ആദ്യത്തെ പല്ലു വന്നാൽ 'പല്ലട' ചടങ്ങ്; വൈറലായി കുഞ്ഞാവയുടെ വിഡിയോ
ഇരുപത്തെട്ട്, പേരിടൽ, ചോറൂണ്, കാതുകുത്ത് എന്നിങ്ങനെ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് ചടങ്ങുകളേറെയുണ്ട് കേരളത്തിൽ. ഒരോ പ്രദേശത്തും വ്യത്യസ്ത പേരുകളിലാകും ഇവയൊക്കെ അറിയപ്പെടുന്നത്. ഇപ്പോഴിതാ കുഞ്ഞിന് ആദ്യത്തെ പല്ല് വരുമ്പോൾ നടത്തുന്ന 'പല്ലട' എന്ന വ്യത്യസ്തമായൊരു ചടങ്ങിന്റെ വിഡിയോ വൈറലാകുകയാണ്. കേരളത്തിലെ വടക്കൻ ജില്ലകളായ മലപ്പുറം കോഴിക്കോട് എന്നിവടങ്ങളിലാണ് ഈ ഒരു ചടങ്ങ് കണ്ടുവരുന്നത്. വൈശാഖ് ചെങ്ങോട്ട് എന്ന യുവാവാണ് ആ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
കുഞ്ഞിന് മുൻപിൽ പുസ്തകം, പേന, പൈസ, സ്വർണം, കളിപ്പാട്ടം പിന്നെ പല്ലട എന്ന പലഹാരവും നിരത്തി വയ്ക്കും. എന്നിട്ട് കുഞ്ഞിനോട് മൂന്ന് തവണയായി ഓരോന്ന് എടുക്കാൻ പറയും. കുഞ്ഞെടുക്കുന്ന വസ്തു വച്ച് അവരുടെ അഭിരുചികൾ മനസിലാക്കാം എന്നതാണ് ഈ ചടങ്ങിനു പിന്നിലെ വിശ്വാസം.
വൈശാഖ് ചെങ്ങോട്ടിന്റെ പോസ്റ്റ് വായിക്കാം
2020 ലെ ആദ്യത്തെ പരിപാടി ആയി മോളുടെ “പല്ലട” ചടങ്ങു അങ്ങ് നടത്തി ❤️
ഈ സംഭവം എന്താണെന്നു അറിയാത്ത ആളുകൾക്ക് വേണ്ടി ആണ് താഴെ എഴുതുന്നത് .
കേരളത്തിലെ മലബാറിലെ (പ്രത്യേകിച്ചു മലപ്പുറം കോഴിക്കോട് ജില്ലകളിലെ ) കുട്ടിക്ക് ആദ്യത്തെ പല്ലു വന്നതിന് ശേഷം നടത്തുന്ന ഒരു ചടങ്ങു ആണ് ഇത് .
പുസ്തകം , പേന , കാശ് , സ്വർണം , കളിപ്പാട്ടം പിന്നെ പല്ലട എന്ന ഒരു പലഹാരവും ( ആൺ കുട്ടികൾ ആണേൽ കത്തിയും വയ്ക്കാറുണ്ട് ) എന്നിവ വിളക്കൊക്കെ കത്തിച്ചു അടുത്തടുത്തു വച്ച് മോളെ അതിൽ ഏതെങ്കിലും എടുക്കാൻ പറയും .
കുട്ടികളുടെ അഭിരുചികൾ ഏതിലൊക്കെ ആണെന്ന് അറിയാനുള്ള ഒരു ഉപാധി എന്ന് കൂടി പറയാം . 3 തവണ കുട്ടിയോട് ഓരോ സാധനങ്ങൾ എടുക്കാൻ പറയും
Summary : Pallada function of a kid viral video
വിഡിയോ കാണാം