മനം ഉരുകി നൈഗയുടെ പാട്ട്; കരയിക്കും കരുതലിന്റെ ഇൗണം; വിഡിയോ

മിഴി നിറഞ്ഞു, മനം ഉരുകി എന്ന കുഞ്ഞു നൈഗയുടെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ട് കുറച്ചു ദിവസങ്ങളായി. കെ എസ് ചിത്രയുടെ ഈ ഹിറ്റ് ഗാനം ആറു വയസുകാരി നൈഗ പാടുന്നത് കേട്ടാൽ എല്ലാവരുടേയും കണ്ണും മനസും ഒരുപോലെ നിറയും. തന്റെ കുഞ്ഞുജത്തിക്കുവേണ്ടിയാണ് ഇവൾ മനമുരുകി പാടുന്നത്. അക്കഥ ഇങ്ങനെ.

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ കടുമേനി സ്വദേശികളായ സനു സിദ്ധാര്‍ത്ഥ് - ഷോഗ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് നൈഗയും വൈഗയും. കുട്ടികൾ ജനിച്ച് ഒന്നരവർഷമായപ്പോഴേക്കും ഇവർ ന്യൂസിലന്റിലേക്ക് താമസം മാറി. ഇരട്ടക്കുട്ടികൾ അങ്ങനെ വളർന്നു. എന്നാൽ സന്തോഷത്തിന്റെ നാളുകളിൽ വൈഗയ്ക്ക് പനിപിടിച്ചു. അത് പിന്നീട് ന്യൂമോണിയയായി മാറി.

ന്യൂമോണിയ തലച്ചോറിനെ ബാധിച്ചതോടെ തളര്‍ന്നുപോയി കുഞ്ഞു വൈഗ. കുഞ്ഞിന്റെ ഒരു ഭാഗം തളർന്നു. വൈഗ മോളുടെ ബ്രെയിൻ സെല്ലുകൾ മരിച്ചു തുടങ്ങി ഇനി പ്രതീക്ഷ വേണ്ടാന്നു വരെ ഡോക്ടർമാർ വിധിയെഴുതി. ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് യാതൊരു ഉറപ്പും ഇല്ലെന്നു ഡോക്ടര്‍മാര്‍ മൂന്ന് തവണ പറഞ്ഞു. രണ്ടാഴ്ചയിലേറെക്കാലം വൈഗ വെന്റിലേറ്ററില്‍ കിടന്നു.

നമുക്ക് അറിയാം ബ്രെയിൻ ഡെത്ത് എന്നുപറഞ്ഞാൽ ഇനി ഒരു പ്രതീക്ഷയും വേണ്ടാന്ന്. പക്ഷെ, ദൈവത്തിന്റെ ശക്തമായ കരങ്ങൾ ഞങ്ങളുടെ വൈഗ മോളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ഓപ്പൺ സ്കൾ സർജറിയിലൂടെ വൈഗയുടെ ജീവൻ തിരിച്ചു ലഭിച്ചു. വൈഗ മോളുടെ സർജറിയിൽ അവളുടെ മുടി മുറിച്ചപ്പോൾ തന്റെ മുടിയും മുറിച്ചു ക്യാൻസർ രോഗികൾക്കായി നൽകി കുഞ്ഞു നൈഗ. പിന്നീട് കുഞ്ഞു വൈഗയെ പഴയ ഓർമകളിലേക്ക് തിരിച്ചു കൊണ്ടുവരാൻ അവളുടെ ഒപ്പം ഉണ്ടായിരുന്നു. വെറും ആറര വയസ്സിൽ തന്റെ കൂടപ്പിറപ്പിനുവേണ്ടി പ്രാർത്ഥനയോടെ എന്നും ഒപ്പമുണ്ടായിരുന്നു നൈഗ മോൾ.

എത്രയെത്ര മാസങ്ങൾ ഹോസ്പിറ്റലും റീഹാബിലിറ്റേഷൻ സെന്ററിലും ആയി അവർ കഴിച്ചുക്കൂട്ടി. അദ്‌ഭുതശിശു എന്നാണ് ഡോക്ടർമാർ വൈഗ മോളെ വിളിക്കുന്നത്. ആ കുഞ്ഞുശരീരം ഏറ്റുവാങ്ങിയ വേദനകളും ഈ സമയങ്ങളിൽ കുടുംബം അനുഭവിച്ച വേദനയും വലുതാണ്. ദൈവാനുഗ്രഹത്താൽ കുഞ്ഞു വൈഗ സുഖമായി വരുന്നു. അവരുടെ ജീവിതത്തിൽ ഉണ്ടായ ഈ വലിയ അനുഭവങ്ങളിലെ കുറച്ചു ഭാഗങ്ങളും ’മിഴി നിറഞ്ഞു മനം മുറിഞ്ഞു...’ എന്ന ചിത്ര ചേച്ചി ആലപിച്ച ഗാനവും ഉൾപ്പെടുത്തി വിഡിയോ ആൽബം ചെയ്തിരുന്നു. നൈഗമോളാണ് അനുജത്തിക്കുവേണ്ടി മനമുരുകി പാടിയിരിക്കുന്നത്. വിഡിയോ കാണാം