്ചോ. " നങ്ങേലി മുക്കോലനോട് ദേഷ്യപ്പെട്ടു. എന്നിട്ട് കലത്തിൽ ബാക്കിയിരുന്ന ചൂട് പായസം എടുത്ത് മുക്കോലന്റെ പുറത്തേക്ക് ഒഴിച്ചു. പായസം ശരീരത്തിൽ വീണ മുക്കോലന്റെ ദേഹം മുഴുവൻ പൊള്ളി. മുക്കോലൻ നിലവിളിച്ചുകൊണ്ട് കുളത്തിലേക്ക് ഓടിപ്പോയി.

അന്ന് മുതലാണത്രെ നീർക്കോലികളുടെ പുറത്ത് വരയും കുറിയും പോലുള്ള പാടുകൾ ഉണ്ടായത്.

ദേഷ്യം അടങ്ങാത്ത നങ്ങേലി ചെമ്പോത്ത് അന്നുമുതൽ കാണുന്ന നീർക്കോലികളെയെല്ലാം പിടിച്ചു തിന്നാൻ തുടങ്ങി.

(അവസാനിച്ചു)