പാട്ടിയമ്മയെ ചുറ്റിയ പാമ്പിനെ ഒാടിച്ച ലഡ്ഡു !, Pattiyammayum laddoouvum, Story, Children's literature, Manorama Online

പാട്ടിയമ്മയെ ചുറ്റിയ പാമ്പിനെ ഒാടിച്ച ലഡ്ഡു !

കഥ അയച്ചു തന്നത് – ശിവാനി ശേഖർ

ദൂരെ ദൂരെ ഒരു നാട്ടിൽ മയൂരദേശം എന്നൊരു ഗ്രാമമുണ്ടായിരുന്നു. മയിലുകൾ ധാരാളമായി വസിച്ചിരുന്നതിനാലാണ് ആ ഗ്രാമത്തിന് മയൂരദേശം എന്ന പേര് വന്നത്. ആ ഗ്രാമത്തിന്റെ കിഴക്കേയറ്റത്ത് കണിക്കൊന്നകൾ പൂത്തുനില്ക്കുന്ന ഒരു വീടുണ്ട്. ആ വീട്ടിലാണ് പാട്ടിയമ്മ താമസിക്കുന്നത്. കാതിലൊരു കല്ലുകമ്മലും കഴുത്തിലൊരു കുഞ്ഞിമാലയും മൂക്കിൽ ഇത്തിരിപ്പോന്ന ഒരു മുക്കുത്തിയുമിട്ട പാട്ടിയമ്മ ഒരു സുന്ദരിയമ്മൂമ്മയാണ് കേട്ടോ! .മക്കളെല്ലാം ജോലിതേടി ദൂരേയ്ക്കു പോയപ്പോൾ തനിച്ചായ പാട്ടിയമ്മയ്ക്ക് കൂട്ടിന് ഒരു തടിമിടുക്കൻ നായയുണ്ട്. വെളുത്ത പതുപതത്ത രോമങ്ങളുള്ള എന്നാൽ കാഴ്ചയിൽ ഭയം തോന്നുന്ന ലഡ്ഡുവിനെ പാട്ടിയമ്മയ്ക്ക് ജീവനാണ്. നമ്മുടെ സുന്ദരിയമ്മൂമ്മയ്ക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ളതെന്താണെന്നും ചോദിച്ചാൽ ലഡ്ഡു എന്ന മധുരപലഹാരമാണെന്ന് പറയും. നാവിൽ കൊതിയൂറുന്ന ആ മധുരത്തിനോടുള്ള ഇഷ്ടം അത്രതന്നെ തന്റെ നായയോടുമുള്ളതിനാലാണ് അവനും ലഡ്ഡു എന്നു പേരിട്ടത്! ഇപ്പോ മനസ്സിലായില്ലേ പാട്ടിയമ്മയ്ക്ക് ലഡ്ഡുവിനോടുള്ള ഇഷ്ടം!.

എന്തുണ്ടാക്കിയാലും അവനു കൊടുത്തിട്ടേ പാട്ടിയമ്മ കഴിച്ചിരുന്നുള്ളൂ. മാംസാഹാരം കഴിക്കാത്ത പാട്ടിയമ്മ ലഡ്ഡുവിനു വേണ്ടി പ്രത്യേകം ഇറച്ചി വാങ്ങി പാകം ചെയ്തു കൊടുക്കുമായിരുന്നു. പാട്ടിയമ്മ എവിടെപ്പോയാലും ലഡ്ഡുവും കൂടെയുണ്ടാവും കാലത്ത് അടുത്തുള്ള അമ്പലത്തിൽ പാട്ടിയമ്മ തൊഴാൻ പോകുമ്പോൾ ലഡ്ഡുവും കൂടെപ്പോകും. പാട്ടിയമ്മ തൊഴുതിറങ്ങി വരുന്നതുവരെ അമ്മൂമ്മയുടെ ചെരുപ്പിന് കാവലിരിക്കും. ലഡ്ഡുവിനോടുള്ള പേടി കാരണം കള്ളൻമാരൊന്നും ഏഴയലത്തു കൂടി വരില്ല!

പാട്ടിയമ്മയുടെ കുഞ്ഞു പൂന്തോട്ടത്തിന്റെ കാവൽക്കാരൻ കൂടിയാണ് ലഡ്ഡു. വിത്തുകളും പൂക്കളുടെ ഇതളുകളും കൊത്താനെത്തുന്ന മയിലുകളെ തുരത്തിയോടിക്കുകയാണ് പ്രധാന പണി. ആരോരും കൂടെയില്ലാത്ത പാട്ടിയമ്മയ്ക്ക് സ്വന്തം കുഞ്ഞിനോടുള്ള ഇഷ്ടമായിരുന്നു ലഡ്ഡുവിനോട്.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ഭക്ഷണമെല്ലാം കഴിഞ്ഞ് പാട്ടിയമ്മയും ലഡ്ഡുവും കിടക്കാനൊരുങ്ങി.പാട്ടിയമ്മയുടെ കട്ടിലിനു താഴെ പതുപതത്ത പഞ്ഞിമെത്തയിലാണ് ലഡ്ഡുവിന്റെ ഉറക്കം. പുറത്തു നല്ല മഴ പെയ്യുന്നതിനാൽ നല്ല തണുപ്പുമുണ്ടായിരുന്നു. ലഡ്ഡുവിന് തണുക്കാതിരിക്കാൻ കമ്പിളിയുടെ ഒരു ഭാഗം മുറിച്ച് അവന്റെ മുകളിലിട്ടിട്ടുണ്ടായിരുന്നു. മൂടിപ്പുതച്ച് സുഖം പിടിച്ചുറങ്ങതിനിടയിലാണ് അവൻ ആ ശബ്ദം കേട്ടത്!

"ശ്,ശ്,ശ്,ശ്ശ്.....

ഒന്നുകൂടി ചെവി വട്ടം പിടിച്ചു തല പൊക്കി നോക്കി. ശ്,ശശ്,ശശ്..വീണ്ടുമതേ ശബ്ദം. ചാടിയെഴുന്നേറ്റ് നോക്കുമ്പോഴതാ പാട്ടിയമ്മയുടെ കിടക്കയിൽ ഒരു പാമ്പ്!. അത് പതിയെ പാട്ടിയമ്മയുടെ മുകളിലേയ്ക്ക് ഇഴഞ്ഞു കയറുകയാണ്. പാവം പാട്ടിയമ്മ! ഇതൊന്നുമറിയാതെ ഉറക്കത്തിലാണവർ. പാട്ടിയമ്മ അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാൽ കടി ഉറപ്പാണ്. നമ്മുടെ ലഡ്ഡു എന്തു ചെയ്തെന്നോ? വേഗം പോയി അതിന്റെ വാലിൽ കടിച്ചു വലിച്ചു. പാമ്പ് കട്ടിലിൽ നിന്നും ഊർന്നു താഴേക്കു വീണു. വീഴ്ചയിൽ പേടിച്ചുപോയ പാമ്പ് ലഡ്ഡുവിന്റെ ശരീരത്തിൽ ചുറ്റിക്കയറി. അപ്പോഴേയ്ക്കും പാട്ടിയമ്മ ഉണർന്നു ലൈറ്റിട്ടു. ലഡ്ഡുവിനെ ചുറ്റിയിരിക്കുന്ന പാമ്പിനെ കണ്ടു പാട്ടിയമ്മ പേടിച്ചു പോയി. വേഗം പോയി വാതിൽ തുറന്ന് ഒരു വടിയെടുത്തു കൊണ്ടു വന്നു പാമ്പിനെ പൊതിരെ തല്ലി. ലഡ്ഡുവിനെ ചുറ്റിവരഞ്ഞ പാമ്പ് കെട്ടഴിച്ച് വാതിലിലൂടെ ഇരുട്ടിലേയ്ക്ക് ഇഴഞ്ഞുപോയി. തന്റെ ജീവൻ രക്ഷിച്ച ലഡ്ഡുവിനെ പാട്ടിയമ്മ കെട്ടിപ്പിടിച്ചു. പിന്നീടേറെക്കാലം പാട്ടിയമ്മയും ലഡ്ഡുവും സുഖമായി കഴിഞ്ഞു.