കുട്ടികൾ അറിയാതെ പോകരുത് ഈ ഓണക്കഥകൾ, Onam, Stories,  Manorama Online

കുട്ടികൾ അറിയാതെ പോകരുത് ഈ ഓണക്കഥകൾ

ലക്ഷ്മി

പറഞ്ഞു പറഞ്ഞു ഓണമിങ്ങെത്താറായി. ലോകം നാഗരികാവതകരണത്തിലേക്ക് കടന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ എന്താണ് ഓണമെന്നും ഓണത്തിന്റെ മഹിമയെന്താണ് എന്നുമൊക്കെ അറിയുന്നവർ വിരളം. അടുത്തിടെ മാതാപിതാക്കളായവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. എന്താണ് ഓണമെന്നും ആഘോഷത്തിന്റെ പ്രസക്തിയെന്തെന്നുമൊക്കെ കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കാനുള്ള അറിവോ പ്രാപ്തിയോ അവർക്കില്ല. ഫലമോ, ഓണമെന്നാൽ സദ്യയും സ്‌കൂൾ അവധിയും മാത്രമാണെന്ന ചിന്തയിലേക്ക് കുട്ടിക്കൂട്ടം വരുന്നു. എന്നാൽ നാം യഥാർത്ഥ മലയാളികളാണെങ്കിൽ ഓണത്തെ അടുത്തറിയുക തന്നെ വേണം. ഓണത്തിന്റെ മഹത്വമെന്താണെന്ന് കുട്ടിക്കൂട്ടത്തിന് പറഞ്ഞുകൊടുത്തുകൊണ്ട് തുടങ്ങാം...

എന്താണ് ഓണം ? ആരാണ് മാവേലി ?
ഓണം എത്തുന്നതിനു പത്ത് നാൾ മുൻപ് ഓണാഘോഷം തുടങ്ങും. അത്തത്തിനു പൂവിടുന്നു മുതൽ തുടങ്ങുന്ന ഓണാഘോഷത്തിന്റെ ചടങ്ങുകളോടെ കാര്യങ്ങൾ വ്യക്തമാക്കാം. അസുരൻ ചക്രവർത്തിയായിരുന്ന മഹാബലിയുടെ ഓർമ്മക്കായാണ് ഓണം ആഘോഷിക്കുന്നതെന്നും. മഹാബലി എന്ന പേര് ലോപിച്ച് മാവേലിയായതാണെന്നും പറയാം. വാമനനാൽ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി നാട് കാണാൻ വരുന്ന ദിവസമാണ് ഓണം എന്ന് കുട്ടിപ്പട്ടാളത്തിന് പറഞ്ഞു മനസിലാക്കാം.

ഓണപ്പാട്ട്
ഓണം വരുമ്പോൾ ഓണപ്പാട്ടും കളികളും ഉണ്ടാകും. കൂട്ടത്തിൽ പുലികളിയാണ് ഏറെ ശ്രദ്ധേയം.സമൃദ്ധിയുടെ ആഘോഷമായ ഓണക്കാലത്ത് ആളുകൾ വിനോദത്തിന്റെ ഭാഗമായി ചെയ്യുന്നതാണ് ഓണക്കളികൾ. ഇതിൽ ഓണപ്പാട്ടിന് ശ്രദ്ധേയമായ ഒരു സ്ഥാനമുണ്ട്. ''മാവേലി നാട് വാണീടും കാലം' എന്ന് തുടങ്ങുന്ന ഓണപ്പാട്ട് ഈ സമയത്ത് കുഞ്ഞുങ്ങളെ പഠിപ്പിക്കാം

ഉള്ളവൻ ഇല്ലാത്തവന് നൽകുന്നു
ഓണമെന്നാൽ നന്മയുടെ ആഘോഷമാണ്. ദാനധർമ്മിഷ്ഠനായ മഹാബലി തന്റെ മുന്നിൽ വന്നു യാചിച്ച വാമനന് തന്റെ സർവസ്വവും നൽകി. അതിന്റെ ഓർമ്മപുതുക്കൽ എന്നവണ്ണം സമൂഹത്തിലെ ഇല്ലായ്മയിൽ കഴിയുന്ന ആളുകൾക്ക് ഉള്ളതിന്റെ ഒരു പാതി നൽകാൻ മടിക്കരുത്. ഈ തത്വം കുഞ്ഞുങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിയണം

പുത്തനുടുപ്പും സദ്യയും
പുത്തനുടുപ്പും സദ്യയും സമൃദ്ധിയുടെ ഭാഗമാണെന്നും. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിലൂടെ ഒരുമ എന്ന സങ്കൽപമാണ് യാഥാർത്ഥ്യമാക്കുന്നതെന്നും കുഞ്ഞുങ്ങളെപ്പറഞ്ഞു മനസിലാക്കുക. ഇത്തരത്തിൽ കേവലം ഒരാഘോഷം എന്നതിനപ്പുറം നന്മയുടെ ആഘോഷമായി ഓണത്തെ അറിയാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക.