ലോക്ഡൗണിൽ വായനയെ പ്രോത്സാഹിപ്പിച്ച് ഫോറൻസിക്കിലെ ബാലതാരങ്ങൾ
ലക്ഷ്മി നാരായണൻ
ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് കൊറോണ വ്യാപനത്തെത്തുടർന്ന് ലോക്ഡൗണിലാണ്. കേരളത്തിലാണെങ്കിൽ കൊറോണ ഭീതിയെ തുടർന്ന് സ്‌കൂളുകൾ നേരത്തെ അടയ്ക്കുക കൂടി ചെയ്തതോടെ മൂന്നു മാസത്തോളം നീണ്ടു നിൽക്കുന്ന വെക്കേഷനാണ് കുട്ടികൾക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ പതിവ് വെക്കേഷനുകൾ പോലെ പുറത്തു പോകലും അമ്മവീട്ടിലും അച്ഛൻ വീട്ടിലും പോയി നിൽക്കലും കരാട്ടെ ക്ലാസുകളും ഒന്നും ഇപ്പോൾ നടക്കില്ല. വീട്ടിൽ ഇരുന്നു ബോറടിച്ചു എന്നു പറയുന്ന കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ബാലതാരങ്ങളായ അരുണംശു ദേവ്, തമ്മന്ന പ്രമോദ്, റെയ ഫാത്തിമ എന്നിവർ.
ഫോറൻസിക്ക് എന്ന സിനിമയിലൂടെ പ്രശസ്തരായ ബാലതാരങ്ങളാണ് അരുണംശു ദേവ്, തമ്മന്ന പ്രമോദ് എന്നിവർ. സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെട്ട വിഡിയോയിലൂടെ ക്വാറന്റീൻ ദിനങ്ങൾ എങ്ങനെ വായന വളർത്തുന്നതിനായി ഫലപ്രദമായി വിനിയോഗിക്കാം എന്നാണ് ഈ ബാലതാരങ്ങൾ പറയുന്നത്. തങ്ങൾ നിലവിൽ വായിച്ചുകൊണ്ടിരുന്ന പുസ്തകം കുട്ടികൾക്കായി താരങ്ങൾ പരിചയപ്പെടുത്തുന്നുമുണ്ട്.
ക്വാറന്റീൻ കാലത്ത് അരുണംശു ദേവ് വായിക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി എന്ന നോവലാണ്. ഏറെ സാമൂഹിക പ്രസക്തിയുള്ള നോവലാണ് ഇതെന്നും മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം ഒരു പോലെ വായിച്ച് ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ബാല്യകാല സഖിയെന്നും അരുണംശു ദേവ് പറയുന്നു. 'ഒന്നും ഒന്നും ഇമ്മിണി വല്യ ഒന്ന്' എന്ന പ്രയോഗം ഈ പുസ്തകത്തിൽ നിന്നും വന്നതാണെന്നും അരുണംശു ദേവ് കൂട്ടിച്ചേർക്കുന്നു.
ഫോറൻസിക്കിൽ ഇരട്ടവേഷത്തിൽ തിളങ്ങിയ തമന്ന പ്രമോദ് വായിക്കുന്നത് ആർജെ പലഷിയോയുടെ വണ്ടർ എന്ന പുസ്തകമാണ്. ''ഞാനും സെൽഫ് ക്വാറന്റീനിൽ ആകെ ബോറടിച്ച് ഇരിക്കുകയാണ്. ബോറടി മാറ്റാൻ ഞാൻ കുറെ കളക്ഷൻ ഓഫ് ബുക്ക്സ് വായിക്കുകയാണ്. അതിൽ ഇപ്പോൾ വായിക്കുന്ന ഒന്നാണ് ആർജെ പലഷിയോയുടെ വണ്ടർ. ഈ പുസ്തകത്തിൽ ആഗസ്റ്റ് എന്ന് പേരുള്ള ഒരു കുട്ടിയുടെ ജെനറ്റിക്കലി ഉള്ള ഫേഷ്യൽ ഡിസോഡറിനെ പറ്റിയാണ് സംസാരിക്കുന്നത്.സ്‌കൂളിൽ ഈ കുട്ടി എങ്ങനെ സ്ട്രഗിൾ ചെയ്യും എന്നതാണ് വിഷയം. നമുക്ക് നല്ല സ്ട്രോങ്ങ് മൈൻഡ് നൽകാൻ ഇത് സഹായിക്കും'' തമന്ന പ്രമോദ് പറയുന്നു.
മറു പിറന്തനാൽ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ റെയ ഫാത്തിമ വായിക്കുന്നത് ആർകെ നാരായണന്റെ മാൽഗുഡി ഡെയ്‌സ് എന്ന പുസ്തകമാണ്. മാൽഗുഡി എന്ന സാങ്കൽപ്പിക പ്രദേശത്ത് നടക്കുന്ന 32 കഥകളുടെ സമാഹാരമാണ് മാൽഗുഡി ഡേയ്‌സ്. ധാരാളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ പുസ്തകം നർമത്തിൽ ചാലിച്ചാണ് എഴുതിയിരിക്കുന്നതെന്ന് റെയ പറയുന്നു.
കുട്ടികളെ വായനയുടെ ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുവരാണ് ഇത്തരം ഒരു ക്യാംപെയിൻ സഹായകമാകും എന്നാണ് പ്രതീക്ഷ. ബാലതാരങ്ങൾ പങ്കുവച്ച വിഡിയോകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ധാരാളം കുട്ടികളും അവർ വായിക്കുന്ന പുസ്തകത്തെ സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തുന്നുണ്ട്.
വിഡിയോ കാണാം